pho
പുനലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരാതി പരിഹാര അദാലത്തിൽ മന്ത്രിമാരായ കെ.രാജു, ജെ.മേഴ്സിക്കുട്ടിയമ്മ എന്നിവർ പൊതുജനങ്ങളുടെ പരാതി സ്വീകരിച്ചു തീർപ്പാക്കുന്നു.ജില്ലാ കളക്ടർ ബി.അബ്ദുൽ നാസർ സമീപം.

1804 അപേക്ഷകൾ ........... 1284എണ്ണത്തിന് പരിഹാരം

200പേർക്ക് 63.85 ലക്ഷം രൂപയുടെ ധനസഹായം

20 കുടുംബങ്ങൾക്ക് റേഷൻ കാർഡ്

15പേരുടെ കൈവശ ഭൂമിക്ക് പട്ടയം

8പേർക്ക് കൈവശ ഭൂമിയിൽ ഉടമസ്ഥാവകാശ രേഖ

പുനലൂർ:മുഖ്യമന്ത്രിയുടെ സ്വാന്തന സ്പർശം പരാതി പരിഹാര അദാലത്തിൽ ആകെ ലഭിച്ച 1804 അപേക്ഷയിൽ 1284എണ്ണത്തിന് പരിഹാരമായി. .ഇന്നലെ രാവിലെ 9ന് പുനലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച അദാലത്ത് വൈകിട്ട് 5.45നാണ് സമാപിച്ചത്.പുനലൂർ, പത്തനാപുരം, കൊട്ടാരക്കര താലൂക്കുകളിലെ താമസക്കാരുടെ അപേക്ഷയിലാണ് തീർപ്പാക്കിയത്. മൂന്ന് താലൂക്കുകളിൽ നിന്നും എത്തിയ 200പേർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 63.85ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു.20 കുടുംബങ്ങൾക്ക് പുതിയതായി റേഷൻ കാർഡുകളും പുനലൂർ താലൂക്കിലെ 15പേരുടെ കൈവശ ഭൂമിക്ക് പട്ടയവും നൽകി. 8പേരുടെ മിച്ച ഭൂമി സാധൂകരിച്ച് നൽകി.വിധവയായ സ്ത്രീയുടെ മകൾക്ക് 30,000 രൂപ ധനസഹയമായി വിതരണം ചെയ്തു.മന്ത്രിമാരായ കെ.രാജു, കടകംപള്ളി സുരേന്ദ്രൻ, ജെ.മേഴ്സിക്കുട്ടിഅമ്മ, ജില്ലാ കളക്ടർ ബി.അബ്ദുൽനാസർ, പുനലൂർ ആർ.ഡി.ഒ ബി.ശശികുമാർ എന്നിവർക്ക് പുറമെ ജില്ലയിലെ എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ അദാലത്തിൽ പരാതി സ്വീകരിച്ച് പരിഹാരം കണ്ടെത്താൻ പങ്കെടുത്തിരുന്നു. മൂന്ന് താലൂക്കുകളിലെയും എല്ലാ വകുപ്പുകളിൽ നിന്നുളള പരാതികൾ സ്വീകരിച്ച ശേഷമാണ് തീർപ്പാക്കിയത്.അതത് വകുപ്പുകളിലെ ഉദ്യോഗാസ്ഥർക്ക് തീർപ്പ് കൽപ്പിക്കാവുന്ന അപേക്ഷയിൽ അവർ തന്നെ പരിഹാരം കണ്ടെത്തിയിരുന്നു. മന്ത്രിമാർ തീർപ്പാക്കേണ്ട അപേക്ഷകൾ, അപേക്ഷകർ മൂന്ന് മന്ത്രിമാരെയും നേരിട്ട് സന്ദർശിച്ചായിരുന്നു പരിഹാരം കണ്ടെത്തിയത്.സഹകരണ ബാങ്കിൽ നിന്നും വായ്പ എടുത്ത് പലിശ എഴുതിതള്ളുന്നത് സംബന്ധിച്ചുള്ള പരാതികളാണ് കൂടുതലും അദാലത്തിൽ ലഭിച്ചതെന്ന് പുനലൂർ ആർ.ഡി.ഒ ബി.ശശികുമാർ അറിയിച്ചു.നേരത്തെ ലഭിച്ച അപേക്ഷകൾക്ക് പുറമെ ഇന്നലെയാണ് കൂടുതൽ പരാതികൾ ലഭിച്ചത്.