c

കൊല്ലം: കൊച്ചുള്ളിയുടെ വില ദിവസങ്ങൾക്കുള്ളിൽ കുതിച്ചുയർന്ന് നൂറിലെത്തി. രണ്ടാഴ്ച മുൻപുള്ള 60 രൂപയിൽ നിന്നാണ് പടിപടിയായി 95 മുതൽ നൂറ് വരെയെത്തിയത് തമിഴ്നാട്ടിൽ കഴിഞ്ഞമാസം പകുതിക്ക് ശേഷം രണ്ടാഴ്ചയിലേറെ നീണ്ടുനിന്ന കനത്ത മഴയാണ് അപ്രതീക്ഷിത വിലവർദ്ധനവിന്റെ കാരണം. മഴയിൽ വലിയ നാശനഷ്ടമുണ്ടായതിന് പുറമേ കൊച്ചുള്ളി വിളവെടുത്ത് ഉണക്കുന്നതിനെയും ബാധിച്ചിട്ടുണ്ട്. ഇപ്പോൾ കേരളത്തിലെത്തുന്ന കൊച്ചുള്ളി ഉണക്ക് കുറഞ്ഞതാണ്. അതുകൊണ്ടാണ് വേഗത്തിൽ അഴുകിപ്പോകുന്നത്. മൈസൂരിൽ നിന്നുള്ള കൊച്ചുള്ളിയുടെ വിലയും 80ന് മുകളിലായി. ചെറിയ അളവിൽ മാത്രമാണ് മൈസൂരിൽ നിന്ന് കൊച്ചുള്ളിയെത്തുന്നത്. തമിഴ്നാട് കൊച്ചുള്ളിയെക്കാൾ മൈസൂരിൽ നിന്നുള്ളതിന് ഉണക്ക് കുറവാണെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ ഒക്ടോബറിൽ സവാള വില കുതിച്ചുയർന്ന് നൂറിലേക്ക് എത്തിയിരുന്നു. ഹോർട്ടികോർപ്പ് നാഫെഡിൽ നിന്ന് സവാള വാങ്ങി 65 രൂപയ്ക്ക് വില്പന തുടങ്ങിയതോടെയാണ് വില ഇടിഞ്ഞുതുടങ്ങിയത്.

ഹോർട്ടികോർപ്പിൽ 95, സ്റ്റോക്കില്ല

ഹോർട്ടികോർപ്പിൽ ചൊവ്വാഴ്ച 95 രൂപയ്ക്കാണ് കൊച്ചുള്ളി വിറ്റത്. ഇന്ന് സ്റ്റോക്കില്ല. സപ്ലൈകോ, കൺസ്യൂമർഫെഡ് ഔട്ടലെറ്റുകളിലും കൊച്ചുള്ളി കിട്ടാനില്ലാത്ത അവസ്ഥയാണ്.

വില വീണ്ടും ഉയർന്നേക്കും

കൊച്ചുള്ളിയുടെ ഇപ്പോഴത്തെ വില വർദ്ധനവ് രണ്ടാഴ്ചയോളം നിലനിൽക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. വളരെക്കുറച്ച് കൊച്ചുള്ളിയേ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നുള്ളൂ. മൊത്തവ്യാപാരികൾക്ക് 85 രൂപയ്ക്കാണ് ലഭിക്കുന്നത്. സർക്കാർ സംവിധാനങ്ങൾ ഇടപെട്ടില്ലെങ്കിൽ വില വീണ്ടും ഉയർന്നേക്കും.

സീസൺ - കൊച്ചുള്ളി - വില

ആഗസ്റ്റ് ആദ്യം - 40

ഓണക്കാലം - 40

ഒക്ടോബർ പകുതി - 85

ഒക്ടോബർ അവസാനം - 100

ഡിസംബർ അവസാനം - 60

ഇപ്പോൾ - 100