wastes-thodiyoor
മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയ മാരാരിത്തോട്ടം - ചാമ്പക്കടവ് റോഡരികിലെ കാട്ടിൽക്കുളം

തൊടിയൂർ: മാലിന്യം തള്ളാനുള്ള ഇടമായാണ് നാട്ടുകാർ ഇപ്പോൾ കാട്ടിൽക്കുളം ഉപയോഗിക്കുന്നത്. പണ്ടും കാട്ടിൽക്കുളം ആളുകൾക്ക് പ്രയോജനപ്പെട്ടിരുന്നില്ലെന്നാണ് പഴമക്കാർ പറയുന്നത്. പഞ്ചായത്തിലെ പ്രധാന പൊതുമരാമത്ത് റോഡായ മാരാരിത്തോട്ടം - ചാമ്പക്കടവ് റോഡിനരികിലാണ് ഇപ്പോൾ മാലിന്യകേന്ദ്രമായ ഈ പഞ്ചായത്ത് കുളം.

കുളം നികത്തലും നടക്കില്ല

അറവ് മാലിന്യങ്ങൾ, കക്കൂസ് മാലിന്യം, പ്ലാസ്റ്റിക്ക് മാലിന്യം തുടങ്ങിയവയൊക്കെ ഇവിടെ ഇടതടവില്ലാതെ തള്ളുന്നുണ്ട്. നൂറു കണക്കിനാളുകൾ സഞ്ചരിക്കുന്ന വഴിയരികിലെ കുളത്തിൽ മാലിന്യം തള്ളുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നതിന് പുറമേ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉയർത്തുന്നു.കുളം നികത്തിയാണെങ്കിലും നാട്ടുകാരെ രക്ഷിക്കണമെന്ന ആവശ്യം ഏറെ നാളായി ഉയരുന്നുണ്ട്‌. എന്നാൽ തണ്ണീർത്തടങ്ങൾ നികത്താൻ നിയമം അനുവദിക്കുന്നില്ല.

ശുദ്ധീകരിച്ച് നില നിറുത്താം

ഇടക്കാലത്ത് കുടിവെള്ള വിതരണത്തിനായി ഈ കുളത്തിന്റെ ഒരു ഭാഗത്ത് ട്യൂബ് വെൽസ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവത്തനങ്ങൾ നടത്തുകയുണ്ടായി.എന്നാൽ ആ പദ്ധതി പിന്നീട് ഉപേക്ഷിക്കപ്പെട്ടു. അഞ്ചു സെന്റോളം വിസ്തൃതിയുള്ള കുളം നികത്താതെ തന്നെ ശുദ്ധീകരിച്ച് നില നിറുത്തിക്കൊണ്ട് പില്ലറിൽ കെട്ടിടം നിർമ്മിച്ച് പൊതു ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയുമെന്ന് പരിസ്ഥിതി പ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും പറയുന്നു.