 
കൊല്ലം: ശ്രീനാരായണ ഓപ്പൺ സർവകലാശാലയ്ക്ക് പുതിയ ലോഗോ എത്രയും വേഗം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ സർവകലാശാല അധികൃതർക്ക് നിവേദനം നൽകി. പെൻഷണേഴ്സ് കൗൺസിൽ കോ- ഓർഡിനേറ്റർ പി.വി. രജിമോൻ, കേന്ദ്ര സമിതി പ്രസിഡന്റ് പ്രൊഫ. പി.ആർ. ജയചന്ദ്രൻ എന്നിവർ ചേർന്ന് സർവകലാശാല വി.സി, പ്രോ. വി.സി, രജിസ്ട്രാർ എന്നിവർക്കാണ് നിവേദനം നൽകിയത്.
സർവകലാശാലയ്ക്ക് നേരത്തേ ലഭിച്ച ലോഗോകൾ വിദഗ്ദ്ധ ജൂറിക്ക് കൈമാറി പുനർമൂല്യനിർണയം നടത്തണം. അതിൽ നിന്ന് ശ്രീനാരായണ ഗുരുവിന്റെ സാന്നിദ്ധ്യത്തോടൊപ്പം വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും വിളിച്ചുപറയുന്ന ഉപയോഗക്ഷമമായ ലോഗോ തിരഞ്ഞെടുക്കണം. ലോഗോ പരിശോധിക്കാൻ അടൂർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചതിന് സർവകലാശാല അധികൃതർക്ക് നന്ദിയും രേഖപ്പെടുത്തി.