കൊല്ലം: കൃത്രിമ കാലുകളുടെ സഹായത്താൽ ജീവിതം മുന്നോട്ടു നയിക്കുന്ന കൊല്ലം കൂട്ടിക്കട സ്വദേശി ഷാനിന്റെ അടച്ചുറപ്പുള്ള സ്വന്തം വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. കൊല്ലം എസ്.എൻ കോളേജിൽ നടന്ന മുഖ്യമന്ത്രിയുടെ 'സാന്ത്വന സ്പർശം' പരാതി പരിഹാര അദാലത്തിലാണ് യുവാവിന്റെ ഏറെനാളായുള്ള ആഗ്രഹം പൂവണിഞ്ഞത്.
സ്വന്തമായി വീടും ജോലിയുമെന്ന അപേക്ഷകളുമായി എത്തിയ ഷാനിനെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടുത്ത് വിളിച്ചിരുത്തി വിവരങ്ങൾ തിരക്കി. ജോലി നൽകുന്നതിന് കടമ്പകളേറെയുണ്ടെന്നും എന്നാൽ സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നൽകാമെന്നും മന്ത്രി ഉറപ്പുനൽകി. ജോലിയുടെ കാര്യം അടുത്ത കാബിനറ്റിൽ ചർച്ചയ്ക്ക് വയ്ക്കാമെന്നും മന്ത്രി പറഞ്ഞു.
ആറ് വർഷങ്ങൾക്ക് മുൻപ് കൊല്ലത്ത് വച്ചുണ്ടായ ട്രെയിൻ അപകടത്തിലാണ് ഷാന്‍ ഇരുകാലുകളും നഷ്ടമായത്. ഷാന്‍ ലഭിക്കുന്ന വികലാംഗ പെൻഷനും ഉമ്മയ്ക്ക് ലഭിക്കുന്ന വാർദ്ധക്യ പെൻഷനും ഉപയോഗിച്ചാണ് രണ്ടുപേരടങ്ങുന്ന ഇവരുടെ കുടുംബം ജീവിതം തള്ളിനീക്കുന്നത്. 28 വയസുള്ള ഷാൻ ബി.ബി.എ ബിരുദധാരിയാണ്.