navas
റെയിൽവേ സ്റ്റേഷൻ - കാരാളി മുക്ക് റോഡിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നതിനായി സ്ഥാപിച്ച തൂൺ

ശാസ്താംകോട്ട: ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ഏഴ് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലായി 35 നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്ന പദ്ധതി കഴിഞ്ഞ ഭരണ സമിതിയുടെ അവസാന നാളുകളിൽ ഉദ്ഘാടനം ചെയ്തെങ്കിലും തുടർ നടപടികളുണ്ടായില്ല.

ഇന്റർനെറ്റും വൈദ്യുതിയും ഇല്ല

വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രമാണ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. മറ്റു കേന്ദ്രങ്ങളിൽ കാമറ സ്ഥാപിക്കുന്നതിനായി തൂണുകൾ സ്ഥാപിച്ചിട്ട് മാസങ്ങളായെങ്കിലും പിന്നീട് നടപടികൾ ഉണ്ടായില്ല. കാമറയുടെ പ്രവർത്തനത്തിന് ആവശ്യമായ വൈദ്യുതിയ്ക്കും ഇന്റർനെറ്റിനും ഉൾപ്പടെ കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി 14 ലക്ഷം രൂപ വകയിരുത്തി കാമറ സ്ഥാപിക്കുന്നതിനായി കെൽട്രോണിനെ ഏൽപ്പിച്ചതുമാണ്. ഇന്റർനെറ്റും വൈദ്യുതിയും ലഭ്യമാകുന്നതിലുള്ള കാലതാമസമാണ് കാമറ സ്ഥാപിക്കുന്നതിലുള്ള തടസമെന്നാണ് അധികൃതർ പറയുന്നത്.

വലിയ പ്രതിഷേധം

താലൂക്കിലെ പല മേഖലകളിലും ഇറച്ചി മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും തള്ളുന്നതായി നിരവധി പരാതികൾ ഉയർന്നിട്ടും കാമറകൾ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാത്തതിൽ വലിയ പ്രതിഷേധമുണ്ട്. കഴിഞ്ഞ ഭരണ സമിതിയുടെ അവസാന നാളുകളിൽ നടത്തിയ ഉദ്ഘാടനങ്ങളെല്ലാം വെറും ഇലക്ഷൻ സ്റ്റണ്ട് മാത്രമായിരുന്നു എന്നുള്ളതിന് തെളിവാണ് പല പദ്ധതികളും പകുതി വഴിയിൽ ഉപേക്ഷിച്ചതെന്ന് യു.ഡി.എഫ് ബ്ലോക്ക് പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ വൈ.ഷാജഹാൻ പറഞ്ഞു