navas
പൊതുമരാമത്ത് ഉദ്യോഗസ്ഥർ കുറ്റിയിൽ മുക്കിൽ പരിശോധന നടത്തുന്നു മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എം.സെയ്ദ്, വൈസ് പ്രസിഡൻറ് ലാലിബാബു എന്നിവർ സമീപം

ശാസ്താംകോട്ട: മൈനാഗപ്പള്ളി കുറ്റിയിൽ മുക്കിൽ ഓടയും കലുങ്കും നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കിഫ്ബി പദ്ധതിയിൽ പുനർനിർമ്മിക്കുന്ന കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡിൽ കുറ്റിയിൽ മുക്കിലും സമീപത്തുള്ള ജുമാ മസ്ദിന് സമീപവും മുമ്പ് കലുങ്കുണ്ടായിരുന്നു. റോഡ് നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിൽ കലുങ്ക് ഒഴിവാക്കിയെങ്കിലും പിന്നീട് കലുങ്ക് നിർമ്മാണത്തിനായി സ്ഥലം ഒഴിച്ചിടുകയായിരുന്നു. കലുങ്ക് നിർമ്മാണം ഉപേക്ഷിച്ച് ഒഴിച്ചിട്ടിരുന്ന ഭാഗം കഴിഞ്ഞ ദിവസം ടാർ ചെയ്തത് കേരളാ കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്ത് എത്തി. പ്രതിഷേധം ശക്തമായതോടെ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്ദ്, വൈസ് പ്രസിഡന്റ് ലാലി ബാബു എന്നിവരുടെ നേതൃത്വത്തിൽ അധികൃതരെ വിവരം ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി.

ഓടയില്ലാതെ കലുങ്ക് നിർമ്മിക്കാനാകില്ല

നിലവിലെ അവസ്ഥയിൽ വെള്ളം ഒഴുകി പോകുന്നതിന് ആവശ്യമായ ഓടയില്ലാതെ കലുങ്ക് നിർമ്മിക്കുന്നത് പ്രായോഗികമല്ല. സമീപത്തെ പഞ്ചായത്ത് റോഡിന്റെ വശത്തുകൂടി 300 മീറ്റർ നീളത്തിൽ ഓട നിർമ്മിക്കണം. മറ്റൊരു റോഡിൽ പൊതുമരാമത്ത് വകുപ്പിന് ഓട നിർമ്മിക്കാൻ സാധിക്കില്ല.ഓട നിർമ്മിച്ചാൽ മാത്രമേ കലുങ്ക് നിർമ്മിക്കാൻ സാധിക്കുകയുള്ളൂവെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചു. ഓട ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തിൽ നിർമ്മിക്കുമെന്ന് ജനപ്രതിനിധികൾ അറിയിച്ചു.