c

കൊല്ലം : ബൈപ്പാസിൽ അപകടങ്ങളും മരണങ്ങളും തുടർക്കഥയായിട്ടും ഇതിനറുതിവരുത്താൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. 13. 5 കിലോമീറ്റർ നീളമുള്ള ബൈപ്പാസിൽ 56 ഇടറോഡുകളും 5 പ്രധാന ജംഗ്‌ഷനുകളുമുണ്ട്. പ്രധാന ജഗ്‌ഷനുകളിൽ സിഗ്നൽ സംവിധാനവും ഇടറോഡുകളിൽ ഹമ്പുകളുമുണ്ടെങ്കിലും അടിക്കടിയുണ്ടാകുന്ന അപകടങ്ങളെ തടയാൻ ഇവ പര്യാപ്തമല്ല. ബൈപ്പാസ് തുറന്നതിന് ശേഷം വാഹനാപകടങ്ങൾ തുടർക്കഥയായതോടെയാണ് ഇടറോഡുകളിൽ ഹമ്പുകൾ സ്ഥാപിച്ചത്. രണ്ടുവർഷത്തിനിടെ അൻപതിലധികം അപകടങ്ങളും മുപ്പത്തിയഞ്ച് മരണങ്ങളുമാണുണ്ടായത്. ഇവയിലധികവും ഇരുചക്രവാഹനാപകടങ്ങളാണ്. അമിതവേഗതയും അശ്രദ്ധയുമാണ് മിക്ക അപകടങ്ങളുടെയും കാരണം.

സിഗ്‌നലും കാമറയും

ബൈപ്പാസിലെ ജംഗ്‌ഷനുകളിൽ സിഗ്നൽ സംവിധാനം നിലവിലുണ്ട്. ഇതിന് പുറമേ ഏഴ് പ്രധാന റോഡുകൾ ബൈപ്പാസിലേക്ക് ചേരുന്ന സ്ഥലങ്ങളിൽകൂടി സിഗ്നലും അത്യാധുനിക സെൻസർ കാമറകളും സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം. എട്ടിടങ്ങളിലായി പതിനഞ്ച് കാമറകൾ സ്ഥാപിക്കാനായിരുന്നു പദ്ധതി. കഴിഞ്ഞ ജൂണിൽ മൂന്നരമാസത്തിനുള്ളിൽ കാമറ സ്ഥാപിക്കണമെന്ന് കെൽട്രോണിനോട് കളക്ടർ ആവശ്യപ്പെട്ടിരുന്നു. കാമറ സ്ഥാപിക്കാനുള്ള സ്ഥലം അടയാളപ്പെടുത്തിയെന്നതൊഴിച്ചാൽ തുടർ നടപടിയുണ്ടായില്ലെന്ന് യാത്രക്കാർ പറയുന്നു.

വേഗപരിധി

ബൈപ്പാസിൽ വാഹനങ്ങളുടെ പരമാവധി വേഗപരിധി 60 കിലോമീറ്ററായി നിശ്ചയിച്ച് ജൂലായിൽ ഉത്തരവിറക്കിയിരുന്നു. എന്നാൽ ബൈക്കുകളിലും മുന്തിയ കാറുകളിലും സഞ്ചരിക്കുന്നവർ വേഗപരിധി ബാധകമല്ലെന്ന തരത്തിലാണ് ചീറിപ്പായുന്നത്. കേരള പൊലീസിന്റെ ഇന്റർസെപ്റ്റർ വാഹനം ബൈപ്പാസിൽ പരിശോധന നടത്തുന്നുണ്ടെങ്കിലും പിഴയീടാക്കുന്നതിലൊതുങ്ങുകയാണ് ശിക്ഷ. ലൈസൻസ് റദ്ദാക്കി കനത്ത പിഴ ഈടാക്കുന്ന തരത്തിലേക്ക് ശിക്ഷാനടപടി ഉയർത്തിയാൽ വാഹനങ്ങളുടെ ചീറിപ്പായൽ അവസാനിപ്പിക്കാം.

പാലങ്ങളിലെ പാർക്കിംഗ്

ബൈപ്പാസിലെ കുരീപ്പുഴ, കടവൂർ പാലങ്ങളിൽ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനായി വാഹനങ്ങൾ നിറുത്തിയിടുന്നത് പതിവാണ്. പാലങ്ങളിൽ വാഹനം നിറുത്തിയിടരുതെന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പുല്ലുവിലയാണ് യാത്രക്കാർ നൽകുന്നത്. പാർക്കിംഗ് മൂലം മറ്റ് വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെടുന്നതും അപകടമുണ്ടാകുന്നതും പതിവാണെന്ന് യാത്രക്കാർ പറയുന്നു.