 
കരുനാഗപ്പള്ളി: കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികളിൽ നിന്ന് കരകയറാനാകാതെ ദുരിതത്തിലായിരിക്കുകയാണ് പരമ്പരാഗത കട്ടമര മത്സ്യത്തൊഴിലാളികൾ. കഴിഞ്ഞ 9 മാസമായി കട്ടമര തൊഴിലാളികളുടെ കുടുംബങ്ങൾ പട്ടിണിയുടെ വക്കിലാണ് . കട്ടമരത്തിൽ നിന്നും ലഭിക്കുന്ന വരുമാനമാണ് ഇവരുടെ പ്രധാന ഉപജീവന മാർഗം.
ആലപ്പാട്ട്, പന്മന ഗ്രാമപഞ്ചായത്തുകളിൽ മാത്രമായി 200 ഓളം ആളുകൾ കട്ടമരം ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നുണ്ട്.സുനാമിക്ക് ശേഷം തൊഴിലാളികൾ ഫൈബർ ഉപയോഗിച്ചുള്ള കട്ടമരങ്ങളാണ് ഉപയോഗിക്കുന്നത്. കടലിൽ മത്സ്യബന്ധനത്തിനായി കട്ടമരത്തിൽ ഒരു മത്സ്യത്തൊഴിലാളിയാണ് പോകുന്നത്. മത്സ്യം പിടിച്ച് കൊണ്ട് വന്നാൽ വാങ്ങാൻ ആളില്ലാത്തതാണ് ഈ മേഖലയെ പ്രതിസന്ധയിലാക്കിയത്. നവംബർ മുതൽ മാർച്ച് വരെയാണ് കട്ടമരത്തിൽ പോകുന്ന തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ മത്സ്യങ്ങൾ ലഭിക്കുന്നത്.
മത്സ്യം വാങ്ങാനാളില്ല
കരയിൽ നിന്ന് 2 കിലോമീറ്റർ മാത്രം ഉള്ളിലാണ് ഇവർ വല വിരിക്കുന്നത്.അയലയും ചാളയും ചെമ്മീനും വലയിൽ കൂടുതലായി കുടുങ്ങാറുണ്ട്. . സീസൺ കാലയളവിൽ ഈ മേഖലയിൽ പണിയെടുക്കുന്ന ഒരു കട്ടമര തൊഴിലാളിക്ക് 1500 രൂപാ വരെ ലഭിക്കും. ഒന്നും കിട്ടാത്ത ദിവസങ്ങളും വിരളമല്ല. പിടിച്ചെടുക്കുന്ന മത്സ്യങ്ങൾ ഇവർ ലേലം ചെയ്ത് വില്ക്കാറാണ് പതിവ്. കൊവിഡ് വ്യാപകമായതൊടെ മത്സ്യം വാങ്ങാനായി എത്തുന്നവരുടെ എണ്ണം കുറഞ്ഞു. ഇതോടെ കട്ടമരത്തൊഴിലാളികൾ വല്ലപ്പോഴും മാത്രമാണ് പണിക്ക് പോകുന്നത് .ഒരു കട്ടമരം പുതുതായി നീറ്റിൽ ഇറക്കണമെങ്കിൽ 32000 രൂപാ വേണ്ടി വരും. കൂടാതെ അയില വല, ചെമ്മീൻ വല, ചാളവല എന്നിവയും ഇതോടൊപ്പം വേണം.
ഇതാണ് പഴയ കട്ടമരം
മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന പ്രത്യേകതരം വഞ്ചിയാണ് കട്ടമരം അഥവാ കട്ടുമരം. മരക്കഷ്ണങ്ങൾ കൂട്ടിക്കെട്ടിയ ഒരു അയഞ്ഞ ഘടനയാണ് ഈ വഞ്ചിക്കുള്ളത്.മൂന്ന് നീളൻ മരക്കഷണങ്ങളാണ് കട്ടമരംനിർമ്മിക്കുന്നതിന് ഉപയോഗിക്കുന്നത്. ഈ മരക്കഷണങ്ങളിൽ മദ്ധ്യഭാഗത്തുള്ളതിന് വലിപ്പം കൂടുതലായിക്കും. വഞ്ചിയുടെ അല്പം കുഴിഞ്ഞ ആകൃതി ലഭിക്കുന്നതിന് ഈ മരക്കഷണം മറ്റുള്ളവയെ അപേക്ഷിച്ച് അല്പം താഴ്ത്തിയായിരിക്കും കെട്ടിയിരിക്കുക. കട്ടമരം തുഴയുന്നതിന് പങ്കായം ആണ് ഉപയോഗിക്കുന്നത്.