
കൊല്ലം: ഗോവയിലെ സ്നോ പാർക്കിൽ അവർ ആഘോഷമാക്കി, മഞ്ഞിൽ കളിച്ച് കാൻസറിനെ തോൽപ്പിച്ചു. ചിരിച്ചും അടിച്ചുപൊളിച്ച് ഡാൻസ് ചെയ്തും മണിക്കൂറുകൾ തള്ളിനീക്കിയപ്പോഴും തന്റെ കരളിനെക്കൂടി കാൻസർ കവർന്നെടുത്തതിന്റെ വേദന കൂടുതൽ അനുഭവിക്കുകയായിരുന്നു നന്ദു മഹാദേവ. കാൻസറിനെ പുഞ്ചിരിയോടെ തോൽപ്പിച്ചുകൊണ്ടിരിക്കുന്ന നന്ദു മഹാദേവയെ ഇന്ന് മലയാളികൾക്കെല്ലാം അറിയാം. ഗോവയിൽ നിന്ന് നന്ദുവും സംഘവും മടങ്ങിയപ്പോൾ അവിടെയുള്ളവരും നന്ദുവിനെ ഹൃദയത്തിലാക്കി. തോൽക്കാൻ മനസില്ലാതെ ജീവിതം ആഘോഷമാക്കുവാനുള്ള നന്ദു മഹാദേവയുടെ തീരുമാനം എല്ലാവരും നെഞ്ചോട് ചേർക്കുകയാണ്. എന്നാൽ ഗോവയിലെ സന്തോഷത്തിനൊപ്പം നന്ദു ഫേസ് ബുക്കിൽ കുറിച്ചത് ഉള്ളുലയ്ക്കുന്നുമുണ്ട്. വേദനയോടെ വായിച്ച കുറിപ്പുകൾ എല്ലാവരും ഷെയർ ചെയ്യാൻ തുടങ്ങിയതോടെ വൈറലായി. അതിന്റെ പൂർണരൂപം ഇങ്ങനെ....
"ക്യാൻസർ എന്റെ കരളിനെ കൂടി കവർന്നെടുത്തു തുടങ്ങിയിരിക്കുന്നു..! ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞു ഇനി അധികമൊന്നും ചെയ്യാനില്ലെന്നു ഡോക്ടർ പറഞ്ഞു.. ഞാൻ വീട്ടിൽ പോയിരുന്നു കരഞ്ഞില്ല..!! പകരം കൂട്ടുകാരെയും കൂട്ടി നേരേ ഗോവയിലേക്ക് ഒരു യാത്ര പോയി അടിച്ചങ്ങു പൊളിച്ചു..!! അസഹനീയമായ വേദനയെ നിലയ്ക്കു നിർത്താൻ ഓരോ രണ്ടു മണിക്കൂറും ഇടവിട്ട് മോർഫിൻ എടുത്തുകൊണ്ടിരുന്നുവെങ്കിലും ആ ഉദ്യമത്തിൽ ഞാൻ സമ്പൂർണ്ണ പരാജിതനായി..! പക്ഷേ എന്റെ മാനസികമായ കരുത്തിനു മുന്നിലും വേദനകളെ കടിച്ചമർത്തി ആഹ്ളാദിക്കുവാനും ഉല്ലസിക്കുവാനും ഉള്ള കഴിവിന് മുന്നിലും മോർഫിൻ കൊണ്ട് പിടിച്ചു കെട്ടാൻ പറ്റാത്ത വേദനപോലും നാണിച്ചു പണ്ടാരമടങ്ങിപ്പോയി..!
ഡ്രൈവിംഗ് അത്രമേൽ ഇഷ്ടമുള്ള എനിക്ക് എന്റെ കൂട്ടുകാരെയും പിന്നിലിരുത്തി കുറച്ചധികം ദൂരം വണ്ടിയോടിക്കണം എന്ന് അടങ്ങാത്ത ആഗ്രഹം ഉണ്ടായിരുന്നു.. അതവർ സാധിച്ചു തന്നു.. സ്‌നോ പാർക്കിൽ പോയി മഞ്ഞിൽ കളിച്ചു... മനോഹരമായ ഗോവൻ ബീച്ചുകളുടെ ഭംഗി കണ്ടാസ്വദിച്ചു.. ഒടുവിൽ പബ്ബിലും പോയി നൃത്തം ചെയ്ത ശേഷമാണ് ഞങ്ങൾ ഗോവയോട് വിട പറഞ്ഞത്..! ക്രച്ചസും കുത്തി പബ്ബിലേക്ക് ചെല്ലുമ്പോൾ അന്യഗ്രഹ ജീവികളെ പോലെ ഞങ്ങളെ നോക്കിയവർ ഒടുവിൽ ഞങ്ങൾക്കൊപ്പം നൃത്തം വയ്ക്കാനും ഞങ്ങളെ പരിചയപ്പെടാനും തിരക്ക് കൂട്ടിയപ്പോൾ അഭിമാനം തോന്നി..! പാതി ഉറക്കത്തിലായിരുന്ന ആ പബ്ബിനെ ഞങ്ങൾ ആഹ്ലാദത്തിന്റെ കൊടുമുടിയിൽ എത്തിച്ചു..!
ഗോവ ഞങ്ങളെ മറക്കില്ല.. ഞങ്ങൾ ഗോവയെയും.. ഈ ക്യാൻസർ ദിനത്തിൽ എനിക്ക് ഈ ലോകത്തിന് നൽകാനുള്ള സന്ദേശവും ഇതാണ്.. എത്ര അസുഖകരമായ അവസ്ഥയിൽ കൂടി പോയാലും ശുഭാപ്തി വിശ്വാസത്തോടുകൂടി ശരിയായ ചികിത്സയ്ക്ക് വിധേയരായി മുന്നോട്ട് പോയാൽ നമുക്ക് ഒരു പരിധി വരെ അർബുദത്തെ പിടിച്ചു കെട്ടാൻ സാധിക്കും.. ചെറിയ ചെറിയ വേദനകൾ വന്നാൽ പോലും ശ്രദ്ധിക്കുക , സമയം വൈകിപ്പിക്കാതിരിക്കുക..
എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിച്ചിട്ടുള്ളത് എന്റെ പ്രിയപ്പെട്ട നിങ്ങൾ ഓരോരുത്തരുടെയും ആത്മാർത്ഥമായ പ്രാർത്ഥനകൾ കാരണമാണ്.. അതിനിയും വേണം.. ഒപ്പം സ്നേഹവും.. ഒരു കരള് പറിച്ചു കൊടുത്താൽ പകരം ഒരു നൂറു കരളുകൾ എന്നെ സ്നേഹിക്കാൻ എന്റെ ഹൃദയങ്ങൾ നിങ്ങളൊക്കെ കൂടെയുള്ളപ്പോൾ ഞാനെന്തിന് തളരണം..!
നന്ദു മഹാദേവ വെറുമൊരു നക്ഷത്രമായിരുന്നില്ല , സൂര്യനെപ്പോലെ ഒരു നക്ഷത്രമായിരുന്നു എന്ന് പറഞ്ഞു കേൾക്കുവാനാണ് എനിക്കിഷ്ടം.. അതുകൊണ്ട് തന്നെ അവസാന നിമിഷം വരെയും പുകയില്ല.. കത്തി ജ്വലിക്കും..!
ഞങ്ങളുടെ ഈ യാത്ര പ്രതീക്ഷയറ്റ നൂറു കണക്കിന് സഹോദരങ്ങൾക്ക് ഒരു പ്രത്യാശയാകട്ടെ..!
സ്നേഹപൂർവ്വം, നന്ദു മഹാദേവ"