കരുനാഗപ്പള്ളി: ഓപ്പറേഷൻ സുരക്ഷയുടെ ഭാഗമായി കൃഷിവകുപ്പ് ഉദ്യോഗസ്ഥർ കരുനാഗപ്പള്ളിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന നഴ്സറികളിലും വളം ഡിപ്പോകളിലും പരിശോധന നടത്തി. കാർഷിക വൃത്തിയോടും പച്ചക്കറി കൃഷി ഉൾപ്പടെയുള്ള കൃഷികളോടും ജനങ്ങൾക്ക് ഉണ്ടായ താത്പര്യം മുതലെടുത്ത് നിരവധി അനധികൃത സ്ഥാപനങ്ങൾ വിവിധ ഭാഗങ്ങളിൽ മുളച്ച് പൊന്തി. ഗുണമേന്മയില്ലാത്ത നടീൽ വസ്തുക്കളും വളങ്ങളും സുരക്ഷിതമല്ലാത്ത കീടനാശിനികളും വ്യാപകമായി വിൽപ്പന നടത്തുന്ന ഒട്ടേറെ സ്ഥാപനങ്ങൾക്കെതിരെ നിരവധി പരാതികൾ കൃഷി വകുപ്പിന് ലഭിച്ചു. ഇതേ തുടർന്നാണ് പരിശോധന നടത്തിയതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. . ആദ്യഘട്ടമായി ഇത്തരം സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകും. ലൈസൻസോടുകൂടി സുരക്ഷിതമായ രീതിയിൽ കീടനാശിനികളും വളങ്ങളും വിൽക്കുന്നത് സംബന്ധിച്ചും ഗുണമേന്മയേറിയ നടീൽ വസ്തുക്കൾ കർഷകർക്ക് ലഭ്യമാക്കുന്നത് സംബന്ധിച്ചും ബോധവത്ക്കരണവും നടത്തും. തുടർന്നും അനധികൃതമായ സ്ഥാപനങ്ങൾ വ്യാപാരം തുടർന്നാൽ ഇത്തരം സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നത് ഉൾപ്പടെയുള്ള കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് കൃഷി വകുപ്പ് അധികൃതർ അറിയിച്ചു. കരുനാഗപ്പള്ളി മണ്ഡലത്തിൽ നടത്തിയ പരിശോധനയ്ക്ക് ഓച്ചിറ കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി .ആർ. ബിനീഷ്, കൃഷി ഓഫീസർമാരായ വീണ വിജയൻ, പ്രീജ ബാലൻ, നൗഷാദ്, സുമറാണി, മീരാ രാധാകൃഷ്ണൻ, അജ്മി തുടങ്ങിയവർ പങ്കെടുത്തു.