police

തിരുവനന്തപുരം: നവീകരണത്തിന്റെ ഭാഗമായി സംസ്ഥാന പൊലീസിൽ നടപ്പാക്കിയ പരിഷ്കാരങ്ങളിൽ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഇ-ബീറ്റ് -ഇലക്ട്രോണിക് ബീറ്റ് പദ്ധതി (പട്രോളിംഗ് ബുക്ക് -പട്ടാ ബുക്ക് )​ അഴിമതിയിൽ മുങ്ങിക്കുളിച്ചതിന് പിന്നാലെ നാമാവശേഷമായി. ഒരുകോടിയിലേറെ രൂപയുടെ അഴിമതി പ്രാഥമികമായി കണ്ടെത്തിയ പദ്ധതിയിൽ വിശദമായ അന്വേഷണത്തിന് പൊലീസും ക്രൈംബ്രാഞ്ചും ശുപാ‌ർശചെയ്തെങ്കിലും അന്വേഷണമോ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയോ സ്വീകരിക്കാതെ പൊലീസ് ആസ്ഥാനത്തെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ ഫയൽ പൂഴ്ത്തി.

പന്തികേട് മണത്തറിഞ്ഞു, ഉന്നതൻ ഫയൽ മുക്കി

സംസ്ഥാന പൊലീസിൽ ക്രമസമാധാന പാലനത്തിന് നേതൃത്വം നൽകുന്ന പൊലീസ് ഉന്നതരിൽ ഒരാളാണ് തന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പദ്ധതി അന്വേഷണ വിധേയമായാലുള്ള പന്തികേട് മുൻകൂട്ടിക്കണ്ട് രഹസ്യമായി ഒതുക്കിയത്. പദ്ധതിക്കും നിർവ്വഹണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനുമെതിരെ സമഗ്രമായ വിജിലൻസ് അന്വേഷണത്തിന് നൽകിയിരുന്ന ശുപാ‍ർശ പൊലീസ് ആസ്ഥാനത്ത് ചുവപ്പ് നാടകൾക്കുള്ളിൽ പൊടിയും മാറാലയും മൂടി ഒടുങ്ങി.

പദ്ധതിയും അന്വേഷണവും കുഴിച്ചുമൂടിയ പൊലീസ് മേധാവികൾ ഇ -ബീറ്റുകളുടെ സ്ഥാനത്ത് പഴയ മാതൃകയിൽ വീണ്ടും പട്ടാ ബുക്കുകൾ സ്ഥാപിച്ചു. വിദേശ രാജ്യങ്ങളിൽ മാതൃകാപരമായി നടപ്പാക്കുന്ന പദ്ധതിയെ അനുകരിച്ചാണ് പൊലീസ് നവീകരണ പരിപാടികളുടെ ഭാഗമായി സംസ്ഥാനത്തും ഇ-ബീറ്റ് സ്ഥാപിച്ചത്.

ഫയൽ മാറ്റിമറിക്കാൻ വിദഗ്ദ്ധൻ
അന്വേഷണത്തിലിരിക്കുന്ന കേസുകളിൽ ഒൗദ്യോഗികമായും വ്യക്തിപരമായും ഉന്നതന് താത്പര്യമുള്ള ഫയലുകളിൽ നടപടിയെടുക്കാതിരിക്കാൻ സെക്ഷനുകൾ കയറിയിറങ്ങിയും കർശനനിർദ്ദേശങ്ങൾ നൽകിയും അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ സേനയിലെ ഒരു എസ്.പിയെക്കാൾ വിദഗ്ദ്ധനാണ്. പലപ്പോഴും അന്വേഷണ ഉദ്യോഗസ്ഥർ പദവിയിൽ താഴ്ന്നവർ ആയതിനാൽ നിവൃത്തിയില്ലാതെ സ്വാധീനത്തിന് വഴങ്ങി ക്രമക്കേടിനും പക്ഷപാതപരമായ തീരുമാനത്തിനും കൂട്ടുനിൽക്കേണ്ടി വരുന്ന അവസ്ഥയാണ്. അനീതിക്കിരയായവർ പരാതിപ്പെട്ടാൽ കമ്മിഷണർ, ഡി.സി.പി, എ.സി, സി.ഐ, എസ്.ഐ വരെയുള്ളവർ ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദ്ദമാണെന്ന് പറഞ്ഞ് കൈകഴുകും. ഇപ്രകാരം നടന്ന തിരിമറികളിൽ സത്യസന്ധരായ ഉദ്യോഗസ്ഥർ ഖിന്നരാണ്.

ഇലക്‌ട്രോണിക്‌ ബീറ്റ്‌ ?

പൊലീസുകാരുടെ രാത്രികാല പട്രോളിംഗ് സംവിധാനം കാര്യക്ഷമമാക്കുന്നതിന് നടപ്പിലാക്കിയ പദ്ധതിയാണ് ഇലക്‌ട്രോണിക്‌ ബീറ്റ്‌ (ഇ-ബീറ്റ്‌). സ്‌ത്രീ സുരക്ഷ, ക്രമസമാധാനപാലനം എന്നിവ ലക്ഷ്യമിട്ടാണ് കേരള പൊലീസ്‌ ഇ-ബീറ്റിന് തുടക്കമിട്ടത്‌. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സാങ്കേതികവിദ്യയുള്ള ഉപകരണം ബീറ്റിനിറങ്ങുന്ന ഓരോ പൊലീസുകാരന്റെയും പക്കലുമുണ്ടാകും. വിവിധ സ്‌ഥലങ്ങളിൽ വച്ചിരിക്കുന്ന ഇലക്‌ട്രോണിക്‌ ടാഗുകളിൽ ഈ ഉപകരണം സ്വൈപ്പ്‌ ചെയ്‌താണ്‌ പൊലീസുകാരൻ ഡ്യൂട്ടി സംബന്ധമായ വിവരങ്ങൾ രേഖപ്പെടുത്തുന്നത്‌.

പട്രോളിംഗിനിറങ്ങുന്ന പൊലീസുകാരന്റെ പേര്‌, സമയം, സ്‌ഥലം തുടങ്ങിയ വിവരങ്ങൾ ഈ മെഷീനിൽ രേഖപ്പെടുത്തും. പട്ടാ ബുക്കിനു പകരമാണ് ഇ-ബീറ്റ്‌ സംവിധാനം. ക്ഷേത്രങ്ങളും ബാങ്കുകളും പ്രമുഖ ഒാഫീസുകളും അടക്കം നിരവധി സ്ഥലങ്ങളിൽ പൊലീസ് പരിശോധനയ്‌ക്കെത്തും. പട്രോൾ സംഘത്തിലെ പൊലീസുകാരുടെ പക്കലുള്ള ആൻഡ്രോയ്ഡ് ഫോൺ ബീറ്റുള്ള സ്ഥലത്ത് ഘടിപ്പിച്ചിട്ടുള്ള സിം കാ‍ർഡിന് സമാനമായ ബോ‍ർഡിൽ കാണിച്ചാൽ ബീറ്റ് ഓഫീസർ സ്ഥലത്തെത്തിയെന്ന് രേഖപ്പെടുത്തും. സ്റ്റേഷൻ ഹൗസ് ഓഫീസർമുതൽ മേലുദ്യോഗസ്ഥർക്ക് ആർക്കും ഇത് പരിശോധിക്കാം.
ബീറ്റ് ബുക്കുകൾക്ക് പകരം മൈക്രോചിപ്പ് ഘടിപ്പിച്ച റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിയബിൾ ഡിവൈസാണ് (ആർ.എഫ്.ഐ.ഡി.)സ്ഥാപിച്ചത്. മൈക്രോചിപ്പ് (ടാഗ്) ഘടിപ്പിച്ച സിം കാർഡ് പോലുള്ള ബോർഡ് ഓരോ സ്ഥലത്തും ഘടിപ്പിക്കും. ഇതിൽ എൻ.എഫ്.സി. (നിയർ ഫ്രീക്വൻസി കണക്ടർ) സംവിധാനമുള്ള സ്മാർട്ട് ഫോൺ ഉപയോഗിച്ച് തൊടുമ്പോൾ ബീപ്പ് ശബ്ദം കേൾക്കും.


ബീറ്റ് ഓഫീസർ സ്ഥലത്തെത്തിയ സമയം ഉൾപ്പെടെ വിവരങ്ങൾ പൊലീസിന്റെ സെർവറിൽ തെളിയും. ഓരോ ദിവസവും ബീറ്റ് ഓഫീസറെ നിശ്ചയിക്കുന്നത് ഫോണിൽ ഡൗൺലോഡ് ചെയ്ത് നോക്കാനും. ഇ-ബീറ്റ് രേഖകൾ പിന്നീട് പരിശോധിക്കാനും ഇലക്ട്രോണിക് സംവിധാനം ഉപയോഗപ്പെടുമെന്നും മറ്റുമായിരുന്നു പ്രഖ്യാപനം. പൊലീസുകാർക്ക് പരിശീലനത്തിന് പുറമേ ഓരോ സ്റ്റേഷനിലും അരലക്ഷത്തിലേറെ രൂപമുടക്കി അഞ്ച് ആൻഡ്രോയ്ഡ് മൊബൈൽ ഫോണുകളും വാങ്ങി നൽകിയിരുന്നു.രാത്രികാല ഡ്യൂട്ടിയിലുള്ള പൊലീസുകാർ പട്ടാ ബുക്കുകളിൽ മാസങ്ങളോളം ഒപ്പിടാതെ പരിശോധനയ്‌ക്കെത്തുമ്പോൾമാത്രം ഒരുമിച്ച്‌ ഒപ്പിടുന്ന രീതി ഉണ്ടായിരുന്നു

നൈറ്റ്‌ പട്രോളിംഗിനെത്തുന്ന പൊലീസുകാർ സേവനവിവരങ്ങൾ രേഖപ്പെടുത്താൻ ഓരോ സ്‌ഥലങ്ങളിൽ സ്‌ഥാപിച്ചിട്ടുള്ള പട്ടാ ബുക്കുകളിൽ ഒപ്പിട്ടിരുന്ന രീതി വിമർശനങ്ങൾക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് ഇ-ബീറ്റ് പരിഷ്കാരം കൊണ്ടുവന്നത്.

പതിറ്റാണ്ട് പിന്നിട്ടിട്ടും

അന്വേഷണമില്ല

2011-12ൽ പൊലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നടന്ന പദ്ധതിയിലാണ് അഴിമതി കണ്ടെത്തിയത്. 1.87 കോടിയുടെ അഴിമതി നടന്നതായിട്ടായിരുന്നു കണ്ടെത്തൽ. പദ്ധതിക്കായി സ്ഥാപിച്ച ഉപകരണങ്ങൾ ഗുണനിലവാരം കുറഞ്ഞതാണെന്നും ഉപയോഗയോഗ്യമല്ളെന്നും മോഡണൈസേഷൻ എ.ഡി.ജി.പിയായിരിക്കെ ‌‌ ഡോ. ബി. സന്ധ്യയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഇത് ഗൗരവമായി കാണേണ്ട വിഷയമാണെന്ന നിഗമനത്തിനാണ് അന്നത്തെ ഡി.ജി.പി ടി.പി. സെൻകുമാർ അന്വേഷണം പ്രഖ്യാപിക്കുകയും ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തത്. അന്നത്തെ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി യുവ ഐ.പി.എസുകാരിൽ ഒരാളായ എസ്.പിക്ക് അന്വേഷണച്ചുമതല കൈമാറിയെങ്കിലും ഒന്നും സംഭവിച്ചില്ല.


ബംഗളൂരു കമ്പനിക്ക് കൈമാറിയത് ഉന്നതൻ

സംസ്ഥാനത്തെ ഏഴ് പൊലീസ് ജില്ലകളിലായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലാണ് പദ്ധതി നടപ്പാക്കിയത്. ബംഗളൂരു ആസ്ഥാനമായ വൈഫിനിറ്റി ടെക്നോളജി എന്ന സ്ഥാപനത്തിനായിരുന്നു പദ്ധതി നടപ്പാക്കാനുള്ള കരാർ. സംസ്ഥാനത്തെ ഇപ്പോഴത്തെ ഒരു ഉന്നത ഉദ്യോഗസ്ഥൻ മുഖാന്തരമാണ് കമ്പനി കരാർ കരസ്ഥമാക്കിയത്. 650 ആർ.എഫ്.ഐ.ഡി റീഡേഴ്സും 7450 ടാഗുകളും സ്ഥാപിക്കുന്നതിനൊപ്പം പദ്ധതിക്കുള്ള സോഫ്റ്റ് വെയർ കൂടി കമ്പനി നൽകണമെന്നായിരുന്നു വ്യവസ്ഥ. ഉപകരണങ്ങൾ വാങ്ങിയതിന് പുറമേ പൊലീസ് ഉദ്യോഗസ്ഥ‍ർക്ക് മതിയായ പരിശീലനത്തിനും മറ്റ് അനുബന്ധ ചെലവുകൾക്കുമായി ലക്ഷങ്ങൾ വേറെയും ഇതിനായി തുലച്ചെങ്കിലും കരാർ ഒപ്പുവച്ച് രണ്ട് വർഷമായിട്ടും പദ്ധതി പൂർത്തീകരിച്ചില്ല. തുടക്കത്തിൽ സ്ഥാപിച്ച ഉപകരണങ്ങളിൽ ചിലത് പ്രവർത്തിക്കാതായതോടെ പദ്ധതി താളം തെറ്റി.
തിരുവനന്തപുരം സിറ്റി, റൂറൽ ജില്ലകൾക്ക് പിന്നാലെയാണ് കൊല്ലം സിറ്റിയുൾപ്പെടെ മറ്റ് ജില്ലകളിലും പദ്ധതി വ്യാപിപ്പിച്ചു. തലസ്ഥാനത്തും കൊല്ലത്തും കമ്മിഷണർ പദവി അലങ്കരിച്ച യുവ ഐ.പി.എസുകാരനായിരുന്നു പദ്ധതിയുടെ നോഡൽ ഓഫീസർ.