
സർക്കാരിന്റെ കത്തിനോട് മുഖം തിരിച്ച് സതേൺ റെയിൽവേ
കൊല്ലം : മെമു - പാസഞ്ചർ തീവണ്ടികൾ പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് കേരള സർക്കാർ കത്ത് നൽകിയിട്ടും താത്പര്യം കാട്ടാതെ സതേൺ റെയിൽവേ. സ്കൂളുകളും കോളേജുകളും ഭാഗികമായി തുറന്ന പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാരുടെ ദുരിതം കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ റെയിൽവേ അധികൃതരെ സമീപിച്ചത്.
എക്‌സ്‌പ്രസ് തീവണ്ടികൾ നിലവിൽ ഓടുന്നതുപോലെ സ്‌പെഷ്യൽ സർവീസുകളായി ഓടിയാൽ മതിയെന്നും സംസ്ഥാന സർക്കാരിന്റെ കത്തിൽ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം റെയിൽവേ ഡിവിഷന് കൈമാറിയ സർക്കാർ കത്ത് സതേൺ റെയിൽവെ ജനറൽ മാനേജർക്ക് ലഭിച്ചിട്ടുണ്ട്. തമിഴ്നാടിന്റെ താത്പര്യം കൂടി പരിഗണിച്ചായിരിക്കും ദക്ഷിണ റെയിൽവേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
സർവീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ഡിവിഷനിൽ നിന്ന് സമ്മർദ്ദമുണ്ടാകാത്തത് തീരുമാനം വൈകുന്നതിന് കാരണമാകുന്നതായി ആക്ഷേപമുണ്ട്.
മാതൃകയായി വെസ്റ്റേൺ റെയിൽവേ
വെസ്റ്റേൺ റെയിൽവേ ഫെബ്രുവരി ഒന്ന് മുതൽ പാസഞ്ചർ - സബർബൻ പ്രാദേശിക തീവണ്ടികൾ ആരംഭിച്ചു. മഹാരാഷ്ട്ര സർക്കാർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലും ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗത്തിലെ തീരുമാനപ്രകാരവുമാണ് അവിടെ പ്രാദേശിക തീവണ്ടിഗതാഗതം പുനരാരംഭിച്ചത്. ഓരോ വിഭാഗം യാത്രക്കാർക്കും നിശ്ചിത സമയം അനുവദിച്ചും കൊവിഡ് മാനദണ്ഡം പാലിച്ചുമാണ് അവിടെ പാസഞ്ചറുകൾ സർവീസ് നടത്തുന്നത്.
തീരാതെ ദുരിതം
പാസഞ്ചർ - മെമു തീവണ്ടികൾ സർവീസ് നടത്താത്തതും സീസൺ ടിക്കറ്റ് പുന:സ്ഥാപിക്കാത്തും മൂലം യാത്രക്കാർ ദുരിതത്തിലാണ്. വിദ്യാർത്ഥികളും നിത്യേനെ ജോലിക്ക് പോകുന്നവരും പതിവ് യാത്രക്കാരുമാണ് കൊവിഡ് കാലത്ത് ഏറെ ബുദ്ധിമുട്ടുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നവരും വലിയ തുക കൊടുത്ത് യാത്ര ചെയ്യേണ്ട സ്ഥിതി മാസങ്ങളായി തുടരുകയാണ്.