fire-1
കൊട്ടിയം ഇ.എസ്.ഐ ആശുപത്രി വളപ്പിലെ മരത്തിന് തീപടർന്നത് ഫയർഫോഴ്സ് സംഘം അണയ്ക്കുന്നു

കൊട്ടിയം: ദേശീയപാതയോരത്ത് ഇ.എസ്.ഐ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന തട്ടുകടയിലെ മാലിന്യം കത്തിക്കുന്നതിനിടെ തീ ആളിപ്പടർന്നു. ആശുപത്രി വളപ്പിലെ മരത്തിലുൾപ്പെടെ തീ പടർന്നതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലായെങ്കിലും ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി തീയണച്ചതോടെയാണ് ഒരുമണിക്കൂറിലേറെ നീണ്ട ആശങ്കയ്ക്ക് അയവുണ്ടായത്.

ഇന്നലെ രാവിലെ 11ന് കൊട്ടിയം ഇ.എസ്.ഐ ആശുപത്രിക്ക് സമീപമാണ് സംഭവം. തട്ടുകടയിലെ മാലിന്യം കത്തിക്കുന്നതിനിടെ ആശുപത്രി വളപ്പിലെ മരത്തിലേയ്ക്ക് തീ പടരുകയായിരുന്നു. സമീപത്തുകൂടി 11 കെ.വി ഇലക്ട്രിക് ലൈൻ കടന്നുപോകുന്നുണ്ടായിരുന്നു. ഇതിനുപുറമെ കൊട്ടിയത്ത് സർവീസ് അവസാനിപ്പിക്കുന്ന ബസുകളടക്കം നിരവധി വാഹനങ്ങളും ഇവിടെ നിറുത്തിയിട്ടിരുന്നു.

കൊട്ടിയം എസ്.ഐ സുജിത്ത് സി. നായരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി മറ്റ് സുരക്ഷാ നടപടികൾ സ്വീകരിച്ചു. പരിസരത്തെ വാഹനങ്ങളെല്ലാം പെട്ടെന്ന് സ്ഥലത്ത് നിന്ന് മാറ്റിയതിനാൽ വൻ നാശനഷ്ടങ്ങളുണ്ടായില്ല.