cpi

കൊല്ലം: മുൻ എം.എൽ.എയും സി.പി.ഐ ജില്ലാ അസി. സെക്രട്ടറിയുമായ പി.എസ്. സുപാലിന്റെ സസ്‌പെൻഷൻ കാലാവധി ഇന്നലെ തീർന്നതിനാൽ അദ്ദേഹത്തെ തിരിച്ചെടുക്കുന്ന കാര്യം ഇന്ന് ചേരുന്ന സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവിൽ മുഖ്യ ചർച്ചയാവും.

നവംബർ നാലിനായിരുന്നു പി.എസ്. സുപാലിനെ പാർട്ടിയിൽ നിന്ന് മൂന്ന് മാസത്തേയ്ക്ക് സസ്‌പെൻഡ് ചെയ്തത്. കൊട്ടാരക്കരയിൽ നടന്ന ജില്ലാ ലൈബ്രറി കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സസ്‌പെൻഷനിലേയ്ക്ക് നയിച്ചത്. സുപാലിനെതിരെ മാത്രം നടപടിയെടുത്തതിനെതിരെ പാർട്ടിക്കുള്ളിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പങ്കെടുത്ത ജില്ലാ കൗൺസിൽ യോഗത്തിൽ അംഗങ്ങൾ വികാരം തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തു. സസ്‌പെൻഷൻ നടപടിയോട് ഒരു തരത്തിലും തെറ്റായി പ്രതികരിക്കാതിരുന്ന സുപാലിന്റെ രീതി സഖാക്കൾ മാതൃകയാക്കണമെന്ന് പറഞ്ഞാണ് അന്ന് കാനം പ്രസംഗിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പിനോട് അടുത്തായിരുന്നു സുപാലിന്റെ സസ്‌പെൻഷൻ. പാർട്ടി ഭാരവാഹിത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തെങ്കിലും അദ്ദേഹം പാർട്ടിയിൽ സജീവമായി തന്നെയുണ്ടായിരുന്നു. കർഷക സമരത്തിന്റെ മുൻ പന്തിയിൽ നിൽക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മകളും കർഷ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രസംഗിക്കാനെത്തിയിരുന്നു.

നാളെ പാർട്ടി ജില്ലാ കൗൺസിൽ ചേരുന്നുണ്ട്. കൗൺസിലിൽ സുപാൽ വിഷയം ചർച്ചയാവും. എക്‌സിക്യുട്ടീവിലും കൗൺസിലിലും വരുന്ന ചർച്ചകളും തീരുമാനങ്ങളും 10, 11, 12 തീയതികളിൽ നടക്കുന്ന സംസ്ഥാന എക്‌സിക്യുട്ടീവിലും കൗൺസിലിലും ചർച്ച ചെയ്യും. തുടർന്ന് സംസ്ഥാന കൗൺസിൽ സസ്‌പെൻഷൻ പിൻവലിച്ചേക്കും.

 തിരഞ്ഞെടുത്ത സെക്രട്ടറിയില്ലാതെ രണ്ടുവർഷം


സി.പി.ഐയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ജില്ലാ സെക്രട്ടറിയില്ലാതെ രണ്ടുവർഷം പിന്നിട്ടു. ജില്ലാ കൗൺസിൽ തിരഞ്ഞെടുക്കാത്ത സെക്രട്ടറിമാർ ആറുമാസത്തിൽ കൂടുതൽ ഇരിക്കുന്നത് പാർട്ടി ഭരണഘടന വിലക്കുന്നു. എൻ. അനിരുദ്ധനെ പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതിന് ശേഷം മുല്ലക്കര രത്‌നാകരനും കെ.ആർ. ചന്ദ്രമോഹനനും മാറി മാറി ജില്ലാ സെക്രട്ടറിമാരായി. ഇപ്പോൾ മുല്ലക്കര രത്‌നാകരനാണ് ജില്ലാ സെക്രട്ടറി. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ഏറ്റവും സജീവമായ ഒരാളെ ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് നിയോഗിക്കണമെന്ന വലിയ ആവശ്യമാണ് പാർട്ടി പ്രവർത്തകർക്കാകെയുള്ളത്. ആരോഗ്യ പ്രശ്‌നങ്ങളാണ് ഇടയ്ക്ക് മുല്ലക്കര സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി നിൽക്കാനിടയായത്. അടുത്ത പാർട്ടി സമ്മേളനം ഇനി നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമേ ഉണ്ടാവൂ.