
എം.ആർ.പിയേക്കാൾ കൂടിയ വിലയ്ക്ക് വിറ്റും ഗുണനിലവാരം കുറഞ്ഞ സാധനങ്ങൾ വിറ്റഴിച്ച് മുന്തിയ ലാഭം കൊയ്തും കമ്പനികളുടെ അധിക ആനുകൂല്യങ്ങളും ബോണസ് തുകയുൾപ്പെടെ കൈപ്പറ്റിയും മാസം തോറും നടത്തിപ്പുകാർ കോടികൾ തട്ടുന്നത് കൂടാതെ കന്റീൻ ജീവനക്കാരുൾപ്പെടെ കമ്മിഷൻ ഇനത്തിലും ലക്ഷങ്ങൾ കീശയിലാക്കും. പൊതുവിപണിയിൽ ലഭ്യമല്ലാത്ത സാധനങ്ങൾക്ക് ഇരട്ടിവില ഇൗടാക്കിയും പിഴിയും. സ്വതന്ത്രമായ ഒാഡിറ്റിംഗ് സംവിധാനമില്ലാത്തതിനാൽ ചുമതലക്കാരനായ ഉദ്യോഗസ്ഥൻ മാത്രം വരവ് ചെലവ് കണക്കുകൾ പരിശോധിക്കും.
പല കന്റീനുകളിലെയും കണക്ക് പുസ്തകങ്ങൾ അസോസിയേഷൻ നേതാക്കളുടെ കക്ഷത്തിലും തലയണക്കീഴിലുമായതിനാൽ അതിലൊന്നും പരിശോധന സാദ്ധ്യമാകാറില്ല. അഴിമതിതടയാനും നടപടിയെടുക്കാനും വിജിലൻസെന്ന സ്വന്തം വിഭാഗമുണ്ടായിട്ടും കന്റീൻ അഴിമതികളിൽ അന്വേഷണം നടത്താൻ കൂട്ടാക്കാത്തത് കോടികളുടെ കൊള്ള പുറം ലോകം അറിയാതിരിക്കാനുള്ള തന്ത്രമാണ്.
----------------------------------------------------------------------------------------------------------------
തിരുവനന്തപുരം: അടൂരിലെ പൊലീസ് സബ്സിഡിയറി കന്റീനിൽ അരക്കോടിയോളം രൂപയുടെ ക്രമക്കേടുകളിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കെ, സംസ്ഥാനത്തെ പൊലീസ് കന്റീനുകളിൽ നടക്കുന്നത് കോടികളുടെ കൊള്ള. സാധനങ്ങൾ എം.ആർ.പിയേക്കാൾ കൂടിയ വിലയ്ക്ക് വിറ്റും ഗുണനിലവാരം കുറഞ്ഞ സാധനങ്ങൾ ഇരട്ടിവിലയ്ക്ക് വിറ്റഴിച്ച് മുന്തിയ ലാഭം കൊയ്തും മാസം തോറും നടത്തിപ്പുകാർ കോടികൾ തട്ടുന്നത് കൂടാതെ കന്റീൻ ജീവനക്കാരുൾപ്പെടെ കമ്മിഷൻ ഇനത്തിലും ലക്ഷങ്ങൾ കീശയിലാക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. കാലങ്ങളായി സംസ്ഥാനത്തെ പൊലീസ് കന്റീനുകളിൽ നടന്നുവരുന്ന അഴിമതിയും ക്രമക്കേടുകളും സേനാംഗങ്ങൾ ജില്ലയിലെയും സംസ്ഥാനത്തെയും പൊലീസ് മേധാവിമാരെ നേരിട്ടും പരാതിയായും അറിയിച്ചിട്ടുണ്ടെങ്കിലും കന്റീൻ നടത്തിപ്പുകാരുടെ രാഷ്ട്രീയ-ഭരണ സ്വാധീനം പരാതികളിൽ അന്വേഷണമില്ലാതെ ഒതുക്കുകയാണ് പതിവ്.
തിരിമറി പതിനാറോളം
കന്റീനുകളിൽ
അടൂരിലെ മൂന്നാം ആംഡ് ബറ്റാലിയൻ പൊലീസ് ക്യാമ്പിലെ കന്റീനിൽ നടന്ന ക്രമക്കേടുകൾ കമൻഡാന്റായ യുവ ഐ.പി.എസ് ഓഫീസർ അന്വേഷിച്ച് കണ്ടെത്തുകയും ക്രമക്കേടുകൾ അക്കമിട്ട് വിവരിച്ച് ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തതോടെയാണ് സംസ്ഥാനത്തെ പതിനാറോളം പൊലീസ് കന്റീനുകളിലെ ക്രമക്കേടുകളും പുറത്തുവരുന്നത്.
പൊലീസ് ചീഫ് വരെയുളള ഉദ്യോഗസ്ഥർക്കും പൊലീസുകാർക്കും പെൻഷനായവർക്കും ഇരുപത് മുതൽ അമ്പത് ശതമാനം വരെ വിലക്കിഴിവിൽ ഗൃഹോപകരണങ്ങളും ഭക്ഷ്യ ഉൽപ്പന്നങ്ങളും അടങ്ങുന്ന സാധനങ്ങൾ ലഭ്യമാക്കുന്നതിനായാണ് പൊലീസ് കന്റീനുകൾ പ്രവർത്തനം തുടങ്ങിയത്.
മദ്യം ഒഴികെ എല്ലാ
സാധനങ്ങളും കിട്ടും
നിത്യോപയോഗ സാധനങ്ങൾ, ഗൃഹോപകരണങ്ങൾ, മൊബൈൽ ഫോൺ തുടങ്ങി എല്ലാവിധ ഉൽപ്പന്നങ്ങളും കുറഞ്ഞ വിലയിൽ സേനാംഗങ്ങൾക്ക് ഇവിടെ നിന്ന് ലഭിക്കും. മദ്യം ഒഴികെയുളള എല്ലാ സാധനങ്ങളും ഇവിടെ ലഭ്യമാണ്.
പ്രതിവർഷം ഒരുലക്ഷം രൂപയുടെ ഇലക്ട്രോണിക് സാധനങ്ങളും 6000 രൂപയുടെ നിത്യോപയോഗ സാധനങ്ങളും ഇവിടെ നിന്ന് വാങ്ങാം. പൊലീസ് ഓഫീസർമാർക്ക് ഒന്നര ലക്ഷം രൂപയാണ് വാർഷിക പരിധി. ഓരോ കൻറീനിന്റെയും ചുമതല ക്യാമ്പ് കമാൻഡർമാർക്കാണ്. കൻറീനുകളുടെ മേൽനോട്ടം പൊലീസ് വെൽഫെയർ ബ്യൂറോയ്ക്കും.ഡി.ജി.പി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനാണ് കൻറീന്റിന്റെ മൊത്തത്തിലുള്ള ചുമതല. സ്വതന്ത്രമായ ഒാഡിറ്റിംഗ് സംവിധാനമില്ലാത്തതിനാൽ ചുമതലക്കാരനായ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് വരവ് ചെലവ് കണക്കുകൾ പരിശോധിക്കുന്നത്.
ഓണം, ക്രിസ്മസ്
തട്ടിപ്പിന്റെ ഉത്സവകാലം
പൊതുവിപണിയിലെന്നപോലെ പൊലീസ് കന്റീനുകളിലും ഉത്സവക്കാലം ചാകരക്കാലമാണ്. ഓണം, ദീപാവലി, ക്രിസ്മസ്, പുതുവത്സരം, വിഷു, ബക്രീദ്, ഈസ്റ്റർ തുടങ്ങിയ ആഘോഷവേളകളിൽ പതിവിൽ നിന്ന് വ്യത്യസ്തമായി കോടികളുടെ വ്യാപാരമാണ് കന്റീനുകളിൽ നടക്കുന്നത്. ഉത്സവകാലമായതിനാൽ ആളുകളെ ആകർഷിക്കാൻ ഓരോ കമ്പനികളും വിലക്കിഴിവും സൗജന്യവുമുൾപ്പെടെ ആകർഷകമായ ഓഫറുകളാണ് ഉപഭോക്താക്കൾക്ക് നൽകുക.ആകർഷകമായ ഓഫറുകളിൽ ഏത് ഉപഭോക്താവും വീഴും.
സ്പെഷ്യൽ ഡിസ്കൗണ്ടുകൾ
പോക്കറ്റിലേക്ക്
എന്നാൽ, പൊതുവിപണിയിൽ നിന്ന് വ്യത്യസ്തമായി പൊലീസ് കന്റീനുകൾക്ക് കമ്പനി സ്പെഷ്യൽ ഡിസ്കൗണ്ടുൾപ്പെടെ ചില അധിക ആനുകൂല്യങ്ങളും നൽകും. എന്നാൽ സ്പെഷ്യൽ ഡിസ് കൗണ്ടുകൾ പലതും പുറംലോകം അറിയില്ല. ഓരോ ഉൽപ്പന്നങ്ങളുടെ പുറത്തും പത്ത് മുതൽ ഇരുപത് ശതമാനംവരെയാണ് സ്പെഷ്യൽ ആനുകൂല്യമായി ലഭിക്കുക.
ഫ്രിഡ്ജ്, ടിവി, വാഷിംഗ് മെഷീൻ തുടങ്ങിയ ഗൃഹോപകരണങ്ങളും ആഡംബര സാധനങ്ങളും വാങ്ങുന്നവർക്കും ലഭിക്കുന്ന ഈ അധിക ആനുകൂല്യം ഉപഭോക്താവിന്റെ പക്കലെത്താതെ കന്റീൻ നടത്തിപ്പുകാരുടെ കീശകളിലാണ് നിറയുക. ഉത്സവ കാലത്താണ് ഈ ചാകരക്കൊയ്ത്ത്. കൂടാതെ തങ്ങളുടെ കൂടുതൽ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിന് കമ്പനികൾ ബോണസ് തുകയും നൽകും. പൊതുവിപണിയിലേക്കാൾ മുന്തിയ വിലയ്ക്ക് സാധനങ്ങൾ വിറ്റാണ് മറ്രൊരു തട്ടിപ്പ്. പൊതുവിപണിയിൽ ലഭ്യമല്ലാത്ത സാധനങ്ങളാണെങ്കിൽ ഇരട്ടിവിലയ്ക്ക് വരെ കന്റീനുകളിൽ വിൽപ്പന നടത്താറുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങളിലാണ് ഈ തട്ടിപ്പ് അധികവും നടക്കുക. സോപ്പ്, പേസ്റ്റ്, ബൾബ് തുടങ്ങി നിത്യേന വൻ ചിലവുള്ള ഡസൻ കണക്കിന് സാധനങ്ങളുടെ വലിയ പർച്ചേയ്സിൽ വൻതോതിൽ ഫ്രീ ആനുകൂല്യമുണ്ട്. ഇതൊന്നും പരസ്യപ്പെടുത്താത്തതിനാൽ ഉപഭോക്താവ് അറിയാറില്ല. ഫ്രീ ആയി കമ്പനികൾ നൽകുന്ന ഉൽപ്പന്നങ്ങളും കന്റീനിലൂടെ വിറ്റഴിച്ച് പണം കീശയിലാക്കുകയാണ് ഇവരുടെ പതിവ്.
പൊലീസിന് ഔട്ട് ഒഫ് സ്റ്റോക്ക്
ഇഷ്ടക്കാർക്ക് വണ്ടി നിറയെ
വിലക്കുറവ് ആനുകൂല്യത്തിലുപരി കന്റീൻ തങ്ങളുടെ അവകാശമാണെന്ന അഭിമാനത്തോടെയാണ് സംസ്ഥാനത്തെ പൊലീസ് സേനാംഗങ്ങളുടെ കുടുംബങ്ങൾ കന്റീനുകളിലെത്തുക. എന്നാൽ, ഇവർ ആവശ്യപ്പെടുന്ന മിക്ക സാധനങ്ങളും കന്റീനുകളിൽ ഔട്ട് ഓഫ് സ്റ്റോക്കാണെന്ന മറുപടിയാണ് പലപ്പോഴും ലഭിക്കുക. കന്റീൻ നടത്തിപ്പുമായി ബന്ധപ്പെട്ടിരിക്കുന്നവരുടെ അടുപ്പക്കാരോ ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടുകാരോ വന്നാൽ ഇല്ലാത്ത സാധനങ്ങളാണെങ്കിൽ ഉടൻ വരുത്തി നൽകും. സാധനങ്ങൾ വന്നാലുടൻ പർച്ചേസ് ചെയ്ത് തീർക്കുന്ന വിരുതൻമാരും സേനാംഗങ്ങൾക്കിടയിലുണ്ട്. പൊലീസ് സേനയ്ക്ക് പുറത്തുളളവർക്ക് കന്റീനിൽ നിന്ന് സാധനങ്ങൾ വാങ്ങി വിലകൂട്ടിവിൽക്കുന്ന സംഘങ്ങളുമുണ്ട്.
വരവും ചെലവും
ആസ്തിവിവരവും? നഹി മാലൂം!
കന്റീനിലെ വരവ് ചെലവും ആസ്തിവിവരങ്ങളുമെല്ലാം സ്വതന്ത്രമായ ഒാഡിറ്റിംഗ് പരിശോധനയ്ക്ക് വിധേയമാക്കപ്പെടേണ്ടതാണെങ്കിലും കന്റീൻ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരുടെ പരിശോധനകളിൽ ഒതുങ്ങുന്ന നിലയിലാണ് കാര്യങ്ങൾ. പൊലീസ് ആസ്ഥാനത്തെ ജീവനക്കാരിയുടെ നേതൃത്വത്തിൽ നടത്തിയ തട്ടിപ്പ് പുറത്തായാൽ ഉന്നതരുൾപ്പെടെ പൊലീസിലെ പലരുടെയും തല ഉരുളും. കമൻഡാന്റിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടുമാത്രമാണ് അടൂരിലെ തട്ടിപ്പിൽ ഇത്രയെങ്കിലും വിവരങ്ങൾ പുറത്തായത് . പല കന്റീനുകളിലെയും കണക്ക് പുസ്തകങ്ങൾ അസോസിയേഷൻ നേതാക്കളുടെ കക്ഷത്തിലും തലയണക്കീഴിലുമായതിനാൽ അതിലൊന്നും പരിശോധന സാദ്ധ്യമാകാറില്ല. അഴിമതിതടയാനും നടപടിയെടുക്കാനും വിജിലൻസെന്ന സ്വന്തം വിഭാഗമുണ്ടായിട്ടും കന്റീൻ അഴിമതികളിൽ അന്വേഷണം നടത്താൻ കൂട്ടാക്കാത്തത് കോടികളുടെ കൊള്ള പുറം ലോകം അറിയാതിരിക്കാനുള്ള തന്ത്രമാണെന്നാണ് കരുതപ്പെടുന്നത്.