thoppil-kadavu
കൊല്ലം തോപ്പിൽക്കടവ് ബോട്ടുജെട്ടി

കൊല്ലം: ലക്ഷങ്ങൾ പൊടിപൊടിച്ച നഗരത്തിലെ ബോട്ടുജെട്ടികളിൽ യാത്രാ ബോട്ടുകളൊന്നും അടുക്കുന്നില്ല. ടൂറിസം സാദ്ധ്യത മുൻനിറുത്തി നിർമ്മിച്ചതെന്നാണ് വാദമെങ്കിലും കൊല്ലം തോട് നവീകരണം പൂർത്തിയാകാത്തതിനാൽ ഈ സാദ്ധ്യതയ്ക്കും വർഷങ്ങളേറെ കാക്കേണ്ടി വരും.

തോപ്പിൽക്കടവ്, മാമൂട്ടിൽക്കടവ്, കുരീപ്പുഴ, ഇരവിപുരം താന്നി, മയ്യനാട് എന്നിവിടങ്ങളിലാണ് ഉൾനാടൻ ജലഗതാഗത വകുപ്പ് ലക്ഷങ്ങൾ ചെലവഴിച്ച് ബോട്ടുജെട്ടികൾ നിർമ്മിച്ചത്. ഇതിൽ ഇരവിപുരം താന്നി, മയ്യനാട് എന്നിവിടങ്ങളിലൂടെ ബോട്ട് സർവീസുകളൊന്നും നിലവിലില്ല. തോപ്പിൽക്കടവ്, മാമൂട്ടിൽക്കടവ് ഭാഗത്ത് ആദ്യഘട്ടത്തിൽ ബോട്ടുകൾ അടുക്കുമായിരുന്നെങ്കിലും ഇപ്പോൾ സർവീസുകളില്ല.

തോപ്പിൽക്കടവ് ഭാഗത്ത് കാത്തിരിപ്പ് കേന്ദ്രമുൾപ്പെടെയുള്ള സൗകര്യങ്ങളോടെയാണ് പത്ത് വർഷം മുമ്പ് ബോട്ടുജെട്ടി നിർമ്മിച്ചത്. തറയോടുകൾ പാകിയും ചെടികൾ വച്ചുപിടിപ്പിച്ചും നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഏറ്റവും കൂടുതൽ തുക ചെലവഴിച്ച തോപ്പിൽക്കടവിൽ ഇന്ന് കാടുകയറി മാലിന്യം കുന്നുകൂടി. രാത്രിയായാൽ മദ്യപസംഘങ്ങളുടെ താവളം കൂടിയാണ് ഇവിടം. ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസുകൾ ഇവിടെ നിന്നാരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന പ്രഖ്യാപനവും പാഴ്വാക്കായി.

 ലാഭകരമെങ്കിലും..

കളക്ടറേറ്റിൽ ജോലിചെയ്യുന്നവർക്ക് സൗകര്യപ്രദമായിരുന്ന തോപ്പിൽകടവ് ബോട്ടുജെട്ടിയെ ജലഗതാഗതവകുപ്പ് സൗകര്യപൂർവം വിസ്മരിക്കുകയായിരുന്നു. കുരീപ്പുഴ, സാമ്പ്രാണിക്കോടി, പ്ലാവറക്കടവ് ഭാഗങ്ങളിൽ നിന്ന് നഗരത്തിലെത്തുന്നവർക്ക് പ്രയോജനകരമായ തരത്തിൽ ഇവിടെ സർവീസ് ക്രമീകരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. സാമ്പ്രാണിക്കോടി-അരവിള, പ്ലാവറക്കാവ്- കൊല്ലം ബോട്ട് സർവീസുകൾ പുനഃക്രമീകരിച്ച് ലാഭകരമാക്കാനും തോപ്പിൽക്കടവ് ബോട്ടുജെട്ടിയിലൂടെ സാധിക്കുമെന്നതിൽ തർക്കമില്ല.

.