budget

 കേന്ദ്ര ബഡ്ജറ്റിൽ കൊല്ലം - മധുര അതിവേഗ ഇടനാഴി

കൊല്ലം: കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിച്ച കൊല്ലം - പുനലൂർ - ചെങ്കോട്ട വഴി 150 കിലോമീറ്റർ നീളമുള്ള കൊല്ലം - മധുര അതിവേഗ ഇടനാഴി കൊല്ലത്തിന് ഏറെ പ്രതീക്ഷ നൽകുന്നു. സാമ്പത്തിക ഇടനാഴി പദ്ധതിയിലാണ് അടുത്ത വർഷം നിർമ്മാണം ആരംഭിക്കുന്ന ഇടനാഴിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതി തമിഴ്നാട്ടിലേതാണെങ്കിലും അത് കൊല്ലത്തെത്തുന്നത് സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. കൊല്ലം - മധുര സാമ്പത്തിക ഇടനാഴിയെന്നാണ് ഇത് അറിയപ്പെടുക. രണ്ടര മണിക്കൂർ മുതൽ മൂന്നുമണിക്കൂർ വരെ സഞ്ചരിച്ചാൽ ലക്ഷ്യസ്ഥാനത്തെത്താം. നിലവിൽ ദേശീയ പാത 744 റോഡുമാർഗം കൊല്ലത്തുനിന്ന് മധുരയിലെത്താൻ 255 കിലോമീറ്ററുണ്ട്. ചെങ്കോട്ട വഴി തീവണ്ടിയിൽ മധുരയിലെത്താൻ 267 കിലോമീറ്ററാണുള്ളത്. അതിവേഗ സാമ്പത്തിക ഇടനാഴി വന്നാൽ ഇത് 150 കിലോമീറ്ററായി ചുരുങ്ങും. കടമ്പാട്ടുകോണം, ചടയമംഗലം, പത്തടി, തെന്മല, ആര്യങ്കാവ് വഴി ചെങ്കോട്ട വരെയുള്ള 42 കിലോമീറ്റർ ദൂരം പദ്ധതിയിൽ ഉൾപ്പെടും. 36 മീറ്ററിൽ റോഡ് നാലുവരിപ്പാതയായി വികസിപ്പിക്കും. റോഡിന്റെ അലൈൻമെന്റ് ദേശീയപാതാ അതോറിറ്റി അംഗീകരിച്ചിട്ടുണ്ട്. ജനവാസകേന്ദ്രങ്ങളെ പരമാവധി ഒഴിവാക്കി ഗ്രീൻഫീൽഡിലൂടെയാണ് പരമാവധി റോഡും നിർമ്മിക്കാൻ അലൈൻമെന്റ് തയ്യാറാക്കിയിരിക്കുന്നത്.

 മത്സ്യബന്ധന തുറമുഖങ്ങൾക്ക് നേട്ടം

ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള ഉൾനാടൻ മറൈൻ മത്സ്യബന്ധന തുറമുഖങ്ങളെ അത്യന്താധുനികമാക്കുന്ന പദ്ധതി കൊല്ലത്തിന് നേട്ടമാകുമെന്നാണ് വിദഗ്ദ്ധരുടെ പക്ഷം. മത്സ്യമേഖലയുമായി ബന്ധപ്പെടുത്തി കൊച്ചിയെ ഇക്കണോമിക് ആക്ടിവിറ്റി ഹബ്ബായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഗുണം സംസ്ഥാനത്തെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖം സ്ഥിതി ചെയ്യുന്ന കൊല്ലത്തിനും കിട്ടുമെന്നാണ് പ്രതീക്ഷ.

പ്രതീക്ഷിക്കുന്ന ഗുണങ്ങൾ


1. ചരക്കുനീക്കം വേഗത്തിലാവും
2. പച്ചക്കറി,​ പലവ്യഞ്ജനം തുടങ്ങിയവയുടെ കടത്തുകൂലി കുറയും
2. ഇടനാഴിവഴി കൊല്ലത്തേക്ക് കൊണ്ടുവരുന്ന സാധനങ്ങളുടെ വില കുറയും
3. തമിഴ്നാട്ടിൽ നിന്നുള്ള ഇറച്ചിക്കോഴി, മത്സ്യം, പാൽ എന്നിവ വിലക്കുറവിൽ ലഭ്യമാകും
4. കേരളത്തിൽ നിന്ന് ചക്ക പോലുള്ള ഉത്പന്നങ്ങൾ തമിഴ്നാട്ടിലേക്കെത്തിക്കാം
5. കേരളത്തിലേയ്ക്കുള്ള കന്നുകാലി കടത്തിനും ലാഭം പ്രതീക്ഷിക്കുന്നു
6. അതീവേഗ യാത്രയ്ക്ക് പ്രയോജനകരം
7. ശബരിമലയിലേയ്ക്കും ഗുരുവായൂർ അടക്കമുള്ള ക്ഷേത്രങ്ങളിലേയ്ക്കും കൂടുതൽ തീർത്ഥാടകരെത്തും
8. തീർത്ഥാടന - വിനോദ സഞ്ചാരത്തിന് വലിയ സാദ്ധ്യത
9. തമിഴ്നാട്ടിൽ നിന്ന് വരുന്ന നിത്യോപയോഗ സാധനങ്ങൾക്കും വില കുറയാം

 കൊല്ലം- മധുര ദൂരം

അതിവേഗപാത: 150 കിലോമീറ്റർ

റോഡ് മാർഗം: 255 കിലോ മീറ്റർ

ചെങ്കോട്ട വഴി തീവണ്ടി: 267 കിലോ മീറ്റർ