
ദൃക്സാക്ഷികൾ കൂറുമാറിയ കേസിൽ അയൽക്കാരിയുടെ മൊഴിയടക്കം തെളിവായി
കൊല്ലം: സഹോദരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ ജ്യേഷ്ഠന് പത്ത് വർഷം തടവും 10,000 രൂപ പിഴയും വിധിച്ച് കോടതി ഉത്തരവായി. തൃക്കോവിൽവട്ടം ചെറിയേല ചേരിയിൽ താഴംപണ മഞ്ചുവിലാസം വീട്ടിൽ മനുവിനെ (24) കൊലപ്പെടുത്തിയ കേസിൽ മൂത്ത സഹോദരൻ മഹേഷിനെയാണ് (34) കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി എം. മനോജ് ശിക്ഷിച്ചത്. ദൃക്സാക്ഷികൾ കൂറുമാറിയ കേസിൽ അയൽക്കാരിയുടെ മൊഴിയുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് മാസം കൂടി തടവ് അനുഭവിക്കണം.
2015 ഫെബ്രുവരി ആറിനായിരുന്നു സംഭവം. പ്രതിയായ മഹേഷും സഹോദരൻ മനുവും വീട്ടിൽ വച്ച് വാക്കേറ്റത്തിലേർപ്പെട്ടിരുന്നു. ഇതേതുടർന്ന് മദ്യലഹരിയിലായിരുന്ന മഹേഷ് തൊട്ടടുത്ത പുരയിടത്തിൽ വച്ച് മനുവിനെ മർദ്ദിക്കുകയും തല പിടിച്ച് തെങ്ങിൽ ഇടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 19 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകൾ ഹാജരാക്കുകയും ചെയ്തു. കൊട്ടിയം പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എ.കെ. മനോജ് ഹാജരായി.
മനുവിന്റെ മരണത്തോടെ നിരാലംബരായ മാതാവിനും ഭിന്നശേഷിക്കാരിയായ സഹോദരിക്കും മതിയായ നഷ്ടപരിഹാരം നൽകുന്നതിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി.