 
തൊടിയൂർ: മാളിയേക്കൽ മേൽപ്പാലത്തിന് പിന്നാലെ ചിറ്റുമൂല മേൽപ്പാലവും യാഥാർത്ഥ്യത്തിലേക്ക്. പുതിയകാവ് - ചക്കുവള്ളി റോഡിൽ നിർമ്മിക്കുന്ന ചിറ്റുമൂല റെയിൽവേ മേൽപ്പാലത്തിന്റെ സ്ഥലമേറ്റെടുക്കലിനായുള്ള അന്തിമ നടപടികൾ തുടങ്ങി. ഇവിടെ മേൽപ്പാലവും അപ്രോച്ച് റോഡും നിർമ്മിക്കുന്നതിനായുള്ള സ്ഥലം ഏറ്റെടുക്കൽ സംബന്ധിച്ച അവസാന നടപടികൾ പൂർത്തിയായി.
വിജ്ഞാപനം കൈമാറി
കിഫ്ബി പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്ന കൊല്ലം സ്പെഷ്യൽ തഹസിൽദാരുടെ ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥർ ചിറ്റുമൂലയിലെത്തി വിജ്ഞാപനം ആർ. രാമചന്ദ്രൻ എം .എൽ. എ യ്ക്ക് കൈമാറി. തുടർന്ന് പദ്ധതിക്കായി ഏറ്റെടുക്കുന്ന സ്ഥലത്ത് നോട്ടീസ് പതിച്ചു. വിജ്ഞാപനം സംബന്ധിച്ച് ആക്ഷേപങ്ങൾ
ഉണ്ടെങ്കിൽ 15 ദിവസത്തിനകം സമർപ്പിക്കാവുന്നതാണ്.തുടർന്ന് വില നിർണയ രജിസ്റ്റർ തയ്യാറാക്കി ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കുമെന്ന് ആർ .രാമചന്ദ്രൻ എം. എൽ. എ പറഞ്ഞു.
29.5 കോടി ചെലവഴിച്ച് നിർമ്മാണം
തൊടിയൂർ, തഴവ വില്ലേജുകളിൽപ്പെട്ട 53 ഭൂഉടമകളിൽ നിന്നുമാണ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നത്. ആർ. രാമചന്ദ്രൻ എം .എൽ. എയുടെ ശുപാർശ പ്രകാരം 2017 ലെ ബഡ്ജറ്റിലാണ് മേൽപ്പാലത്തിനായി പണം അനുവദിച്ചത്.തടസ രഹിത ഗതാഗതം എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ കിഫ്ബി വഴി 29.5 കോടി രൂപ ചെലവഴിച്ചാണ് ചിറ്റുമൂലയിൽ റെയിൽവേ മേൽപ്പാലം നിർമ്മിക്കുന്നത്. സ്വകാര്യ ബസുകൾ ഉൾപ്പടെ ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ചക്കുവള്ളി പുതിയകാവ് റോഡിൽ ചിറ്റുമൂല മേൽപ്പാലം യാഥാർത്ഥ്യമാകുന്നതോടെ വർഷങ്ങളായി അനുഭവപ്പെടുന്ന യാത്രാദുരിതത്തിന് അറുതിയാകും.