
കൊല്ലം: ലഹരിവേട്ടയ്‌ക്കിടെ പിടിയിലാകുന്നവരുടെ കൂടെ എക്സൈസ് വലയിൽ കുടുങ്ങുന്നത് വർഷങ്ങളായി പൊലീസ് തേടിനടക്കുന്ന പിടികിട്ടാപ്പുള്ളികളും. ലഹരി മരുന്ന് വില്പനയ്‌ക്കിടെ പിടിയിലായ യുവാക്കളെ ചോദ്യംചെയ്യുമ്പോഴാണ് സംഘത്തലവന്മാരായ പിടികിട്ടാപ്പുള്ളികളിലേക്ക് എക്സൈസ് സംഘം എത്തുന്നത്. അടുത്തിടെ കൊല്ലം നഗരത്തിൽ എം.ഡി.എം.എ, ഹാഷിഷ് എന്നിവയുമായി പിടിയിലായവർക്ക് നഗരത്തിലെ ചില ക്വട്ടേഷൻ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ.
ആശ്രാമത്ത് എം.ഡി.എം.എയുമായി യുവാക്കളെ പിടികൂടുമ്പോൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവും ഒപ്പമുണ്ടായിരുന്നു. ഈ യുവാവ് എം.ഡി.എം.എ വാങ്ങാനെത്തിയതാവാമെന്നാണ് സംശയിക്കുന്നത്. പക്ഷെ കേസിൽ പ്രതിയാക്കാൻ പര്യാപ്തമായ തെളിവുകളൊന്നും യുവാവിനെതിരെ ലഭിച്ചിരുന്നില്ല.
ധൈര്യം ചോരാതിരിക്കാൻ ലഹരി തുണ
ലോക്ക് ഡൗണിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട യുവാക്കളും അന്യസംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചതോടെ നാട്ടിലേക്ക് മടങ്ങിയെത്തിയ ചെറുവിഭാഗം വിദ്യാർത്ഥികളും ഗുണ്ടാസംഘങ്ങളുടെ ഭാഗമായിട്ടുണ്ട്. കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരുടെ സൗഹൃദവലയങ്ങളിലൂടെയാണ് ഇവർ ഇത്തരം സംഘങ്ങളിൽ എത്തിച്ചേരുന്നത്. ഏറ്റെടുക്കുന്ന ക്വട്ടേഷൻ പാളാതിരിക്കാനും ധൈര്യം ചോർന്നുപോകാതിരിക്കാനും കൃത്യത്തിന് മുൻപ് ഇവർ ലഹരി വസ്തുക്കൾ ഉപയോഗിക്കാറുണ്ടെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ.
യുവാവിന്റെ മരണത്തിൽ ദുരൂഹത
ആശ്രാമം സ്വദേശിയായ യുവാവിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ കഴിഞ്ഞ ദിവസം രംഗത്തെത്തി. ദേശിംഗനാട് നഗർ 128 ശകുന്തളയിൽ വിഘ്നേഷാണ് (23) കഴിഞ്ഞ മാസം 22ന് മരിച്ചത്. രാത്രി 9 മണിയോടെ പൊലീസ് വിവരമറിയച്ചതനുസരിച്ച് പിതാവ് ചന്ദ്രൻ ജില്ലാ ആശുപത്രിയിലെത്തുമ്പോഴേക്കും മകൻ മരിച്ചിരുന്നു. മുഖം കരുവാളിച്ച നിലയിലായിരുന്ന യുവാവിന്റെ കൈയിൽ എന്തോ കുത്തിവച്ച പാടുമുണ്ടായിരുന്നു. അവശനിലയിലായ യുവാവിനെ സുഹൃത്തുക്കളാരോ ആശുപത്രിയിലെത്തിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.
അന്ന് ഉച്ചയ്ക്ക് രണ്ടരയോടെ പട്ടത്താനം സ്വദേശിയായ ഒരാളാണ് വിഘ്നേഷിനെ വീട്ടിൽ നിന്ന് വിളിച്ചുകൊണ്ടുപോയതെന്ന് ബന്ധുക്കൾ പറയുന്നു. പ്രദേശവാസിയായ ഒരു യുവാവും വിഘ്നേഷും തമ്മിൽ ഒരു വർഷം മുൻപ് അടിപിടി നടന്നിരുന്നു. ആ സംഭവത്തിന് പിന്നാലെ വിഘ്നേഷിന് നേരെ ചിലർ വധഭീഷണി മുഴക്കിയിരുന്നു.
വിഘ്നേഷിനെ കൊലപ്പെടുത്താൻ ഇവർ പട്ടത്താനം സ്വദേശിയായ യുവാവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ക്വട്ടേഷൻ നൽകിയെന്നാണ് ബന്ധുക്കളുടെ സംശയം. ഇക്കാര്യം ചൂണ്ടിക്കാട്ടി പിതാവ് ചന്ദ്രൻ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്. വിഘ്നേഷിനെ ഭീഷണിപ്പെടുത്തിയ സംഘത്തിലെ ഒരാൾ ഇപ്പോൾ കൊലക്കേസിൽ റിമാൻഡിൽ കഴിയുകയാണ്.