railway
ആവണീശ്വരം റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൻ്റെ ഉയരം വർദ്ധിപ്പിക്കുന്ന ജോലികൾ പുരോഗമിക്കുന്നു

കുന്നിക്കോട് : കൊല്ലം - ചെങ്കോട്ട റെയിൽ പാതയിലെ ആവണീശ്വരം റെയിൽവേ സ്റ്റേഷന്റെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന്റെ ഉയരം വർദ്ധിപ്പിക്കുന്നു. യാത്രക്കാരുടെ പതിറ്റാണ്ട് നീണ്ട മുറവിളികൾക്ക് ശേഷമാണ് റെയിൽവേ പ്ലാറ്റ്ഫോം ഉയരം വർദ്ധിപ്പിക്കാൻ തയ്യാറായത്. കൂടുതൽ ദീർഘദൂര ട്രെയിനുകൾ ഓടുന്ന പാതയാണിത്. ഇവിടെ പ്ലാറ്റ്ഫോമിന്റെ ഉയരക്കുറവ് കാരണം യാത്രക്കാർക്ക് സുഖമായി ട്രെയിനിൽ കയറുന്നതിനും ഇറങ്ങുന്നതിനും സാധിച്ചിരുന്നില്ല. വയോധികരായ നിരവധി പേർ ട്രെയിനിൽ നിന്ന് ഇറങ്ങവേ പ്ലാറ്റ്ഫോമിൽ വീണ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

മേൽക്കൂര വേണം

2010 മേയ് 12ന് പാത കമ്മീഷൻ ചെയ്തപ്പോൾ തന്നെ റെയിൽവേയുടെ സുരക്ഷാവിഭാഗം ഈ വീഴ്ച ചൂണ്ടിക്കാട്ടിയിരുന്നു. ഗേജ്മാറ്റ പണികൾ നടത്തിയ കരാറുകാരുടെയും മേൽനോട്ടം വഹിച്ച റെയിൽവേ തിരുവനന്തപുരം ഡിവിഷൻ എൻജിനീയറിംഗ് വിഭാഗത്തിന്റെയും അപാകതയാണ് പ്ലാറ്റ്ഫോമിന്റെ ഉയരക്കുറവിന് കാരണം. ഇപ്പോൾ ഈ റെയിൽവേ സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളുടെ ഉയരം തുല്യമായിട്ടുണ്ട്. എന്നാൽ രണ്ട് പ്ലാറ്റ്ഫോമുകളിലും പൂർണമായി മേൽക്കൂര വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലാണ് കൂടുതൽ മേൽക്കൂര സ്ഥാപിക്കേണ്ടത്. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിനോട് ചേർന്നാണ് റെയിൽവേ സ്റ്റേഷൻ മന്ദിരം നിൽക്കുന്നത്. അതിനാൽ അത്രയും ഭാഗത്ത് പ്ലാറ്റ്ഫോമിൽ നേരത്തെതന്നെ മേൽക്കൂര ഉണ്ട്. യാത്രക്കാർക്ക് പ്ലാറ്റ്ഫോമിൽ കൂടുതൽ ഇരിപ്പിടങ്ങളും ഒരുക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.

ഒരുമാസത്തിനുള്ളിൽ പ്ളാറ്റ്ഫോം റെഡി

ഒരുമാസത്തിനുള്ളിൽ പ്ലാറ്റ്ഫോമിന്റെ ഉയരം വർദ്ധിപ്പിക്കുന്ന ജോലികൾ പൂർത്തിയാകുമെന്നാണ് അറിവ്. ഈ പാതയിൽ കൊടുംവളവിൽ പ്ലാറ്റ്ഫോം സ്ഥിതിചെയ്യുന്ന സ്റ്റേഷനുകളിൽ ഒന്നാണ് ആവണീശ്വരം.
ചെന്നൈ - എഗ്മോർ - കൊല്ലം എക്സ്പ്രസ്, പുനലൂർ - മധുര എക്സ്പ്രസ്, പാലക്കാട് - തിരുനെൽവേലി പാലരുവി എക്സ്പ്രസ്, ഗുരുവായൂർ - പുനലൂർ എക്സ്പ്രസ് എന്നിവയാണ് ഇതുവഴി നിലവിൽ സർവീസ് നടത്തുന്നത്. കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് വരുന്നതോടെ ഇരു സംസ്ഥാനങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാസഞ്ചർ ട്രെയിനുകളുടെ ഓട്ടം പുന:രാരംഭിക്കും. കഴിഞ്ഞ വർഷം മാർച്ചിലാണ് ലോക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് പാസഞ്ചർ ട്രെയിൻ സർവീസുകൾ നിറുത്തിവച്ചത്.