 
കുന്നത്തൂർ : പണ്ട് കാലങ്ങളിൽ നിരത്തുകളിൽ രാജകീയ പ്രൗഢിയോടെ വാണിരുന്ന പഴയ കാല സ്കൂട്ടറുകളെ പുതു തലമുറയ്ക്ക് മുമ്പിൽ അവതരിപ്പിച്ച് ഒരു സംഘം യുവാക്കൾ.വിന്റേജ് ആൻഡ് ക്ലാസിക് സ്കൂട്ടേഴ്സ് ക്ലബ് കൊല്ലം യൂണിറ്റ് പ്രവർത്തകരാണ് പ്രധാന ടൗണുകളിൽ സ്കൂട്ടർ ഷോയുമായി രംഗത്തുള്ളത്.പഴയ കാല സ്കൂട്ടറുകളെ സംരക്ഷിക്കുകയും അവയെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ് പ്രവർത്തിക്കുന്നത്.പഴയ സ്കൂട്ടർ പ്രണയം തലയ്ക്ക് പിടിച്ചവരെന്ന് ഇവരെ വിശേഷിപ്പിക്കാം.1968 മുതൽ 1999 വരെയുളള മോഡൽ സ്കൂട്ടറുകളാണ് പ്രദർശനത്തിന് എത്തുന്നത്.അതായത് ലാംബ്രട്ട മുതൽ ബജാജ് കബ് വരെ. ലാമ്പി, വിജയ് സൂപ്പർ,വെസ്പ,ബജാജ് ചേതക്,ബജാജ് സൂപ്പർ തുടങ്ങിയ മോഡലുകളും ഇക്കൂട്ടത്തിലുണ്ട്.ഇവയിൽ മിക്കവയും ഇന്ന് നിരത്തുകളിൽ നിന്നും അപ്രത്യക്ഷമായവയാണ്.പ്രദർശനം കാണാനെത്തുന്നവർക്ക് വാഹനത്തെ കുറിച്ചുള്ള സർവ വിവരങ്ങളും വിവരിച്ച് നൽകും.അവരിൽ ചിലർ ഇഷ്ടപ്പെടുന്ന സ്കൂട്ടറുകൾക്ക് മോഹവില പറയുമെങ്കിലും വിൽക്കാറില്ല.ന്യൂ ജെൻ പിള്ളേരൊക്കെ പഴയകാല സ്കൂട്ടർ രാജാക്കന്മാർക്കൊപ്പം സെൽഫിയെടുത്താണ് മടങ്ങുന്നത്. അടുത്തിടെ ഭരണിക്കാവിൽ നടത്തിയ പ്രദർശനം ഏറെ ശ്രദ്ധേയമായിരുന്നു. അഷ്ഫഖ് കൊട്ടാരക്കര,അജ്മൽ അർത്തിയിൽ,അസീം തുടങ്ങിയവരാണ് പ്രദർശനത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്