ശ്രീനാരായണപുരം: പുത്തൂർ, ചെറുമങ്ങാട് എസ്.എൻ പുരം റോഡിൽ തെരുവ് നായ്ക്കളുടെ ഉപദ്രവം വ്യാപകമാകുന്നു. ചെറുമങ്ങാട് ഫാക്ടറിക്ക് സമീപം കൂട്ടത്തോടെ തമ്പടിക്കുന്ന നായ്ക്കൾ പകൽ പോലും അതുവഴി പോകുന്ന കാൽനട യാത്രക്കാരെയും ഇരുചക്രവാഹന യാത്രക്കാരെയും ഉപദ്രവിക്കുന്നു. കഴിഞ്ഞ പത്തുവർഷത്തോളമായി തെരുവ് നായ ശല്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയെങ്കിലും ഇതുവരെ നടപടിയില്ല. ഇരുചക്ര വാഹനങ്ങൾ അടുത്തെത്തുമ്പോൾ

നായ്ക്കൾ കുരച്ച് ചാടി വീഴുന്നതോടെ അഞ്ചും ആറും യാത്രക്കാർ വീണ് പരിക്കേൽക്കുന്നതും പതിവാണ്.

തെരുവ് നായ്ക്കൾ ഇവിടെ തമ്പടിക്കാൻ കാരണം സമീപത്തുള്ള ഒരു വ്യക്തിയാണെന്ന് പരിസര വാസികൾ ആരോപിക്കുന്നു. വീട്ടിൽ വളർത്തുന്ന നായ്ക്കൾക്കൊപ്പം തെരുവ് നായ്ക്കൾക്കും ആഹാരം പതിവായി വിളമ്പുന്നതാണ് ഇവ കൂട്ടംകൂടി റോഡിൽ തങ്ങാൻ കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. തെരുവ് നായ്ക്കളുടെ ഉപദ്രവം ഇല്ലാതാക്കാൻ ജന പ്രതിനിധികളും റവന്യു ഉദ്യോഗസ്ഥരും അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.