
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാൻ കർശന നടപടികളുമായി സർക്കാർ മുന്നേറുമ്പോൾ നിയമത്തിലെ പഴുതുകൾ മുതലെടുത്ത് ഉദ്യോഗസ്ഥർ ജനങ്ങളെ കൊള്ളയടിക്കുന്നു. എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സാമ്പിൾ പരിശോധനകളിൽ നടപടികൾക്ക് വിധേയരാകുന്നവരാണ് ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റിൽ ഡെപ്യൂട്ടേഷൻ ജീവനക്കാരനായ ഉന്നതന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കൊള്ളയ്ക്ക് ഇരകളാകുന്നത്. എൻഫോഴ്സ് മെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായി ശേഖരിക്കുന്ന ഗുണനിലവാരമില്ലാത്തതും മനുഷ്യ ശരീരത്തിന് ഹാനികരമായതുമായ സാമ്പിളുകളാണ് ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള നടപടികൾക്ക് വിധേയമാകുന്നത്. ഇതിൽ മതിയായ ഗുണനിലവാരമില്ലാത്തതും എന്നാൽ, ആരോഗ്യത്തിന് ഹാനികരമല്ലാത്തതുമായ സാമ്പിളുകളിൽ നിശ്ചിത തുക പിഴ ഈടാക്കുന്നതാണ് ശിക്ഷ.
കൈക്കൂലി വാങ്ങുന്നത് നിയമത്തിലെ പഴുത് മുതലെടുത്ത്
ജില്ലാ തലങ്ങളിൽ ആർ.ഡി.ഒ മാരാണ് തെളിവുകളും വാദങ്ങളും പരിശോധിച്ചശേഷം പിഴ ചുമത്തുന്നത്.പരമാവധി ഒരുലക്ഷം രൂപവരെ പിഴ ചുമത്തുന്ന കേസുകളിൽ പിഴയ്ക്കെതിരെ വാദികൾക്ക് ഭക്ഷ്യ സുരക്ഷാ കമ്മിഷണർക്ക് അപ്പീൽ നൽകാൻ അവകാശമുണ്ട്. ഇത്തരത്തിൽ വരുന്ന അപ്പീലുകൾ പരിശോധിച്ച് തീരുമാനമെടുക്കാൻ ഭക്ഷ്യസുരക്ഷാ കമ്മിഷണർ ജില്ലാ തലത്തിലുള്ള അസി.ഫുഡ് സേഫ്റ്റി കമ്മിഷണർമാരെയാണ് നിയോഗിക്കുന്നത്. ജില്ലാകളക്ടർക്ക് സമാനമായ അധികാരങ്ങളുള്ള എക്സിക്യുട്ടീവ് അധികാരി കൂടിയായ ആർ.ഡി.ഒയുടെ വിധിക്കെതിരായ അപ്പീൽ കീഴുദ്യോഗസ്ഥനായ അസി.ഫുഡ് സേഫ്റ്റി ഓഫീസർ പരിശോധിക്കുന്നിടത്താണ് ഭക്ഷ്യ സുരക്ഷാ നിയമം വഴിപിഴയ്ക്കുന്നത്. ആർ.ഡി.ഒ വിധിച്ച ഒരുലക്ഷം രൂപയുടെ പിഴ കാൽലക്ഷമോ അരലക്ഷമോ ഇവർ ആയികുറച്ച് നൽകും. ഇതിനായി ശുപാർശയ്ക്കും ആവശ്യമായ ഒത്താശകൾ ചെയ്യാനും ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റ് കേന്ദ്രീകരിച്ച് ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഒരു സംഘം പ്രവർത്തിക്കുന്നുണ്ട്. പിഴ ഇളവിന് പതിനായിരം മുതൽ കാൽലക്ഷം വരെയാണ് ഇവരുടെ റേറ്റ്. സർക്കാരിലേക്ക് ഒരുലക്ഷം രൂപ ഒടുക്കേണ്ടിവരുന്നത് കാൽ ലക്ഷമായി കുറച്ച് കിട്ടുന്നതിനാൽ അത്രയും തുക കൈക്കൂലിയായി നൽകാൻ ആരും മടിക്കാറില്ല.
പ്രോസിക്യൂഷൻ നടപടികൾ വൈകിക്കാൻ ലക്ഷങ്ങളുടെ കൈക്കൂലി
മനുഷ്യജീവന് അപകടമുണ്ടാക്കുന്ന എന്തെങ്കിലും സാമ്പിളുകളിൽ കണ്ടെത്തിയാലും ചോദിക്കുന്ന പണം നൽകാൻ തയ്യാറാകുന്നവരെ പ്രോസിക്യൂഷൻ നടപടികളിൽ നിന്ന് രക്ഷിക്കുന്നതാണ് ഇവരുടെ മറ്റൊരുതന്ത്രം. ഇതിന് ലക്ഷങ്ങളാണ് കൈക്കൂലിയിനത്തിൽ നൽകേണ്ടിവരുന്നത്. ആരോഗ്യത്തിന് ഹാനികരമായ പദാർത്ഥങ്ങൾ കണ്ടെത്തിയാൽ ക്രിമിനൽ നിയമപ്രകാരമാണ് നടപടി. എന്നാൽ ഇത്തരം കേസുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ അനുമതി ആവശ്യമാണ്.
വിഷവസ്തുക്കൾ വിറ്റാലും രക്ഷപ്പെടാം
വിഷവസ്തുക്കൾ കലർന്ന ഭക്ഷണസാധനങ്ങൾ വിറ്രയാൾക്കെതിരെ പ്രോസിക്യൂഷൻ നടപടിശുപാർശചെയ്ത് അനുമതിയ്ക്കായി എത്തുന്ന ഫയലുകളിൽ കാലതാമസം വരുത്തി കുറ്റവാളികളെ കേസിൽ നിന്ന് രക്ഷിക്കുന്നതാണ് ഇവരുടെ രീതി. സാമ്പിളിന്റെ പരിശോധനാഫലം വന്ന് ഒരുവർഷത്തിനകം അനുമതി നൽകാതിരുന്നാൽ പ്രോസിക്യൂഷൻ നടപടികൾ സാദ്ധ്യമാകില്ല.ആറുമാസം മുതൽ ഒരുവർഷം വരെ ജയിൽശിക്ഷ ലഭിക്കാവുന്ന കേസുകളിൽ മിക്കതിലും പ്രോസിക്യൂഷൻ അനുമതി അകാരണമായി വൈകിച്ച് കുറ്റവാളികളെ രക്ഷപ്പെടുത്തുന്നതാണ് ഇവരുടെ മറ്റൊരു തന്ത്രം. താഴെത്തട്ടിൽ ഓടി നടന്ന് പരിശോധനകൾ നടത്തുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്യുന്ന ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ ഇളിഭ്യരാക്കുന്ന നടപടിയ്ക്കെതിരെ വകുപ്പിൽ തന്നെ ജീവനക്കാരുടെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
കേന്ദ്രഫണ്ടിലും ധൂർത്തുംകൊള്ളയും
ഭക്ഷ്യസുരക്ഷാ പ്രവർത്തനങ്ങൾക്കായി എഫ്.എസ്.എസ്.എ.ഐയിൽ (ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് ഒഫ് ഇന്ത്യ) നിന്ന് കോടികളാണ് ഓരോ വർഷവും സംസ്ഥാനത്തിന് അനുവദിക്കുന്നത്. എൻഫോഴ്സ് മെന്റ് പ്രവർത്തനങ്ങൾക്കും സാമ്പിൾ പരിശോധനയ്ക്കും അത്യാധുനിക ലാബോറട്ടറി ഉപകരണങ്ങൾ വാങ്ങുന്നതിനും മറ്റുമാണ് ഈ തുക വിനിയോഗിക്കേണ്ടത്.എന്നാൽ, തുക വിനിയോഗത്തിൽ വൻ ക്രമക്കേടുള്ളതായാണ് ജീവനക്കാരിൽ ചിലർ ഉന്നയിക്കുന്ന ആക്ഷേപം.
രണ്ടാം തരം ഉപകരണങ്ങൾ വാങ്ങും
ലാബോറട്ടറികളിലേക്ക് മുന്തിയ നിലവാരമുള്ള ഉപകരണങ്ങൾ വാങ്ങേണ്ടതിന് പകരം രണ്ടാംതരം ഉപകരണങ്ങൾ വാങ്ങി കമ്മിഷൻ പറ്റുന്നതാണ് മറ്റൊരു തട്ടിപ്പ്. ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്ക് ഓരോ ജില്ലയിലും ഒന്നോ രണ്ടോ വാഹനങ്ങൾ മാത്രം ഉള്ളപ്പോൾ ഡെപ്യുട്ടേഷനിലെത്തിയ ഉദ്യോഗസ്ഥർ ചട്ടവിരുദ്ധമായി കരാറടിസ്ഥാനത്തിലെടുത്ത ആഡംബര വാഹനത്തിൽ ഓടിത്തിമിർക്കുകയാണ്. സർക്കാർ ആവശ്യങ്ങൾക്ക് വാഹനം കരാറെടുക്കുമ്പോൾ പാലിക്കേണ്ട നടപടികളൊന്നും പാലിച്ചല്ല ആഡംബരവാഹനം വാടകയ്ക്കെടുത്തതെന്നും ആക്ഷേപമുണ്ട്. അടുത്തിടെ സ്ഥാനക്കയറ്രവും സ്ഥലം മാറ്റവും ലഭിച്ചിട്ടും ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് മടങ്ങാൻ കൂട്ടാക്കാതിരുന്ന ഇയാൾക്ക് സേവനം ദീർഘിപ്പിച്ച് കൊടുക്കുകയാണ് സർക്കാരും ചെയ്തത്.
1400 ൽ ഏറെ കേസുകൾ
നിലവാരക്കുറവ് ലേബൽ നിയമ ലംഘനം ബ്രാന്റ് മാറൽ എന്നീ കുറ്റങ്ങൾ ചുമത്തിയ ആയിരത്തോളം കേസുകൾ. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ കണ്ടെത്തിയ 400 ഓളം കേസുകൾ