 
കൊല്ലം: കൈകളില്ലെന്ന പോരായ്മയെ അതിജീവിച്ച് കാൽവിരലുകൾ കൊണ്ട് കാൻവാസിൽ വിസ്മയം തീർക്കുന്ന യുവാവിന് കരുതൽ കരങ്ങളേകി സർക്കാർ. സ്പെഷ്യലിസ്റ്റ് ഡ്രോയിംഗിൽ താത്കാലിക അദ്ധ്യാപകനായ പട്ടാഴി പന്ത്രണ്ടുമുറി സ്വദേശി സജയകുമാർ (34) ഏറെ നാളായുള്ള തന്റെ സ്വപ്നം യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയോടെയാണ് ഇന്നലെ 'സ്നേഹ സ്പർശം' പരാതി പരിഹാര അദാലത്തിൽ പങ്കെടുത്ത് മടങ്ങിയത്.
ജന്മനാ ഇരുകൈകളുമില്ലാത്ത സജയകുമാർ ഫൈൻ ആർട്സിൽ ബിരുദാനന്തര ബിരുദധാരിയാണ്. സംസ്ഥാന സർക്കാരിന്റെ അദ്ധ്യാപക യോഗ്യതാ ടെസ്റ്റായ കെ ടെറ്റ് ജേതാവുമാണ്. കഴിഞ്ഞ അഞ്ച് വർഷമായി പട്ടാഴി ജി.വി.എച്ച്.എസ്.എസ്, മോഡൽ എൽ.പി.എസ്, പിടവൂർ എൽ.പി.എസ് എന്നിവിടങ്ങളിൽ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിൽ സ്പെഷ്യലിസ്റ്റ് ഡ്രോയിംഗിൽ താത്കാലിക അദ്ധ്യാപകനായി ജോലി നോക്കുകയാണ്.
കൈകളില്ലെന്നത് പരിമിതിയായി കാണാത്ത സജയകുമാർ ഒരു സ്ഥിരം ജോലി വേണമെന്ന ആവശ്യവുമായാണ് പുനലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തിലേക്ക് എത്തിയത്. വിവരങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രി കടകംപള്ളി സുരേന്ദ്രന് മുന്നിൽ നിന്ന് കാൽവിരലുകൾ കൊണ്ട് അപേക്ഷയിൽ കൂട്ടിച്ചേർക്കലുകൾ വരുത്തിയ സജയകുമാർ കണ്ടുനിന്നവർക്കെല്ലാം പ്രചോദനമാകുകയും ചെയ്തു. മുഖ്യമന്ത്രിയുടെ പ്രത്യേക പരിഗണനയ്ക്ക് അപേക്ഷ ശുപാർശ ചെയ്യാമെന്ന് മന്ത്രി ഉറപ്പുനൽകിയതോടെ ജീവിതത്തിൽ പുതിയ വർണങ്ങൾ പടരുന്ന ആഹ്ളാദത്തോടെയാണ് സജയകുമാർ മടങ്ങിയത്.