 
കരുനാഗപ്പള്ളി: സ്വന്തം കടയ്ക്ക് മുന്നിലെ നടപ്പാത ചിലർ സ്വന്തം പോലെയാണ് കൈകാര്യം ചെയ്യുന്നത്. കടയുടെ പേര് എഴുതിയ ബോർഡ് സ്റ്റാൻഡാക്കി നടപ്പാതയിൽ വെക്കും. കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്ന തരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഈ പരസ്യ ബോർഡുകൾ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന്റെ വടക്കുവശത്തുള്ള കല്ലുംമൂട്ടിൽ കടവ് റോഡിന്റെ തെക്കുവശത്താണ് പരസ്യ ബോർഡുകൾ നിരത്തി വെച്ചിരിക്കുന്നത്. എപ്പോഴും ഗതാഗതകുരുക്ക് ഉണ്ടാകുന്ന സ്ഥലമാണിവിടം. കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷന്റെ മതിൽകെട്ട് മുതൽ പടിഞ്ഞാറോട്ട് ടൗൺ എൽ.പി സ്കൂളിന് സമീപം വരെ കാറുകളും റോഡിന്റെ തെക്ക് വശത്ത് ഇരുചക്ര വാഹനങ്ങളും പാർക്ക് ചെയ്തു കഴിഞ്ഞാൽ കാൽനട യാത്രക്കാർ റോഡിലൂടെ വേണം നടന്ന് പോകാൻ. ഇത് മിക്കപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നു.
ഓടക്ക് മുകളിലും
പൊലീസ് സ്റ്റേഷന്റെ സമീപം മുതൽ പടിഞ്ഞാറോട്ട് ഫയർ സ്റ്റേഷൻ വരെ ഓടക്ക് മുകളിൽ കോൺക്രീറ്റ് സ്ലാബുകൾ നിരത്തിയിരിക്കുകയാണ്. കാൽനടയാത്രക്കാർ റോഡിൽ ഇറങ്ങാതെ ഇതുവഴിയാണ് യാത്ര ചെയ്തിരുന്നത്. കച്ചവടക്കാർ പരസ്യ ബോർഡുകൾ സ്ലാബുകളുടെ മീതേ സ്ഥാപിക്കാൻ തുടങ്ങിയതോടെ സ്ലാബുകളുടെ മീതേകൂടിയുള്ള കാൽനട യാത്രക്കാരുടെ പോക്ക് വരവ് തടസപ്പെട്ടു. കോൺക്രീറ്റ് സ്ലാബുകൾ നിലവിൽ പരസ്യ ബോർഡുകൾ വെയ്ക്കാനുള്ള ഇടമായി മാറിയിരിക്കുന്നു. കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ച് കൊണ്ട് സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോർഡുകൾ നീക്കം ചെയ്യാൻ നഗരസഭയോ, പൊതുമരാമത്ത് വകുപ്പോ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.