കൊല്ലം: ജന്മനാ ഇരുകാലുകളുമില്ലാത്ത ക്രിസ്റ്റഫറിന്റെ ചികിത്സാ സഹായത്തിനായുള്ള അപേക്ഷയിൽ മുഖ്യമന്ത്രിയുടെ സാന്ത്വന സ്പർശം പരിഹാര പരാതി അദാലത്തിൽ ഉടനടി പരിഹാരം. ക്രിസ്റ്രഫറിന്റെ ദുരിതം കേട്ട മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉടൻ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 25,000 രൂപയുടെ ധനസഹായം അനുവദിക്കുകയായിരുന്നു.
മൈലക്കാട് സ്വദേശിയായ ക്രിസ്റ്റഫറിന് കാലുകൾ ഇല്ലാത്തതിനാൽ ജോലിക്ക് പോകാൻ കഴിയില്ല. സഹോദരങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സഹായത്തോടെയാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്. എഴുപതുകാരനായ ക്രിസ്റ്രഫർ ചികിത്സാ ധനസഹായത്തിനായി ഇതിനോടകം മുട്ടാത്ത വാതിലുകളില്ല.
പ്രതീക്ഷകൾ നഷ്ടമായി ദുരിതജീവിതം തള്ളിനീക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ സ്നേഹ സ്പർശം അദാലത്തിനെക്കുറിച്ച് ക്രിസ്റ്രഫർ കേൾക്കുന്നത്. തുടർന്ന് തന്റെ ശാരീരിക അവശതകൾ പോലും വകവയ്ക്കാതെ കൊല്ലം എസ്.എൻ കോളേജിൽ നടന്ന അദാലത്തിൽ അപേക്ഷയുമായി എത്തുകയായിരുന്നു.