
42 ലക്ഷം അനുവദിച്ചു
പൊൻമന: ഒടുവിൽ അധികൃതർ ഇടപെട്ടു, കൊട്ടാരത്തിൻ കടവിലെ യാത്രാദുരിതത്തിന് അറുതിയാകുന്നു. കാട്ടിൽമേക്കതിൽ ക്ഷേത്രത്തിലേക്ക് ബോട്ട് സർവീസ് ഏർപ്പെടുത്തുന്നതിനും ജങ്കാർജെട്ടി നിർമ്മാണം,ഡ്രഡ്ജിംഗ് , ലാൻഡ് സ്കേപ്പിംഗ്, സുരക്ഷാവേലികൾ, ഇരിപ്പിടങ്ങൾ, സുരക്ഷിതമായ പടവുകൾ, സുരക്ഷാ കൈവരി എന്നിവ നിർമ്മിക്കാനും 42 ലക്ഷം രൂപ അനുവദിച്ചു. ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലിന്റെ നിർദ്ദേശപ്രകാരം ഇറിഗേഷൻ വകുപ്പാണ് 42 ലക്ഷം രൂപയുടെ പ്രോജക്ട് പ്രൊപ്പോസൽ തയ്യാറാക്കി സമർപ്പിച്ചത്.അതീർത്ഥാടകർക്ക് സുരക്ഷിതമായി ജങ്കാറിൽ കയറി ഇറങ്ങുന്നതിനും വിവിധ സ്ഥലങ്ങളിൽ നിന്ന് സഞ്ചാരികൾ ബോട്ട് മുഖേന എത്തിച്ചേരുന്ന രീതിയിൽ തീർത്ഥാടക സർക്യൂട്ടായി വളർത്താനും ഈ പദ്ധതി ഉപകരിക്കും.അന്തരിച്ച ചവറ എം എൽ എ എൻ. വിജയൻപിള്ളയും ടൂറിസം മന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
കേരളകൗമുദി വാർത്ത തുണയായി
അധികൃതർ അറിയുന്നുണ്ടോ കൊട്ടാരത്തിൻ കടവിലെ യാത്രാദുരിതം എന്ന തലക്കെട്ടിൽ ജനുവരി 7 ന് കേരളകൗമുദി പ്രസിദ്ധികരിച്ച വാർത്ത വന്ന് നാളെ ഒരു മാസം തികയാനിരിക്കെ അധികൃതർ 42 ലക്ഷം അനുവദിച്ചത് പ്രദേശവാസികളെയും നാട്ടുകാരെയും ക്ഷേത്ര ഭരണ സമിതിയെയും ഏറെ ആഹ്ളാദത്തിലാക്കി.
കുളവാഴകളും മാലിന്യങ്ങളും നിറഞ്ഞ് ദേശീയ ജലപാതയിൽ ടി.എസ് കനാലിൽ കൊട്ടാരത്തിൻ കടവിൽ ഒരു വള്ളത്തിൽ രണ്ടു പേർ നിന്ന് ഊന്നേണ്ട അവസ്ഥയും ജങ്കാർ അടുപ്പിക്കാനുള്ള ബുദ്ധിമുട്ടും ചിത്രം സഹിതം കേരളകൗമുദി പ്രസിദ്ധികരിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. അന്തരിച്ച ചവറ എം എൽ എ എൻ. വിജയൻപിള്ളയും ടൂറിസം മന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.