
കൊല്ലം: കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിൽ പൊലീസ് ഹൈടെക്കാവുമ്പോൾ ക്വട്ടേഷൻ സംഘങ്ങൾ അതുക്കുംമേലെ. ചെറിയ തെളിവ് പോലും അവശേഷിപ്പിക്കാതെയാണ് ന്യൂജെൻ ക്വട്ടേഷൻ സംഘങ്ങൾ കൃത്യം പൂർത്തിയാക്കി സ്ഥലം കാലിയാക്കുന്നത്. മൊബൈൽ ഫോൺ കാളുകൾ, സി.സി ടി.വി ദൃശ്യം തുടങ്ങിയവയാണ് നേരത്തേ പലരെയും കുടുക്കിയിരുന്നത്. ഈ വഴികളെല്ലാം പൂർണമായും അടച്ച ശേഷമാണ് ക്വട്ടേഷൻ സംഘങ്ങൾ പണിക്കിറങ്ങുന്നത്. ക്വട്ടേഷൻ എടുക്കുന്നയാൾ നേരിട്ട് കൃത്യത്തിനിറങ്ങില്ല. പകരം മറ്റ് ജില്ലകളിലെ സംഘങ്ങൾക്ക് ക്വട്ടേഷൻ കൈമാറുകയാണ് പതിവ്. ഇങ്ങനെ പല കൈമറിഞ്ഞ സംഭവങ്ങളും ജില്ലയിലുണ്ടായിട്ടുണ്ട്.
കത്തിക്ക് പകരം സിറിഞ്ച്
കത്തി, വടിവാൾ, കമ്പി തുടങ്ങിയവ ഉപയോഗിച്ച് ക്രൂരമായി പരിക്കേൽപ്പിക്കുന്നതിന് പകരം സിറിഞ്ചുപയോഗിച്ച് ലഹരി വസ്തുക്കൾ കുത്തിവയ്ച്ച് അബോധാവസ്ഥയിലാക്കുന്ന രീതിയാണ് ഇപ്പോൾ ക്വട്ടേഷൻ സംഘങ്ങൾ പയറ്റുന്നത്. കുറ്റിച്ചിറ സ്വദേശിയായ യുവാവിനെ കൊല്ലം സ്വദേശികളായ രണ്ട് പേർ എറണാകുളത്തെ ലോഡ്ജ് മുറിയിലെത്തിച്ച് അമിതമായ അളവിൽ മയക്കുമരുന്ന് കുത്തിവച്ച ശേഷം കടന്നുകളഞ്ഞിരുന്നു. കഴിഞ്ഞ മാസം 22ന് ആശ്രാമം സ്വദേശിയായ യുവാവ് മരിച്ചതിന് പിന്നിലും സമാനമായ തന്ത്രമാണെന്ന് പൊലീസ് സംശയിക്കുന്നു. അവശനിലയിൽ കണ്ടെത്തിയ യുവാവിന്റെ ശരീരം കറുത്ത് കരിവാളിച്ചിരുന്നു. ഇതിന് പുറമേ ശരീരത്തിൽ കുത്തിവെച്ച പാടുകളും കണ്ടെത്തിയിരുന്നു.
പിടി വീഴാതിരിക്കാൻ പുതിയ രീതി
ക്വട്ടേഷൻ സംഘങ്ങൾ ഡീൽ ഉറപ്പിച്ചാലുടൻ കൃത്യത്തിലേക്ക് കടക്കില്ല. ബോധപൂർവം ഇടപാടുകാരുമായി ആഴ്ചകളോളം ഒരു സമ്പർക്കവും പുലർത്താതിരിക്കും. മൊബൈൽ ഫോൺ വീടുകളിൽ സൂക്ഷിക്കുകയോ സുഹൃത്തുക്കളെ ഏൽപ്പിക്കുകയോ ചെയ്ത ശേഷമാകും തെളിവ് ബാക്കി വയ്ക്കാതെ കൃത്യം നടപ്പാക്കുക. ഇതരജില്ലയിൽ നിന്നുള്ള സംഘങ്ങളാണെങ്കിൽ കുറഞ്ഞത് ഒരാഴ്ച മുൻപെങ്കിലും സ്ഥലത്തെത്തും. ഇരയെ ദിവസങ്ങളോളം നിരീക്ഷിക്കും. സി.സി ടി.വി കാമറകളില്ലാത്ത സ്ഥലത്ത് വച്ചാകും ആക്രമണം. സംഭവത്തിന് പിന്നിൽ ആരാണെന്ന് കണ്ടത്താൻ പൊലീസ് ഏറെ പ്രയാസപ്പെടും. പല ക്വട്ടേഷനുകളും ആളുമാറിയുള്ള ആക്രമണമെന്ന് കരുതി തള്ളുകയും ചെയ്യും.