 
പുനലൂർ: താലൂക്ക് ആശുപത്രിക്ക് വേണ്ടി അത്യാധുനിക സൗകര്യങ്ങളോടെ പത്ത് നിലയിൽ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിട സമുച്ചയത്തിന്റെ സമർപ്പണം നാട്ടുകാർ വികസന ഉത്സവമാക്കി മാറ്റുമെന്ന് ഇടത് മുന്നണി പുനലൂർ നിയോജകമണ്ഡലം കൺവീനറും കാഷ്യൂകോർപ്പറേഷൻ ചെയർമാനുമായ എസ്.ജയമോഹൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.10ന് ഉച്ചക്ക്12ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തിയാണ് ആശുപത്രി കെട്ടിടം നാടിന് സമർപ്പിക്കുന്നത്. ബഹു നിലക്കെട്ടിടം സമർപ്പിക്കുന്നതിന്റെ മുന്നോടിയായി 9ന് വൈകിട്ട് 6.30ന് നഗരസഭയിലെ 35വാർഡുകളിലെയും താമസക്കാർ വികസന ദീപം തെളിയിക്കും.10ന് രാവിലെ 10ന് യുവജനങ്ങൾ വികസന വിളംബര ബൈക്ക് റാലിയും നടത്തും. ചെമ്മന്തൂരിൽ നിന്ന് ആരംഭിക്കുന്ന റാലി ടൗൺ ചുറ്റി ടി.ബി.ജംഗ്ഷനിൽ എത്തിയ ശേഷം താലൂക്ക് ആശുപത്രി വളപ്പിൽ സമാപിക്കും.ഇടത് മുന്നണി നേതാക്കളായ എസ്.ബിജു, സി.അജയപ്രസാദ് തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.