nss
എൻ.എസ്.എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ വാർഷിക പൊതുയോഗത്തിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി സംസാരിക്കുന്നു

ചാത്തന്നൂർ: എൻ.എസ്.എസ് ചാത്തന്നൂർ താലൂക്ക് യൂണിയന്റെ പതിനഞ്ചാമത് വാർഷിക പൊതുയോഗവും ബഡ്ജറ്റ് സമ്മേളനവും യൂണിയൻ ഹാളിൽ നടന്നു. പ്രസിഡന്റ് ഇൻ ചാർജ് ചാത്തന്നൂർ മുരളി അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ 1,10,28,685 രൂപ വരവും 1,10,27000 രൂപ ചെലവും 1,685 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് യൂണിയൻ സെക്രട്ടറി ടി. അരവിന്ദാക്ഷൻപിള്ള അവതരിപ്പിച്ചു.

യൂണിയൻ പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ചാത്തന്നൂർ മുരളിയെ യൂണിയൻ പ്രസിഡന്റായും കമ്മിറ്റി അംഗം പരവൂർ മോഹൻദാസിനെ വൈസ് പ്രസിഡന്റായും യോഗം ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. കമ്മിറ്റിയിൽ ഒഴിവുള്ള സ്ഥാനങ്ങൾ നികത്താൻ യോഗം തീരുമാനിച്ചു. 80 കരയോഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ പ്രതിനിധികൾ പങ്കെടുത്തു. എൻ.എസ്.എസ് ഇൻസ്‌പെക്ടർ എസ്. ശ്രീജിത്ത് നന്ദി പറഞ്ഞു.

 ബഡ്‌ജറ്റ് നിർദ്ദേശങ്ങൾ

ചാത്തന്നൂരിൽ ആരംഭിച്ച എൻ.എസ്.എസ് ആർട്‌സ് കോളേജിൽ അടുത്ത വർഷം മുതൽ ബിരുദത്തിന് കൂടുതൽ വിഷയങ്ങൾ ഉൾപ്പെടുത്തുന്നതിന് ആവശ്യമായ ഭൗതിക സൗകര്യമൊരുക്കും. പരവൂർ കേന്ദ്രീകരിച്ച് സ്വാശ്രയ മേഖലയിൽ ആർട്‌സ് ആൻഡ് സയൻസ് കോളേജ്, ചാത്തന്നൂർ കേന്ദ്രീകരിച്ച് പത്മ കഫേ, സ്വയംസഹായ സംഘങ്ങളുടെ സഹകരണത്തോടെ തൂശനില മിനി കഫേ മുതലായവ ആരംഭിക്കും. സ്വയംസഹായ സംഘങ്ങൾ വഴി കൂടുതൽ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കും. മുന്നാക്ക ക്ഷേമ കോർപ്പറേഷന്റെയും നബാർഡിന്റെയും പദ്ധതികളിൽ ഉൾപ്പെടുത്തി ധനലക്ഷ്മി ബാങ്ക് മുഖാന്തിരം സബ്‌സിഡിയോട് കൂടി സംരംഭകത്വ വായ്പകൾ ലഭ്യമാക്കും.