balabhaskar

തിരുവനന്തപുരം: വയലിൻ കമ്പികളിൽ ശുദ്ധസംഗീതമൊഴുക്കിയ ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നടന്ന സി.ബി.ഐ അന്വേഷണത്തിൽ അട്ടിമറിയോ?​ ബാലഭാസ്കറും മകൾ തേജസ്വിനി ബാലയും ദേശീയപാതയിൽ പള്ളിപ്പുറത്തിന് സമീപം കാർ യാത്രയ്ക്കിടെ മരണമടയാനിടയായ സംഭവത്തിൽ കഴിഞ്ഞ ഏഴുമാസമായി സി.ബി.ഐ നടത്തിയ അന്വേഷണത്തിനൊടുവിൽ അപകടമരണമാണെന്ന നിഗമനത്തിലെത്തിയതോടെയാണ് അട്ടിമറി സംശയം ബലപ്പെട്ടത്.

സ്വർണ്ണക്കടത്ത് പ്രതികളുമായി ലക്ഷങ്ങളുടെ ഇടപാടുകൾ

സംഭവത്തിൽ ബാലഭാസ്കറിന്റെ കുടുംബവും ആരാധക വൃന്ദവും ഉന്നയിക്കുന്ന ചോദ്യങ്ങളിൽ പലതിനും ഉത്തരമില്ലാതെ അവശേഷിക്കുകയും സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധപ്പെട്ട് നടന്ന ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ വ്യക്തതയില്ലാതെ തുടരുകയും ചെയ്യുമ്പോഴാണ് വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അർജുൻ കെ. നാരായണനെതിരെ കുറ്റപത്രം സമർപ്പിച്ച് സി.ബി.ഐ കേസ് ഒതുക്കിയത്.

ദുരൂഹമായി ഇടപാടുകളിലേക്ക് കടന്നുചെന്നില്ല

ബാലഭാസ്കറിന്റെ മരണത്തിൽ ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും തുടർന്ന് സി.ബി.ഐയും അന്വേഷണം നടത്തിയെങ്കിലും സ്വർണ്ണക്കടത്ത് കേസിൽ പിന്നീട് പിടിക്കപ്പെട്ട പ്രകാശ് തമ്പി,​ വിഷ്ണു സോമസുന്ദരം എന്നിവർ ബാലഭാസ്കറുമായുളള സൗഹൃദം മുതലെടുത്ത് നടത്തിയ ദുരൂഹമായ ഇടപാടുകളിലേക്കൊന്നും അന്വേഷണ സംഘത്തിന് കടന്നുചെല്ലാനായിട്ടില്ലെന്നതാണ് വാസ്തവം. കേന്ദ്ര സുരക്ഷാ സേനയുടെ ശക്തമായ കാവലും നിരീക്ഷണവുമുള്ള തലസ്ഥാനത്തെ അന്ത‌ർദേശീയ വിമാനത്താവളം വഴി കസ്റ്റംസ് സൂപ്രണ്ടിനെ കൂട്ടുപിടിച്ച് കോടികളുടെ സ്വർണക്കടത്ത് നടത്തിയ ഇവർ സാമ്പത്തിക ലാഭത്തിനും വ്യക്തിപരമായ നേട്ടങ്ങൾക്കുമായി എന്ത് നീച പ്രവർത്തികളും ചെയ്യുമെന്നിരിക്കെ ബാലഭാസ്കർ അറിയാതെ ബാലഭാസ്കറിന്റെ പേരും പെരുമയും മുതലെടുത്ത് വിഷ്ണുവും പ്രകാശ് തമ്പിയും നിയമവിരുദ്ധ പ്രവർത്തികൾ പലതും ചെയ്തിട്ടുണ്ടെന്ന സംശയം തുടക്കം മുതലേ ബാലഭാസ്കറിന്റെ മാതാപിതാക്കളും കുടുംബവും ഉന്നയിക്കുന്നുണ്ട്.

തെളിവിലേക്ക് നയിക്കുന്ന സൂചനകൾ

ഇതിൽ പലതിനും തെളിവേകുന്ന നിരവധി സൂചനകൾ അന്വേഷണത്തിൽ ലഭിച്ചിട്ടുണ്ടെങ്കിലും അതിന്റെ തുമ്പുകളിലൂടെ മുന്നേറാനോ ശുദ്ധമല്ലാത്ത കൃത്യങ്ങൾ കണ്ടെത്താനോ സി.ബി.ഐയ്ക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് കുറ്റപത്ര സമർപ്പണത്തിൽ നിന്ന് വ്യക്തമാകുന്നത്. നുണ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകൾ നടത്തിയശേഷമാണ് അന്വേഷണം അവസാനിപ്പിച്ചതെന്ന് സി.ബി.ഐ സംഘത്തിന് അവകാശപ്പെടാമെങ്കിലും ബാലഭാസ്കർ മരിക്കും മുമ്പ് സ്വർണകള്ളക്കടത്ത് പ്രതികളിലൊരാളുടെ ബന്ധുവായ ഇൻഷ്വറൻസ് ഏജന്റ് മുഖാന്തിരം 40 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പോളിസി ബാലഭാസ്കറിന്റെ പേരിൽ എടുക്കാനിടയായതും അതിന് പ്രീമിയം ഇനത്തിൽ ബാലഭാസ്കർ നൽകിയ 3,​17,​000 രൂപയുടെ കാഷിന് പകരം ദുരൂഹമായ ചെക്ക് ഇടപാടുകൾ

നടത്തുകയും ഇൻഷ്വറൻസ് കമ്പനി ഏജന്റിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്തതുൾപ്പെടെ അവിശ്വസനീയമായ സാമ്പത്തിക തിരിമറികളും ക്രമക്കേടുകളുമാണ് പ്രോഗ്രാം മാനേജർമാരെന്ന പേരിൽ ബാലഭാസ്കറിന്റെ പിന്നാലെ കൂടി പ്രകാശ് തമ്പിയും വിഷ്ണുസോമസുന്ദരവും നടത്തിയിട്ടുള്ളത്.

അപ്പാർട്ട്മെന്റ് ഇടപാട്, ആഡംബര കാർ കച്ചവടം

ബാലഭാസ്കറിന്റെ പണം ഉപയോഗിച്ച് നഗരത്തിൽ സ്വന്തം പേരിൽ ഇവർ നടത്തിയ അപ്പാർട്ട്മെന്റ് ഇടപാടുകൾ,​ മരണത്തിന് ഏതാനും മാസങ്ങൾക്ക് മുമ്പ് കോടികൾ മുടക്കി നടത്തിയ ആഡംബരകാർ കച്ചവടം,​ കാറ്ററിംഗ് സർവ്വീസിനെന്ന പേരിൽ ബാലഭാസ്കറുമായി വിഷ്ണുസോമസുന്ദരം നടത്തിയ അരക്കോടിയിലേറെ രൂപയുടെ ദുരൂഹമായ സാമ്പത്തിക ഇടപാടുകൾ തുടങ്ങി വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ലാത്ത നിരവധി ചോദ്യങ്ങൾ ഇപ്പോഴും ദുരൂഹമായി തുടരുമ്പോഴാണ് ലോക്കൽ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും കണ്ടെത്തലുകളെ ശരിവയ്ക്കും വിധത്തിൽ സംഭവം അപകടമാണെന്ന നിഗമനത്തിൽ സിബിഐയുംകേസ് ഒതുക്കിയത്.

തിരിഞ്ഞുകൊത്തുന്ന തെളിവുകൾ

അപകട സ്ഥലത്ത് സ്വർണക്കടത്ത് കേസ് പ്രതികളുടെ സാന്നിദ്ധ്യമുണ്ടായിരുന്നുവെന്ന കലാഭവൻ സോബിയുടെ വെളിപ്പെടുത്തൽ അടിസ്ഥാനരഹിതമാണെന്നും അയാൾക്കെതിരെ കേസെടുക്കുമെന്നും കൂടി സി.ബി.ഐ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്ന ബാലഭാസ്കറിന്റെ സ്യൂട്ട്കേസ്,​ ബാഗുകൾ,​ ആഭരണങ്ങൾ എന്നിവ ബന്ധുക്കളുടെ ആരുടെയും സാന്നിദ്ധ്യമില്ലാതെ മംഗലപുരം പൊലീസ് സ്റ്റേഷനിൽ നിന്ന് ധൃതിപിടിച്ച് പ്രകാശ് തമ്പിയും വിഷ്ണുസോമസുന്ദരവും കൈപ്പറ്റിയതുൾപ്പെടെ തിരിഞ്ഞുകൊത്തുന്ന പലതെളിവുകളും സി.ബി.ഐ സംഘത്തിന്റെ പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടോയെന്നതും ദുരൂഹമാണ്.

ക്യാമറ ദൃശ്യങ്ങൾ സ്വകാര്യമായി പരിശോധിച്ചു
അപകടസമയത്ത് വാഹനം ഓടിച്ചിരുന്ന യുവാവിന്റെ മൊഴിമാറ്റവും യാത്രാ മദ്ധ്യേ ജ്യൂസ് കഴിക്കാനിറങ്ങിയ കൊല്ലത്തെ ഫ്രൂട്ട്സ് കടയിൽ വിഷ്ണുവും പ്രകാശ് തമ്പിയും കാമറ ദൃശ്യങ്ങൾ പരിശോധിക്കാനൊരുമ്പെട്ടതും ദുരൂഹതകൾ വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. ബാലഭാസ്കറിന്റെ മരണശേഷം അന്വേഷണസംഘങ്ങൾ മുമ്പാകെ ബാലഭാസ്കറിന്റെ പിതാവ് സി.കെ. ഉണ്ണിയും ബന്ധുക്കളും ഇക്കാര്യങ്ങൾ ഉന്നയിച്ചെങ്കിലും വേണ്ടവിധം അന്വേഷിക്കാതെ അപകടമരണമാക്കി കേസ് ഒതുക്കിയെന്നാണ് ഇപ്പോൾ കുടുംബത്തിന്റെ ആക്ഷേപം.

കണ്ണികൾ ഇണങ്ങുന്നില്ല

ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണങ്ങളിലെ പാളിച്ചകളും പൊരുത്തക്കേടുകളും ചൂണ്ടിക്കാട്ടി ബാലഭാസ്കറിന്റെ അച്ഛൻ സി.കെ. ഉണ്ണി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെതുടർന്നാണ് കേസ് സി.ബി.ഐയ്ക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്. ഏഴുമാസത്തെ അന്വേഷണത്തിനൊടുവിൽ അപകടമരണമെന്ന കണ്ടെത്തലോടെ കേസ് സി.ബി.ഐ അവസാനിപ്പിക്കുമ്പോൾ ഇപ്പോഴും ഉത്തരമില്ലാതെയും കണ്ണികൾ ഇണക്കാനാകാതെയും അവശേഷിക്കുന്ന ചോദ്യങ്ങൾ ഇനിയും അനവധിയാണ്.

ഉത്തരമില്ലാത്ത സംശയങ്ങൾ

 ബാലഭാസ്കർ തൃശൂരിൽ നിന്ന് രാത്രിയിൽ പെട്ടെന്ന് തലസ്ഥാനത്തേക്ക് മടങ്ങിയത്.

 ദൂരയാത്രകളിൽ രാത്രിയിൽ പതിവായി അച്ഛനെ ഫോണിൽ വിളിക്കാറുണ്ടെങ്കിലും അന്ന് വിളിക്കാതിരുന്നതെന്ത്

അപകടം ബാലഭാസ്കറിന്റെ ബന്ധുക്കളെ അറിയിക്കാൻ വൈകിയത്

 പാലക്കാട്ടെ ആയുർവേദ ആശുപത്രി ഉടമയുടെ അസാധാരണ സൗഹൃദവും സാമ്പത്തിക ഇടപാടുകളും. ഇവരുടെ ബന്ധുവും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളുമായ അ‌ർജുൻ ഡ്രൈവറായത്

സംശയ നിഴലിലുള്ള ആശുപത്രി ഉടമയുടെ ഭാര്യ സംഭവ ദിവസം രാത്രി ബാലഭാസ്കറിനെ പല ആവർത്തി വിളിച്ചത്

 വാഹനം ഓടിച്ചത് താനല്ലെന്ന് അർജുൻ കള്ളം പറഞ്ഞത്

 ഡ്രൈവറെപ്പറ്റി തമ്പി നടത്തിയ മൊഴിമാറ്റം

അപകടശേഷം ബാലഭാസ്കറിന്റെ ബന്ധുക്കളെ സംശയ നിഴലിലുള്ളവർ ആശുപത്രിയിൽ നിന്നുപോലും ആട്ടിയകറ്റാൻ ശ്രമിച്ചത്

 ബന്ധുക്കളുടെ ഉപദേശം തേടാതെ തിടുക്കത്തിൽ മെഡിക്കൽ കോളേജിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്

ബാലഭാസ്കറിന്റെ മൊബൈൽ ഫോൺ, പഴ്സ്, ബെൻസ് കാർ എന്നിവ പ്രകാശ് തമ്പി ഉപയോഗിച്ചത്. മൊബൈൽ രേഖകൾ ഇയാൾ നശിപ്പിച്ചിരുന്നോ

ബാലഭാസ്കറിന്റെ ഹിരണ്മയ എന്ന വീട്ടിൽ സി.സി ടി.വി സ്ഥാപിച്ച് നിരീക്ഷണത്തിലാക്കാൻ വിഷ്ണുവിനെയും തമ്പിയേയും പ്രേരിപ്പിച്ചത്

ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി ഏതെങ്കിലും വിധത്തിലുള്ള ഭീഷണിയോ ബ്ലാക് മെയിലിംഗോ നേരിട്ടിരിുന്നോ‌.

തമ്പിയും വിഷ്ണുവും ചേർന്ന് ബാലഭാസ്കറിനെ ഏതെങ്കിലും കെണിയിൽപ്പെടുത്തിയിരുന്നോ

വീട്ടുകാരുമായി ബാലഭാസ്കറിന് അടുപ്പമുണ്ടായിരുന്നില്ലെന്നും കുടുംബങ്ങൾ തമ്മിൽ ശത്രുതയിലായിരുന്നുവെന്നും നുണക്കഥ പ്രചരിപ്പിച്ചത് എന്തിനുവേണ്ടിയായിരുന്നു

ഡി.ആർ.ഐയും കസ്റ്റംസും കണ്ടെത്തിയ വിവരങ്ങൾ നിസ്സാരവത്കരിച്ചത്

ബാലഭാസ്കറിനെ ഇല്ലായ്മ ചെയ്യാൻ വിഷ്ണുവോ തമ്പിയോ ആസൂത്രണം നടത്തിയിരുന്നോ

ബാലഭാസ്കറുമായുള്ള അടുപ്പം സംശയനിഴലിലുള്ളർ മുതലെടുക്കുകയും അനധികൃത ബിസിനസുകൾക്ക് ഉപയോഗിക്കുകയും ചെയ്തോ.