
കുരുക്കിലായവരിൽ അധികവും മത്സ്യത്തൊഴിലാളികൾ
കൊല്ലം : തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് വ്യക്തിഗത ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നു. താത്കാലിക കെട്ടിട നമ്പർ പോലും ലഭിക്കാത്ത ആയിരക്കണക്കിന് പേർ ഇപ്പോഴുമുണ്ടെന്നാണ് കണക്ക്. വർഷങ്ങൾ കഴിഞ്ഞിട്ടും കെട്ടിടങ്ങൾ ക്രമവത്കരിക്കാനോ നിയമാനുസൃതമാക്കാനോ അധികൃതർ തയ്യാറാകുന്നില്ല. തീരദേശങ്ങളിൽ വീടുകൾ നിർമ്മിച്ചവരും പുതുക്കിപ്പണിതവരുമാണ് ഇപ്പോൾ കുരുക്കിലായത്. ഇവരിൽ ഭൂരിഭാഗവും സർക്കാർ സഹായത്തോടെ വീടുകൾ വെച്ച മത്സ്യത്തൊഴിലാളികളാണ്.
വൈദ്യുതി, റേഷൻകാർഡ് എന്നിവ ലഭിച്ചെങ്കിലും വീടുകൾക്ക് കെട്ടിടനമ്പർ ലഭിക്കാത്തതിനാൽ സർക്കാർ അനൂകൂല്യങ്ങളോ മറ്റ് സേവനങ്ങളോ ഇവർക്ക് ലഭ്യമല്ല. കുടിവെള്ള കണക്ഷൻ, വിദ്യാർത്ഥികൾക്കുള്ള തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ആനുകൂല്യങ്ങൾ, ടോയ്ലറ്റ്, കിണർ, വാട്ടർ ടാങ്ക് തുടങ്ങിയ വ്യക്തിഗത ആനുകൂല്യങ്ങൾക്ക് അർഹത നേടണമെങ്കിൽ കെട്ടിടത്തിന്റെ കരം അടച്ചിരിക്കണം. കരം അടയ്ക്കണമെങ്കിൽ ഈ കെട്ടിടങ്ങൾക്ക് താത്കാലികമോ സ്ഥിരമോ ആയ നമ്പർ ലഭിക്കണം. ക്രമവത്കരണം നടത്തി കെട്ടിടങ്ങൾ നിയമാനുസൃതമാക്കാൻ അതത് തദ്ദേശ സെക്രട്ടറിമാർക്ക് അധികാരമുണ്ടെങ്കിലും അവർ മുൻകൈയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.
ക്രമവത്കരണം നടന്നത് നീണ്ടകര പഞ്ചായത്തിൽ
ജില്ലയിൽ നീണ്ടകര പഞ്ചായത്തിൽ മാത്രമാണ് ക്രമവത്കരണം നടന്നിട്ടുള്ളത്. തീരദേശപരിപാലന നിയമത്തിന്റെ പരിധിയിൽ ഏറ്റവും കൂടുതൽ കെട്ടിടങ്ങളുള്ളതും നീണ്ടകരയിലാണ് (772). മൂന്നിരട്ടി കരം ഒടുക്കി 47 കെട്ടിടങ്ങൾ ക്രമപ്പെടുത്തുകയും 16 കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ നോട്ടീസ് നൽകുകയും ചെയ്തു. തീരദേശനിയമം ലംഘിച്ചതിൽ ഒരു കെട്ടിടം മാത്രമുള്ള ചാത്തന്നൂർ പഞ്ചായത്താണ് പട്ടികയിൽ അവസാനമുള്ളത്.
തീരദേശത്ത് നിർമ്മിച്ച കെട്ടിടങ്ങളുടെ എണ്ണം (2019 ഡിസംബറിലെ കണക്ക്)
താലൂക്ക് - വീടുകൾ - വീടുകളല്ലാത്തവ - വ്യക്തമാകാത്ത കെട്ടിടങ്ങൾ
കൊല്ലം - 2141 - 175 - 254
കരുനാഗപ്പള്ളി - 2009 - 234 - 256
കുന്നത്തൂർ - 48 - 5 - 0
ജലാശയ തീരങ്ങളിലെ കെട്ടിടങ്ങളുടെ എണ്ണം
കൊല്ലം താലൂക്ക് 
അഷ്ടമുടി കായൽ - 1011
അറബിക്കടൽ - 1150
ഇത്തിക്കര - 20
കല്ലട - 51
കായൽ തുരുത്ത് - 139
കോട്ടേകായൽ - 23
ടി.എസ്. കനാൽ - 10
തോട് - 102
വ്യക്തമാകാത്തവ - 64
കരുനാഗപ്പള്ളി താലൂക്ക്
അഷ്ടമുടി കായൽ - 602
അറബിക്കടൽ - 1130
കായൽ തുരുത്ത് - 195
പള്ളിക്കലാർ - 65
ടി.എസ്. കനാൽ - 132
തോട് - 105
വട്ടക്കായൽ - 16
കുന്നത്തൂർ താലൂക്ക് 
അഷ്ടമുടിക്കായൽ -5
കല്ലട - 38
തോട് - 10
കായൽ, കടൽ തീരങ്ങളിൽ താമസിക്കുന്നവരാണ് ഞങ്ങൾ. ഇവിടം വിട്ട് മറ്റൊരിടത്തേക്ക് താമസം മാറാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. കഷ്ടിച്ച് മൂന്ന് മുതൽ അഞ്ച് സെന്റ് വസ്തുവിൽ താമസിച്ച് ഉപജീവനം നടത്തുന്ന ഞങ്ങൾക്ക് കെട്ടിടനമ്പർ നൽകണം.
മത്സ്യത്തൊഴിലാളികൾ