kollam-beach-1
കൊല്ലം ബീച്ചിൽ വൈകിട്ട് ആറ് മണിക്ക് ശേഷം സന്ദർശനത്തിനെത്തിയവരെ മടക്കി അയയ്ക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ

 ബീച്ചുകളിലും പാർക്കുകളിലും നിയന്ത്രണം

കൊല്ലം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബീച്ചുകളിലും പാർക്കുകളിലും സന്ദർശനത്തിന് കടിഞ്ഞാണിട്ട് ജില്ലാ ഭരണകൂടം. വൈകിട്ട് 6 വരെയാണ് ഇനി മുതൽ പ്രവേശനം അനുവദിക്കുക. ഈ മാസം 15 വരെ തുടരുന്ന നിയന്ത്രണം ദീർഘിപ്പിക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും.

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ കൊല്ലം ബീച്ചിലുൾപ്പെടെ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിരുന്നു. തുടക്കത്തിൽ പരിശോധന നടത്തിയായിരുന്നു പ്രവേശനം. എന്നാൽ ദിവസങ്ങൾ പിന്നിട്ടപ്പോൾ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ജനങ്ങൾ ബീച്ചിലേക്ക് ഇരച്ചെത്തുകയായിരുന്നു. കൊല്ലം ബീച്ചിലെ ആൾക്കൂട്ടവും കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനവും ചൂണ്ടിക്കാട്ടി 'കേരളകൗമുദി' നിരവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

 പൊലീസ് ഇടപെടലുണ്ടാകും

കൊവിഡ് നിയന്ത്രണങ്ങൾ ഉറപ്പാക്കുന്നതിന് പൊലീസ് സേനയിലെ മൂന്നിലൊന്ന് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ബീച്ചുകളിലും പാർക്കുകളിലും വൈകിട്ട് അഞ്ചര മുതൽ പൊലീസ് നിയന്ത്രണം ശക്തമായിരിക്കും. വൈകിട്ട് ആറ് മണിയോടെ സന്ദർശകർ സ്വയം പിരിഞ്ഞുപോകണം. ഇതിനായി പതിനഞ്ച് മിനിറ്റ് മുൻപ് മുന്നറിയിപ്പ് നൽകും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് പിഴയീടാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.

പത്ത് വയസിന് താഴെയുള്ള കുട്ടികളും അറുപത് വയസിന് മുകളിലുള്ളവരും ചികിത്സാ ആവശ്യങ്ങൾക്കൊഴികെ പൊതുസ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് പൊലീസ് അറിയിച്ചു.