
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് യു.ജി.സി അംഗീകാരം ലഭിച്ചതായി രജിസ്ട്രാർ ഡോ. പി.എൻ. ദിലീപ് അറിയിച്ചു. യു.ജി.സിയുടെ 2 എഫ്, 22 വകുപ്പുകൾ പ്രകാരമാണ് അംഗീകാരം. സർവകലാശാലയ്ക്ക് രാജ്യത്ത് പ്രവർത്തിക്കാനും വിവിധ ഡിഗ്രികൾ നൽകാനുമുള്ള അധികാരമാണ് ഇതിലൂടെ നൽകുന്നത്.
പത്തൊൻപത് ബിരുദ കോഴ്‌സുകളുടെ സിലബസ് തയ്യാറാക്കുന്ന ജോലികൾ അന്തിമഘട്ടത്തിലാണ്. ഇതിനുശേഷം പഠനസാമഗ്രികളും വീഡിയോയും തയ്യാറാക്കണം. ഇതിനൊപ്പം ഓരോ കോഴ്‌സിന്റെയും പ്രോജക്ട് റിപ്പോർട്ടുകളും വൈകാതെ യു.ജി.സിക്ക് സമർപ്പിക്കും.
കഴിഞ്ഞ വർഷം സെപ്തംബർ 23ന് സർക്കാർ ഓർഡിനൻസിലൂടെയാണ് സർവകലാശാല സ്ഥാപിച്ചത്. ഓർഡിനൻസായതിനാൽ യു.ജി.സി അംഗീകാരം വൈകിയിരുന്നു. എന്നാൽ 14-ാം നിയമസഭയുടെ അവസാന സമ്മേളത്തിൽ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല നിയമം ഏകകണ്ഠമായി നിയമസഭ പാസാക്കിയതോടെയാണ് വേഗത്തിൽ യു.ജി.സി അംഗീകാരം ലഭിച്ചത്.