
കൊല്ലം: തീരങ്ങളിൽ അരുത്തിപ്പണി (മത്സ്യലഭ്യത കുറഞ്ഞ കാലം) ആയതോടെ മത്സ്യവില കുത്തനെ ഉയർന്നു. ഹാർബറുകളിൽ തന്നെ ഇപ്പോൾ പൊള്ളുന്ന വിലയാണ്. ചന്തകളിൽ മത്സ്യവില സാധാരണക്കാരന്റെ കീശ കീറുകയാണ്.
കൊല്ലം തീരത്ത് ഒട്ടുമിക്ക വള്ളക്കാരും പല ദിവസങ്ങളിലും നിരാശരായാണ് എത്തുന്നത്. കാര്യമായ വില കിട്ടാത്ത ചെറിയ കരിച്ചാളയും കൊഴിയാളയുമൊക്കെയാണ് വലയിൽ കുരുങ്ങുന്നത്. അല്പം അയല കുരുങ്ങുന്നവരാണ് ഭാഗ്യവാന്മാർ. ജനുവരി ആദ്യം മുതലേ മത്സ്യലഭിത കുറവായിരുന്നു. മാർച്ച് ആദ്യം വരെ ഈ സ്ഥിതി തുടരും. ചെറിയൊരു വേനൽ മഴ ലഭിച്ചാലെ വലയിൽ കാര്യമായി എന്തെങ്കിലും തടയൂ.
ആറ് മാസം മുൻപ് കിലോ 150 രൂപയായിരുന്ന വലിയ അയലയ്ക്ക് ഇപ്പോൾ 260 മുതൽ 280 രൂപ വരെയാണ് വില. കേര ചൂരയുടെ വില 160ൽ നിന്നും 230ലെത്തി. ഹാർബറുകളിൽ കച്ചവടം കൊഴുക്കുമ്പോൾ 250 രൂപ വരെ വില കയറുന്നുണ്ട്. ഇതോടെ സാധാരണക്കാരന്റെ കറിച്ചട്ടിയിയിൽ മീൻതിള നിലച്ച അവസ്ഥയാണ്.
 വരുത്തന് കുറവില്ല
കേരള തീരത്തും പ്രത്യേകിച്ച് കൊല്ലം മേഖലയിലുമാണ് ഇപ്പോൾ മത്സ്യലഭ്യത കുറവ്. അന്യസംസ്ഥാനങ്ങളിൽ കാര്യമായ പ്രശ്നമില്ല. അതുകൊണ്ട് തന്നെ അവിടങ്ങളിൽ നിന്ന് വൻതോതിൽ മത്സ്യം എത്തുന്നുണ്ട്. ഇവിടുത്തെ തീ വിലയുടെ ചുവട് പിടിച്ചാണ് വരുത്താൻ മത്സ്യത്തിന്റെയും കച്ചവടം.
 ചാടിയുയർന്ന് ചാളയും
ചാള കൊല്ലം തീരത്ത് കിട്ടാനില്ല. ആലപ്പുഴയിൽ നിന്നാണ് എത്തിക്കുന്നത്. അവിടെ കിലോയ്ക്ക് 230 രൂപയാണ്. ഇവിടെ കൊണ്ടുവന്ന് 300 രൂപയ്ക്ക് വിറ്റാലേ മുതലാകൂ എന്ന് കച്ചവടക്കാർ പറയുന്നു. ഒരു കിലോയിൽ 20 ചാള തൂങ്ങും. ഒരു ചാളയ്ക്ക് 15 രൂപയ്ക്ക് മുകളിലാണ് വില വീഴുന്നത്. നൂറ് രൂപയ്ക്ക് കഷ്ടിച്ച് ഏഴ് ചാളയാണ് കിട്ടുന്നത്.
 ഇനം, ഇപ്പോഴത്തെ വില, എട്ട് മാസം മുൻപ്
അയല(വലുത് )- 260- 280, 150
ചാള-160, 300
കേര ചൂര- 230- 250, 160
കിളിമീൻ(ഇടത്തരം)- 260, 100
കരിച്ചാള- 85, 100
നെയ്മീൻ- 650-700, 550
''
കൊല്ലം തീരത്ത് മത്സ്യലഭ്യത തീരെ കുറവാണ്. മത്സ്യഫെഡ് സ്റ്റാളുകളിലേക്ക് പോലും ചെറിയ അളവിലാണ് മീൻ ലഭിക്കുന്നത്. ആലപ്പുഴയിൽ പോയും മത്സ്യം എടുക്കുന്നുണ്ട്. അവിടുന്ന് ചാള വാങ്ങി ഇവിടെ കൊണ്ടുവരുമ്പോൾ താങ്ങാനാകാത്ത വിലയാകും. സി. മണിയപ്പൻ, മത്സ്യഫെഡ് ജില്ലാ മാനേജർ