പാലം കുലുങ്ങിയാലും കരാറുകാരൻ കുലുങ്ങില്ല
കൊല്ലം: താക്കീതുകൾ പലയാവർത്തിയായിട്ടും കല്ലുപാലത്തിന് പകരം നിർമ്മിക്കുന്ന പുതിയ പാലം പൂർത്തിയാക്കുന്നതിൽ അലംഭാവം തുടർന്ന് കരാറുകാരൻ. സമബന്ധിതമായി പണി തീർക്കണമെന്ന് കഴിഞ്ഞമാസം നൽകിയ നിർദ്ദേശവും വകവയ്ക്കാത്തതോടെ പാലം എപ്പോൾ യാഥാർത്ഥ്യമാകുമെന്നത് അനിശ്ചിതത്വത്തിലാണ്.
ജനുവരി 10ന് എം. മുകേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ അൻപത് ദിവസത്തിനകം പണികൾ പൂർത്തിയാക്കണമെന്ന് കരാറുകാരന് നിർദ്ദേശം നൽകിയിരുന്നു. നിർമ്മാണ പ്രവർത്തനങ്ങളിൽ കരാറുകാരൻ മനപൂർവം ഉദാസീനത വരുത്തിയതായും യോഗം വിലയിരുത്തിയിരുന്നു.
എന്നാൽ നിർദ്ദേശം നൽകി ഇരുപത്തിയഞ്ച് ദിവസങ്ങൾ പിന്നിടുമ്പോഴും നിർമ്മാണ പ്രവൃത്തികൾ എങ്ങുമെത്തിയിട്ടില്ല. തുടക്കത്തിൽ രാത്രിയിലും പണികൾ നടത്തിയെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു.
ഒച്ചിഴയും വേഗം, പരിചയസമ്പത്തില്ലെന്ന് ആക്ഷേപം
2019 ഒക്ടോബറിൽ ആരംഭിച്ച പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ തുടക്കം മുതലേ ഇഴഞ്ഞുനീങ്ങുകയാണ്. ഒരുവർഷം പിന്നിട്ടപ്പോഴും 16 പില്ലറുകളുള്ളതിൽ ഏഴെണ്ണം മാത്രമാണ് പൂർത്തിയായത്.
തിരുവനന്തപുരം ആസ്ഥാനമായ ഹെതർ ഇൻഫ്രാസ്ട്രക്ച്ചറാണ് കരാറുകാർ. ഇവർക്ക് ബഹുനില കെട്ടിടങ്ങൾ നിർമ്മിച്ചുള്ള പരിചയം മാത്രമേയുള്ളൂവെന്ന ആക്ഷേപവും ശക്തമാണ്.
ചരിത്രമുറങ്ങുന്ന കല്ലുപാലം
തിരുവിതാംകൂർ രാജഭരണകാലത്ത് റാണി ഗൗരി പാർവതീഭായി റീജന്റായിരിക്കെ 1820ലാണ് കരിങ്കല്ലുകൾ ഉപയോഗിച്ച് കല്ലുപാലം നിർമ്മിച്ചത്. കൊല്ലം തോട്ടിലൂടെ എത്തുന്ന വള്ളങ്ങളിൽ നിന്ന് കമ്പോളത്തിലേക്കുള്ള ചരക്കുകൾ ഇറക്കുന്നതിന് പാലത്തിനോട് ചേർന്ന് കൽപ്പടവുകളും നിർമ്മിച്ചു. രാജകുടുംബത്തിന്റെ അടയാളമായ ശംഖുമുദ്രയും പാലത്തിലുണ്ടായിരുന്നു.
കൊല്ലം തോടിന്റെ ഭാഗമായി അന്ന് കല്ലുപാലത്തിനും ഇരുമ്പ് പാലത്തിനുമൊപ്പം കൊച്ചുപിലാംമൂട്, താമരക്കുളം, പള്ളിത്തോട്ടം എന്നിവിടങ്ങളിൽ തടിപ്പാലവും നിർമ്മിച്ചിരുന്നു.
പുതിയ പാലം
അടങ്കൽ തുക: 5 കോടി
നീളം: 22 മീറ്റർ
വീതി: 7.5 മീറ്റർ
നടപ്പാത: 1.5 മീറ്റർ (ഇരുവശവും)
ജലനിരപ്പിൽ നിന്നുള്ള ഉയരം: 5 മീറ്റർ
ജലനിരപ്പിനോട് ചേർന്നുള്ള നീളം: 15 മീറ്റർ