 
തെന്മല : വെള്ളിമലയിൽ വീടിനുള്ളിലേക്ക് കാർ പാഞ്ഞു കയറി രണ്ട് പേർക്ക് പരിക്ക്. ബുധനാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.
വെള്ളിമല അമൃത ഭവനിൽ ബീനയുടെ വീട്ടിലേക്കാണ് കാർ പാഞ്ഞുകയറിയത്. പുനലൂരിൽ നിന്ന് ഉറുകുന്നിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണം. അപകടം നടക്കുമ്പോൾ ബീനയുടെ മകൾ പൊന്നു (21) വീടിനുള്ളിൽ ഉണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഈ സമയം ബീനയും മകൻ നന്ദുവും (14) വീടിന് പുറത്തായിരുന്നു. അപകടത്തിൽ ഉറുകുന്ന് സ്വദേശിയും പൊതുപ്രവർത്തകനുമായ ഗോപാലകൃഷ്ണനും വാഹനം ഓടിച്ചിരുന്ന ആൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം ഓടിച്ചിരുന്നയാൾ ഉറങ്ങിപോയതാവാം അപകടകാരണമെന്നാണ് പ്രാഥമിക വിവരം.