kollam-thodu
കൊല്ലം തോട് നവീകരണത്തിന്റെ ഭാഗമായി ഇരുകരകളിലെയും മണൽ ഹിറ്റാച്ചി ഉപയോഗിച്ച് മാറ്റുന്നു

കൊല്ലം: കൊല്ലം തോട് നവീകരണം വേഗത്തിലാക്കാൻ 'ആക്ഷൻ പ്ലാനു'മായി ഉൾനാടൻ ജലഗതാഗത വകുപ്പ്. 15നകം ഗതാഗത സൗകര്യമൊരുക്കി ട്രയൽ റൺ നടത്തുകയാണ് ലക്ഷ്യം. ഇതിന് മുന്നോടിയായി നിർമ്മാണം നടക്കുന്ന രണ്ടും മൂന്നും റീച്ചുകൾക്ക് പുറമേ ബാക്കി മൂന്നിടങ്ങളിലും പോളയും പായലും നീക്കിത്തുടങ്ങി.

പരവൂർ കായലുമായി ചേരുന്ന ഭാഗത്ത് കനത്ത മഴയിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യലും ആരംഭിച്ചു. പതിനൊന്ന് വർഷം മുൻപ് നവീകരണം പൂർത്തിയായ ആറാം റീച്ചിലെ പോളയും മാലിന്യങ്ങളും അടുത്തിടെ നീക്കം ചെയ്തിരുന്നു. ശേഷിക്കുന്ന സ്ഥലങ്ങളിലെ പാർശ്വഭിത്തി നിർമ്മാണം ഘട്ടംഘട്ടമായി പൂർത്തിയാക്കും.

രണ്ട് ദിവസത്തിനകം ഡ്രഡ്ജിംഗ് പൂർത്തിയായ സ്ഥലങ്ങളിൽ സ്പീഡ് ബോട്ടിൽ ആഴ പരിശോധന നടക്കും. ട്രയൽ റണ്ണിനായി കേരള വാട്ടർവെയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ (ക്വിൽ) സോളാർ ബോട്ട് അടുത്ത ആഴ്ച അവസാനത്തോടെ കൊല്ലത്ത് എത്തിച്ചേക്കും.

 ആദ്യഘട്ടം ടൂറിസ്റ്റ് ബോട്ട് സർവീസ്

ട്രയൽ റണ്ണിന് പിന്നാലെ ടൂറിസ്റ്റ് ബോട്ട് സർവീസ് ആരംഭിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. അഷ്ടമുടി കായൽ മുതൽ പരവൂർ കായൽ വരെയാകും സർവീസ്. പരവൂരിലെ ചില റിസോർട്ടുകൾ ബോട്ട് സർവീസ് ആരംഭിക്കാൻ ഉൾനാടൻ ജലഗതാഗത വകുപ്പിനെ സമീപിച്ചിട്ടുണ്ട്. ക്വില്ലിന്റെ നേതൃത്വത്തിൽ ബോട്ട് സർവീസിനും ആലോചനയുണ്ട്.

 കൊല്ലം- കോവളം ജലപാത

നീളം: 74 കിലോ മീറ്റർ

1. നവീകരണം പൂർത്തിയായാലുടൻ യാത്രാബോട്ട്

2. ക്വില്ലിന്റെ നേതൃത്വത്തിലാണ് സർവീസ്

3. സ്പീഡ് ബോട്ടിൽ ഒന്നര മണിക്കൂർ കൊണ്ട് പിന്നിടാം

4. കൊല്ലത്ത് നിന്ന് ശിവഗിരിയിലെത്താൻ 15 മിനിറ്റ്

5. ശിവഗിരിയിലേക്കുള്ള ദുരം 18.5 കിലോമീറ്റർ

''

ഇന്നലെ കൊല്ലം തോട് നവീകരണവുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേർന്നിരുന്നു. ധ്രുതഗതിയിൽ പ്രവൃത്തികൾ നടക്കുകയാണ്. എത്രയും വേഗം പൂർത്തീകരിക്കുകയാണ് ലക്ഷ്യം. എം. മുകേഷ് എം.എൽ.എ