
കൊല്ലം: ഉറ്റവരാരും തിരിഞ്ഞുനോക്കാഞ്ഞതിനാൽ മാസങ്ങളായി നീണ്ടകര മദർഹുഡ് ചാരിറ്റബിൾ മിഷന്റെ കാരുണ്യത്തണലിൽ കഴിഞ്ഞിരുന്ന നളിനാക്ഷന് ഇനി സഹോദരിയുടെ സ്നേഹത്തണൽ. വൈകാതെ ഉറ്റവരെത്തി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുമെന്ന പ്രതീക്ഷയിലാണ് ഈ എഴുപതുകാരൻ.
കുടുംബാംഗങ്ങളുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് ഒൻപത് വർഷം മുൻപ് കടയ്ക്കൽ കാഞ്ഞിരത്തുംമൂട്ടിലെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ് നളിനാക്ഷൻ. പലയിടങ്ങളിലായി പല ജോലികളെടുത്തു. എറണാകുളത്തെ ഫ്ലാറ്റിൽ സെക്യുരിറ്റിയായി ജോലി ചെയ്യവേ പക്ഷാഘാതം സംഭവിച്ചു. ലോക്ക് ഡൗണിന്റെ തുടക്കമായ ഏപ്രിൽ ആദ്യമായിരുന്നു സംഭവം. ഫ്ലാറ്റിലെ താമസക്കാർ എറുണാകുളത്തെ ആശുപത്രിയിലെത്തിച്ചു. രോഗം ഒരുവിധം ഭേദമായപ്പോൾ ആബുലൻസിൽ ജില്ലാ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ നിന്ന് സന്നദ്ധ പ്രവർത്തകർ കൊല്ലം ബോയ്സ് സ്കൂളിലെ അഗതികളുടെ ക്യാമ്പിലേക്ക് കൊണ്ടുപോയി. ക്യാമ്പ് പിരിച്ചുവിട്ടപ്പോൾ നീണ്ടകര കോസ്റ്റൽ സ്റ്റേഷനിലെ എ.എസ്.ഐയും നീണ്ടകര മദർഹുഡ് ചാരിറ്റി മിഷൻ രക്ഷാധികാരിയുമായ ഡി.ശ്രീകുമാർ ഏറ്റെടുത്ത് മദർഹുഡിലേക്ക് മാറ്റി.
കുടുംബാംഗങ്ങളുമായി പലതവണ ബന്ധപ്പെട്ടെങ്കിലും അവരാരും ഏറ്റെടുക്കാൻ എത്തിയില്ല. ഒടുവിൽ നളിനാക്ഷിയുടെ സഹോദരിയും മകനും അദ്ദേഹത്തെ ഏറ്റെടുക്കാൻ തയ്യാറാവുകയായിരുന്നു. കുടുംബാംഗങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് നളിനാക്ഷൻ സാമൂഹ്യനീതി വകുപ്പ്, പൊലീസ് എന്നിവർക്ക് പരാതി നൽകിയിരുന്നു. ഇന്നലെ സഹോദരിക്കൊപ്പം യാത്ര പറഞ്ഞിറങ്ങുമ്പോൾ പത്ത് മാസമായി മരുന്നും ഭക്ഷണവും സ്നേഹവും നൽകി, കൊവിഡ് കാലത്ത് ജാഗത്രയോടെ പരിചരിച്ച മദർഹുഡ‌് ചാരിറ്റി മിഷനും കേരള പൊലീസിനും നളിനാക്ഷൻ നന്ദി പറഞ്ഞു. മദർഹുഡ് ചാരിറ്റി മിഷൻ രക്ഷാധികാരി ഡി. ശ്രീകുമാർ, നീണ്ടകര മുൻ പഞ്ചായത്ത് പ്രസിഡന്റ് സേതുലക്ഷ്മി, കോസ്റ്റൽ പൊലീസ് എസ്.ഐ ഹരികുമാർ, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.സി. പ്രശാന്തൻ, ജോ. കൗൺസിൽ സംസ്ഥാന ജോ. സെക്രട്ടറി സുകേശൻ ചൂലിക്കാട് എന്നിവർ ചേർന്നാണ് അദ്ദേഹത്തെ യാത്രയാക്കിയത്.