 
കൊല്ലം: ചെറുകിട അച്ചടി മേഖലയെ നിലനിറുത്തുവാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരളാ പ്രിന്റേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വസനീയമായത് അച്ചടിമാദ്ധ്യമമാണെന്നത് പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്. സർക്കാരുൾപ്പെടെ ഡിജിറ്റൽ മാദ്ധ്യമത്തിന് അമിതമായ പ്രോത്സാഹനം നൽകുന്നത് അച്ചടി വ്യവസായത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. കലണ്ടർ, ഡയറി എന്നിവ അച്ചടിക്കേണ്ടതില്ലെന്ന കേന്ദ്ര സർക്കാർ തീരുമാനം അച്ചടി വ്യവസായത്തിനേറ്റ കനത്ത പ്രഹരമാണെന്നും ഭാരവാഹികൾ പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജി ബാഹുലേയൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി.എസ്. ഇന്ദുലാൽ റിപ്പോർട്ടും ട്രഷറർ എം. സാജൻ കണക്കും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ. ജേക്കബ്, ആർ.സി. പ്രദീപ്, ജി. പത്മപാദൻ, ഡി. സുഗതൻ, ജി. ബാബു, കേരളാ മണിയൻപിള്ള, കെ.എസ്. രാജേഷ്, പി. നെപ്പോളിയൻ, സി. രാധാകൃഷ്ണപിള്ള തുടങ്ങിയവർ സംസാരിച്ചു.
വിദ്യാഭ്യാസ പുരസ്‌കാര വിതരണം, പഠന ക്ലാസ്, തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ ആദരിക്കൽ എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.