പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്ത് ഇടമൺ-34ന് സമീപത്തെ കുന്നും പുറത്ത് റോഡിനോട് ചേർന്ന് പണികഴിച്ച കാത്തിരിപ്പ് കേന്ദ്രം മാറ്റി സ്ഥാപിക്കുമെന്ന് പഞ്ചായത്ത് അധികൃതരുടെ പ്രഖ്യാപനം പാഴ് വാക്കായി. രണ്ട് വർഷം മുമ്പാണ് കുന്നുംപുറം ജംഗ്ഷിൽ റോഡിലേക്ക് ഇറക്കി കാത്തിരിപ്പ് കേന്ദ്രം പണികഴിപ്പിച്ചത്. ഇത് കാരണം കാൽനട യാത്രക്കാർക്ക് പുറമെ , ബസ് കാത്ത് നിൽക്കുന്നവർക്കും ബസിൽ നിന്നും ഇറങ്ങുന്നവർക്കും ബുദ്ധിമുട്ടായി മാറുകയാണ്. ഇത് കണക്കിലെടുത്ത് മുൻ തെന്മല പഞ്ചായത്ത് പ്രസിഡൻറ് കാത്തിരിപ്പ് കേന്ദ്രം മാറ്റി സ്ഥാപിക്കുമെന്ന് ആറ് മാസം മുമ്പ് അറിയിച്ചിരുന്നെങ്കിലും തുടർ നടപടികൾ അന്തമായി നീണ്ട് പോകുകയാണ്.
കാൽനടയാത്രക്കാരുടെ കാഴ്ച്ച മറച്ച്
ദേശീയ പാത നവീകരണങ്ങളുടെ ഭാഗമായി ഒന്നര മാസം മുമ്പ് പാതയോരത്തെ കട്ടിംഗ് ഇടിച്ച് മണ്ണ് മാറ്റിയതോടെ കാത്തിരിപ്പ് കേന്ദ്രം റോഡിന്റെ വശത്തേക്ക് കൂടുതൽ അടുത്തു. ഇത് കൂടുതൽ അപകടങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ഇടമൺ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ലക്ഷം വീട്, പുലരി, ആന്നൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് കുന്നുംപുറം ജംഗ്ഷനിലെ ദേശീയ പാതയിൽ എത്തുന്ന സമാന്തര റോഡും കാത്തിരിപ്പ് കേന്ദ്രത്തിനോട് ചേർന്നാണ് കടന്ന് പോകുന്നത്. ഇട റോഡ് വഴി വാഹനങ്ങൾ കടന്ന് പോകുന്നതും ഇറങ്ങി വരുന്നതും കാത്തിരിപ്പ് കേന്ദ്രത്തിന്റെ മറവ് കൊണ്ട് കാൽനട യാത്രക്കാർക്ക് കാണാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ. ഇതിന് അഭിമുഖമായി മറ്റൊരു കാത്തിരിപ്പ് കേന്ദ്രം ഉണ്ടെങ്കിലും അത് കിഴക്ക് ഭാഗത്തേക്ക് പോകുന്ന ബസുകളിൽ കയറുന്ന യാത്രക്കാർക്കുള്ളതാണ്. കിഴക്ക് നിന്നും പുനലൂർ ഭാഗത്തേക്ക് പോകുന്ന ബസ് യാത്രക്കാരെ ലക്ഷ്യമിട്ടാണ് റോഡിനോട് ചേർന്ന് പുതിയ കാത്തിരിപ്പ് കേന്ദ്രം പഞ്ചായത്ത് പണികഴിപ്പിച്ചത്.
അപകടങ്ങൾ പതിവ്
കാത്തിരിപ്പ് കേന്ദ്രം പണിയാനുളള സൗകര്യങ്ങൾ വേറെ ഉണ്ടായിട്ടും ദേശീയ പാതയിൽ നിന്ന് മറ്റൊരു സമാന്തര റോഡ് തിരിഞ്ഞ് പോകുന്നതിനോട് ചേർന്ന് അശാസ്ത്രീയമായി പണിതതാണ് യാത്രക്കാരെയും കാൽനട യാത്രികരെയും ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. രണ്ട് വർഷത്തിനുള്ളിൽ നിരവധി വാഹന അപകടങ്ങൾ കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം നടന്നിട്ടുണ്ട്.വാഹനങ്ങളുടെ അമിത വേഗതയും അശ്രദ്ധയുമാണ് ഇവിടെ വാഹന അപകടങ്ങൾ വർദ്ധിക്കാൻ മുഖ്യകാരണം.ഇത് കണക്കിലെടുത്ത് നിലവിലെ കാത്തിരിപ്പ് കേന്ദ്രം യാത്രക്കാർക്ക് സൗകര്യപ്രഥമായ സ്ഥലത്തേക്ക് മാറ്റി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി.