ഇനിയുള്ള സ്വപ്നം വീട്
കൊല്ലം: ചെറുപ്രായത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട ദീപക് ലാലുവിനും കിരൺ ലാലുവിനും സ്വന്തമായി ഭൂമി ലഭിച്ചു. കൊല്ലം എസ്.എൻ കോളേജിൽ നടന്ന മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്താണ് ഇവർക്ക് തുണയായത്.
പരവൂർ മുനിസിപ്പാലിറ്റിയിൽ മൂന്ന് സെന്റ് സ്ഥലം അനുവദിച്ചതിന്റെ പട്ടയം അദാലത്തിൽ മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിഅമ്മ, കെ. രാജു, കടകംപള്ളി സുരേന്ദ്രൻ എന്നിവർ ചേർന്ന് കൈമാറി. പരവൂർ വില്ലേജിൽ പോളച്ചിറ ചെമ്മങ്കുളം സ്വദേശികളായ ദീപക്കിന് ഏഴ് വയസും കിരണിന് രണ്ട് വയസും ഉള്ളപ്പോഴാണ് ട്രെയിനപകടത്തിൽ അച്ഛൻ മരിച്ചത്.
പിന്നീട് വാഹനാപകടത്തിൽ അമ്മയെയും ഇവർക്ക് നഷ്ടമായി. അച്ഛൻ വെൽഡിംഗ് തൊഴിലാളിയും അമ്മ സ്വകാര്യ ഡ്രൈവിംഗ് സ്ഥാപനത്തിലെ ജീവനക്കാരിയുമായിരുന്നു. അച്ഛന്റെയും അമ്മയുടെയും വേർപാടിനെ തുടർന്ന് വാടക വീട്ടിൽ കഴിഞ്ഞിരുന്ന ഇവരുടെ സംരക്ഷണം പിന്നീട് അമ്മൂമ്മ ഏറ്റെടുത്തു.
മുഖ്യമന്ത്രിയുടെ സുതാര്യകേരളത്തിൽ നൽകിയ അപേക്ഷയെ തുടർന്നാണ് പട്ടയം ലഭ്യമായത്.
സ്വന്തമായി മൂന്ന് സെന്റ് ഭൂമി ലഭിച്ച ദീപക്കിനും കിരണിനും അതിലൊരു വീട് എന്നതാണ് ഇനിയുള്ള സ്വപ്നം. കിരൺ ലാൽ ഇപ്പോൾ പ്ലസ്ടുവിന് പഠിക്കുകയാണ്.