desheya
കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കുന്നിക്കോട് പച്ചിലവളവിൽ സംരക്ഷണ ഭിത്തിയുടെ നിർമ്മാണം പുരോഗമിക്കുന്നു.

കുന്നിക്കോട് : കൊല്ലം - തിരുമംഗലം ദേശീയപാതയിൽ വാഹനാപകട ഭീഷണി നേരിടുന്ന കുന്നിക്കോട് പച്ചിലവളവിൽ റോഡിന്റെ വീതി വർദ്ധിപ്പിച്ച് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നു. ദേശീയപാതയുടെ പുനലൂർ - അമ്പലത്തുംകാല റീച്ചിന്റെ പുനരുദ്ധാരണ പണികളുടെ ഭാഗമായാണ് ഇവിടെ 200 മീറ്ററോളം നീളത്തിൽ കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമ്മിക്കുന്നത്. ആറുമാസത്തിനുള്ളിൽ പണികൾ പൂർത്തിയാകുമെന്ന് അധികൃതർ പറയുന്നു.

അപകങ്ങളൊഴിവാകും

നേരത്തെ ദേശീയപാത പ്രഖ്യാപനത്തിന് മുൻപ് ഈ പാത കൊല്ലം - ചെങ്കോട്ട പാത ആയിരുന്നപ്പോഴും വാഹനാപകടങ്ങൾക്ക് ഒരു കുറവും ഇല്ലായിരുന്നു. നിരവധി പേരുടെ ജീവൻ പൊലിഞ്ഞ അപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. സംരക്ഷണ ഭിത്തി നിർമ്മാണം പൂർത്തിയാക്കി ശാസ്ത്രീയമായ ദിശാസൂചിക ബോർഡുകളും സൈൻ ബോർഡുകളും സ്ഥാപിക്കുന്നതോടെ മേഖല അപകട രഹിതമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ചേത്തടി ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങൾ ഇവിടെ കൊടും വളവ് കഴിയുന്നതോടെയാണ് കൂടുതൽ തവണയും അപകടത്തിൽപ്പെടുന്നത്. ടാങ്കർ ലോറികളും ഇവിടെ റോഡിൽ നിന്ന് കുഴിയിലേക്ക് പോയിട്ടുണ്ട്. നിറയെ യാത്രക്കാരുമായി എത്തിയ കെ.എസ്.ആർ.ടി.സി ബസുകളും അപകടത്തിൽ പെട്ടിട്ടുണ്ട്. ദേശീയപാത ഉപരിതല മന്ത്രാലയത്തിൽ നിന്നും നാഷണൽ ഹൈവേ അതോറിട്ടി ഏറ്റെടുക്കുന്നതിനു മുൻപ് ഉള്ള പദ്ധതിയായിരുന്നു ഇവിടുത്തെ സംരക്ഷണ ഭിത്തി നിർമ്മാണം.