കൊല്ലം: ജന്മനാ തളർന്നു കിടക്കുന്ന മകൻ വിജീഷുമായാണ് അമ്മ സിന്ധു മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തിനെത്തിയത്. മകന്റെ ചികിത്സാ ധനസഹായത്തിനുള്ള അപേക്ഷയുമായാണ് എത്തിയതെങ്കിലും ലൈഫ് മിഷൻ വഴി വസ്തുവും വീടും ഒരുങ്ങുമെന്ന സർക്കാരിന്റെ ഉറപ്പിലാണ് ഇവർ മടങ്ങിയത്. ഓട്ടോയിൽ നിന്ന് മകനുമായി പുറത്തിറങ്ങാൻ കഴിയാത്ത സിന്ധുവിന്റെ അരികിലേക്ക് മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിഅമ്മയും കെ. രാജുവും നേരിട്ടെത്തുകയായിരുന്നു. മകന്റെ ചികികിത്സാ ധനസഹായത്തിന് വേണ്ടി സിന്ധു മുട്ടാത്ത വാതിലുകളില്ല. അവസാന ആശ്രയം എന്ന നിലയ്ക്കാണ് അപേക്ഷയുമായി എസ്.എൻ കോളേജിൽ നടന്ന മുഖ്യമന്ത്രിയുടെ പരാതിപരിഹാര അദാലത്ത് സാന്ത്വന സ്പർശത്തിലേക്ക് സിന്ധു എത്തിയത്.
ശക്തികുളങ്ങര എസ്.എ.വി നഗർ സ്വദേശികളായ സിന്ധു - വിജയൻ ദമ്പതികളുടെ ഇളയ മകൻ വിജേഷ് പരസഹായമില്ലാതെ ചലിക്കാൻ പോലും കഴിയാത്ത ദയനീയാവസ്ഥയിലാണ്. ഇവരുടെ കൂടുതൽ വിവരങ്ങൾ മന്ത്രിമാർ ചോദിച്ചറിഞ്ഞപ്പോഴാണ് താമസിക്കാൻ സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ലെന്ന വിവരം അറിയുന്നത്. 30 വർഷമായി ഈ കുടുംബം വാടക വീട്ടിലാണ് കഴിയുന്നത്. ഇരുപത്തി അയ്യായിരം രൂപ ചികിത്സാ ധനസഹായം അനുവദിച്ചതിനൊപ്പം ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തിൽ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി വീടും സ്ഥലവും നൽകാമെന്ന് മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടി അമ്മയും കെ. രാജുവും സിന്ധുവിന് ഉറപ്പുനൽകി. അപേക്ഷ സമർപ്പിക്കാതെ തന്നെ തങ്ങളുടെ ആവശ്യം മനസിലാക്കി വേണ്ട സഹായം ചെയ്ത സർക്കാരിനോട് നന്ദി പറഞ്ഞാണ് സിന്ധു മടങ്ങിയത്.