
'ഞങ്ങൾക്കും വേണം സർക്കാർ ക്ഷേത്രങ്ങളിലൊന്ന്' എന്നത് 'ദേശാഭിമാനി'യിൽ 1918 ൽ പ്രസിദ്ധീകരിച്ച സി.വി. കുഞ്ഞുരാമന്റെ ശക്തവും പ്രസിദ്ധവുമായ മുഖപ്രസംഗങ്ങളിലൊന്നാണ്. ഈഴവർക്ക് ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ട് പ്രജാസഭയിൽ അവതരിപ്പിക്കുന്ന പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ച് എഴുതിയതാണ് ഈ മുഖപ്രസംഗം.
അക്ഷരങ്ങളിൽ അവകാശബോധത്തിന്റെ അഗ്നി നിറച്ച സി.വി കുഞ്ഞുരാമൻ ഈ ലേഖനത്തിൽ ഇങ്ങനെ പറയുന്നു:
'നാനാഭാഗങ്ങളിൽ നിന്നും ന്യായമായ വഴിക്ക് നമ്മുടെ പ്രാർത്ഥനകൾ പുറപ്പെടണം. മൂന്ന് മൂർത്തികളും വൈഷ്ണവന്മാരും ശാക്തേയന്മാരും ഇതെന്തെന്ന് കണ്ണുതുറന്നു നോക്കണം. അവരും കൂടി നമ്മോടു ചേർന്നു പ്രാർത്ഥിക്കാൻ ഇടവരുത്തണം. എല്ലാവരും കൂടി ഒത്തുപിടിച്ചാൽ പാലാഴി ഇളകും. അമൃത് തെളിയും. ജരാനരകൾ ഒഴിഞ്ഞ് ശാപമോക്ഷവും ലഭിക്കും.'
അർഹമായ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ഇക്കാലത്ത് സി.വി. കുഞ്ഞുരാമൻ ഒരു നൂറ്റാണ്ടു മുൻപ് പറഞ്ഞതു പോലെ അവകാശങ്ങൾക്കു വേണ്ടി ഒരുമിച്ച് പൊരുതേണ്ട കാലമാണിത്. ഉറക്കം നടിക്കുന്ന അധികാരികളെ ഉണർത്തുന്ന ഇടിമുഴക്കങ്ങൾ സൃഷ്ടിക്കാൻ നമുക്കു കഴിയണം. അതിന് നാം സംഘടിച്ച് ഒറ്റക്കെട്ടായി നിൽക്കണം.
സി.വി. കുഞ്ഞുരാമൻ അടക്കമുള്ള നവോത്ഥാന നായകരുടെ ശക്തമായ ഇടപെടലുകളിലൂടെ നമുക്ക് ക്ഷേത്രപ്രവേശനം ലഭിച്ചു. പക്ഷേ, പല ക്ഷേത്രങ്ങളുടെയും ശ്രീകോവിലുകൾക്കു മുന്നിൽ ഇപ്പോഴും ജാതിമതിൽ നിലനിൽക്കുന്നു.
ചാതുർവർണ്യം നിരോധിക്കപ്പെട്ടെങ്കിലും പല രാഷ്ട്രീയ പാർട്ടികളും ഈഴവർക്കു മുന്നിൽ അയിത്തം കല്‌പിച്ച് അധികാരത്തിന്റെ വാതിലുകൾ കൊട്ടിയടയ്ക്കുന്നു. വിദ്യാഭ്യാസത്തിന് സ്വാതന്ത്ര്യം കിട്ടി, പക്ഷേ ഉന്നത വിദ്യാഭ്യാസത്തിന് അർഹമായ പ്രാതിനിധ്യം കിട്ടുന്നില്ല. ഉദ്യോഗങ്ങൾ ലഭിച്ചു. പക്ഷേ, ദേവസ്വം ബോർഡുകൾ അടക്കം പല തൊഴിൽ മേഖലകളും ഇപ്പോഴും സവർണരുടെ കുത്തകയാണ്. അവിടങ്ങളിൽത്തന്നെ സാമ്പത്തിക സംവരണം കൂടി അനുവദിച്ച് സവർണ കുത്തക അരക്കിട്ട് ഉറപ്പിക്കപ്പെടുന്നു. ദേവസ്വം ബോർഡുകളുടെ കീഴിലുള്ള കോളേജുകളിലെ അദ്ധ്യാപക നിയമനങ്ങളിൽ ഇനിയും സംവരണം നടപ്പായിട്ടില്ല.
നീതികേടുകൾക്കെതിരെ യോഗം നിരന്തരം ശബ്ദമുയർത്തുന്നു. പക്ഷേ അവഗണനയാണ് ഫലം. 'ഞങ്ങൾക്കും വേണം സർക്കാർ ക്ഷേത്രങ്ങളിലൊന്ന് ' എന്ന മുഖപ്രസംഗം ഉപസംഹരിച്ച് സി.വി. കുഞ്ഞുരാമൻ പറഞ്ഞതു പോലെ 'തൊഴുംതോറും തൊഴിക്കുകയും തൊഴിക്കുന്തോറും തൊഴുകയും, രണ്ടും വളരെക്കാലം ഇനി നിന്നുകൂടാ.' സി.വി. കുഞ്ഞുരാമന്റെ 150ാം ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ ഈ വാക്കുകൾ നമുക്ക് ഹൃദയത്തിൽ പ്രതിഷ്ഠിക്കാം.
സി.വി പത്രാധിപരും നവോത്ഥാന നായകനും മാത്രമായിരുന്നില്ല. കുട്ടിക്കാലത്തു തന്നെ അവശർക്കു വേണ്ടി ശബ്ദമുയർത്തിത്തുടങ്ങിയതാണ്. കൊല്ലത്തെ ഇംഗ്ലീഷ് സ്കൂളിലായിരുന്നു സി.വിയുടെ വിദ്യാഭ്യാസം. ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾ കോട്ടും തൊപ്പിയും ധരിച്ചു വരണമെന്ന് പുതിയൊരു കല്പന വന്നു. ഇതിനു പിന്നാലെ സ്കൂൾ ഇൻസ്പെക്ടർ ക്ലാസിൽ പരിശോധനയ്ക്കു വന്നപ്പോൾ സാമ്പത്തിക പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി ശ്ലോകമെഴുതി പ്രതിഷേധിച്ചയാളാണ് സി.വി.
അദ്ദേഹം കവിയും കഥാകൃത്തും പ്രസംഗകനും അഭിഭാഷകനും സാഹിത്യ നിരൂപകനുമൊക്കെയായിരുന്നു. അക്ഷരം തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന സമരായുധം. അധികാരികളുടെയും അവകാശ നിഷേധകരുടെയും ഹൃദയങ്ങളിൽ കൊള്ളിയാനാകുന്ന തീവ്രതയും നർമ്മവും സി.വിയുടെ ഭാഷയുടെ പ്രത്യേകതയായിരുന്നു. സമുദായത്തിനു വേണ്ടി ശബ്ദമുയർത്തുമ്പോഴും സമുദായത്തിനുള്ളിലെ വൈകല്യങ്ങൾ തിരുത്താനുള്ള ഇടപെടലും അദ്ദേഹം നടത്തി.
അഭിപ്രായം ഇരുമ്പുലക്കയല്ല എന്ന് ആദ്യം വിളിച്ചുപറഞ്ഞത് സി.വി. കുഞ്ഞുരാമനാണ്. അദ്ദേഹം ഇങ്ങനെ പറഞ്ഞ സാഹചര്യത്തെക്കുറിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുണ്ട്. അദ്ദേഹം ആദ്യം പറഞ്ഞ അഭിപ്രായത്തിൽ നിന്നും വ്യത്യസ്തമായി പിന്നീട് എടുത്ത നിലപാടിനെ ന്യായീകരിക്കാനാകാം ഇങ്ങനെ പറഞ്ഞത്. എസ്.എൻ.ഡി.പി യോഗത്തിനെതിരെയും നിലവിൽ സമാനമായ വിമർശനം ഉയരുന്നുണ്ട്. യോഗം നേതാക്കൾക്ക് ഉറച്ച നിലപാടില്ലെന്നാണ് പലരും പറയുന്നത്. അവർക്കുള്ള മറുപടി സി.വി. കുഞ്ഞുരാമന്റെ വാക്കുകളാണ്- അഭിപ്രായം ഇരുമ്പുലക്കയല്ല! മാറുന്ന സാഹചര്യത്തിന് അനുസരിച്ച് അഭിപ്രായവും മാറും. മാറുന്ന സാഹചര്യങ്ങളെ സമുദായത്തിന്റെ നേട്ടത്തിനു വേണ്ടി ഉപയോഗിക്കാനാണ് യോഗം ശ്രമിക്കുന്നത്. അതിനനുസരിച്ചുള്ള നിലപാടുകളാണ് സ്വീകരിക്കുന്നത്.
'നമുക്കും വേണ്ടേ കുഞ്ഞുരാമാ ഒരു പത്രം.'
1871ൽ മയ്യനാടായിരുന്നു സി.വി. കുഞ്ഞുരാമന്റെ ജനനം. 'സുജനാനന്ദിനി"യിലാണ് അദ്ദേഹത്തിന്റെ കവിതകളും ലേഖനങ്ങളും ആദ്യം പ്രസിദ്ധീകരിച്ചത്. പിന്നീട് ഡോ. പല്പുവുമായി ചേർന്ന് സമുദായത്തിന്റെ അവകാശ പോരാട്ടങ്ങളിൽ സജീവമായി. അവർണ ഹിന്ദുക്കൾക്കായി മയ്യനാട്ട് വെള്ളമണൽ സ്കൂൾ ആരംഭിച്ചു. ഇതിനിടയിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ സജീവ പ്രവർത്തകനായി. ഒപ്പം സാഹിത്യരചനയും തുടർന്നു.
ഇതിനിടയിൽ നായർ- ഈഴവ കലാപത്തെ തുടർന്ന് 'സുജനാനന്ദിനി" അഗ്നിക്കിരയായി. ഇതോടെ അവകാശസമരങ്ങൾക്ക് ഇന്ധനത്തിന്റെ കുറവ് അനുഭവപ്പെട്ടു തുടങ്ങി. അങ്ങനെയിരിക്കെ മയ്യനാട് എത്തിയ ഗുരുദേവൻ സി.വി. കുഞ്ഞുരാമനോട് ചോദിച്ചു. 'നമുക്കും വേണ്ടേ കുഞ്ഞുരാമാ ഒരു പത്രം?" ഗുരുദേവന്റെ ഈ നിർദ്ദേശ സ്വഭാവത്തിലുള്ള വാക്കുകളിൽ നിന്നാണ് 'കേരളകൗമുദി"യുടെ പിറവി. ഗുരുദേവ ദർശനങ്ങൾ പ്രചരിപ്പിക്കാനും പിന്നാക്ക വിഭാഗങ്ങൾക്ക് നീതി ലഭ്യമാക്കാനും പത്രം ആരംഭിക്കാൻ സി.വി തീരുമാനിച്ചു.
അദ്ധ്യാപകനെന്ന നിലയിൽ സർക്കാർ ഉദ്യോഗസ്ഥനായതിനാൽ സി.വിക്ക് നേരിട്ട് പ്രസാധകനാകാൻ കഴിയില്ല. അതുകൊണ്ട് മൂലൂർ എസ്. പത്മനാഭ പണിക്കരെ പത്രാധിപരാക്കി. പത്രത്തിന്റെ പൂർണ ചുമതല ഏറ്റെടുക്കും വരെ ഒരു വർഷത്തോളം  മുഖപ്രസംഗമടക്കം പത്രാധിപരുടെ എല്ലാ ചുമതലകളും നിർവഹിച്ചിരുന്നത് സി.വി ആയിരുന്നു. ഈഴവരുടെയും മറ്റ് പിന്നാക്ക വിഭാഗക്കാരുടെയും വിദ്യാലയ, ഉദ്യോഗ പ്രവേശനം, പ്രജാസഭാ പ്രാതിനിദ്ധ്യം തുടങ്ങിയ ആവശ്യങ്ങൾ നിറഞ്ഞുനിന്ന 'കേരളകൗമുദി"യുടെ ആദ്യ ലക്കം പുറത്തിറങ്ങിയിട്ട് 110 വർഷം പൂർത്തിയാകുന്ന വേള കൂടിയാണിത്.