
ഓട്ടം നിലച്ചു, ബാദ്ധ്യത ഇരട്ടിച്ചു
കൊല്ലം: സീസൺ അവസാനിക്കാറായിട്ടും പേരിന് പോലും ഓട്ടം കിട്ടാതെ പൊടിയടിച്ച് കിടപ്പാണ് ടൂറിസ്റ്റ് ബസുകൾ. കൊവിഡിനെ തുടർന്നാണ് ബസുകൾ കട്ടപ്പുറത്തായത്. പ്രതിസന്ധി മറികടക്കാൻ ടൂറിസം സീസൺ മുന്നിൽ കണ്ട് ഏജൻസികൾ ട്രിപ്പുകൾ പ്ലാൻ ചെയ്തിരുന്നെങ്കിലും ഒരു ഓട്ടം പോലും ലഭിച്ചില്ല.
ഡിസംബർ, ജനുവരി മാസങ്ങളിൽ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളുടെ പഠനയാത്രകളും ഇത്തവണ ഉണ്ടായിരുന്നില്ല. വിവാഹം, തീർത്ഥാടനം തുടങ്ങിയവയും കാര്യമായി ഗുണം ചെയ്തില്ല.
കൊവിഡ് കാലത്ത് മൂന്നുമാസത്തെ നികുതി സർക്കാർ ഒഴിവാക്കിയിരുന്നു. എന്നാൽ ബസുകൾ ഓടാത്ത സമയത്തെ നികുതി ഒഴിവാക്കി നൽകണമെന്ന ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല. മേഖലയിൽ പണിയെടുത്തിരുന്നവർ ഇപ്പോൾ മറ്റ് ജോലികൾക്ക് പോയാണ് ഉപജീവനം നടത്തുന്നത്. കൊവിഡ് പ്രതിസന്ധിക്ക് പിന്നാലെ കോൺട്രാക്ട് കാരിയേജ് ബസുകൾക്ക് കളർകോഡ് നിർബന്ധമാക്കിയതും ഉടമകൾക്ക് അധികബാദ്ധ്യതയാണ് സമ്മാനിച്ചത്. മാത്രമല്ല, വായ്പ തിരിച്ചടവ് മുങ്ങിയതോടെ പല ബസ് ഉടമകളും നിയമനടപടികൾ നേരിടേണ്ട അവസ്ഥയിലാണ്.
ഇളവുകൾ ഉപകാരപ്പെട്ടില്ല
ലോക്ക് ഡൗൺ കാലത്തെ ത്രൈമാസ നികുതിയിൽ ഇളവ് നൽകിയെങ്കിലും ഇവ പര്യാപ്തമല്ലെന്നാണ് ഉടമകൾ പറയുന്നത്. ഡിസംബർ 31ന് അടയ്‌ക്കേണ്ട റോഡ് ടാക്സ് ഒരുമാസം നീട്ടിനൽകിയെങ്കിലും അതും ഉപകാരപ്പെട്ടിട്ടില്ല. ഇരുപത്തയ്യായിരം മുതൽ അൻപതിനായിരം രൂപവരെ ത്രൈമാസ നികുതിയടയ്ക്കുന്ന ബസുകൾ ജില്ലയിലുണ്ട്.
ജി ഫോം നൽകി ബസുകൾ
ജില്ലയിലെ പകുതിയിലധികം ടൂറിസ്റ്റ് ബസുകളും സർവീസ് നടത്താനാകാതെ 'ജി ഫോം' നൽകിയിരിക്കുകയാണ്. ഗതാഗത അതോറിറ്റിയിൽ നൽകുന്ന ജി ഫോം ഉടമകൾ പിൻവലിക്കുന്നതുവരെ ടാക്സ് അടയ്‌ക്കേണ്ടതില്ല. എന്നാൽ കൂടുതൽ കാലം സർവീസ് നടത്താതെ കയറ്റിയിട്ടശേഷം സർവീസ് ആരംഭിക്കുമ്പോൾ അറ്റകുറ്റപ്പണികൾക്ക് കൂടുതൽ പണം ചെലവഴിക്കേണ്ടിവരും.
ജില്ലയിൽ ടൂറിസ്റ്റ് ബസുകൾ: 200 ഓളം
"
ടൂറിസ്റ്റ് ബസ് മേഖലയെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. റോഡ് ടാക്സിൽ ഇളവുകൾ നൽകിയും ബോഡി കോഡ്, ജി.പി.എസ് എന്നിവ നടപ്പാക്കുന്നത് നീട്ടിവച്ചും മേഖലയെ താങ്ങിനിറുത്തണം. ഇൻഷ്വറൻസ് പ്രീമിയത്തിലും കുറവുവരുത്തണം.
ടൂറിസ്റ്റ് ബസ് ഉടമകൾ