
തിരുവനന്തപുരം: സ്ത്രീ സുരക്ഷയുടെ പേരിൽ തലസ്ഥാനനഗരിയിലുൾപ്പെടെ സംസ്ഥാനത്ത് സ്ഥാപിച്ച റെഡ് ബട്ടണുകളും നോക്കുകുത്തിയായി. ഏതാനും ദിവസം മുമ്പ് കാഞ്ഞിരംപാറ കോളനിയിലെ വീട്ടിൽ നിന്നിറക്കിവിട്ട അമ്മയും മകളും രാത്രി കവടിയാർ സിഗ്നലിന് സമീപമെത്തി റെഡ് ബട്ടൺഅമർത്തി പൊലീസ് സഹായംതേടിയപ്പോഴാണ് റെഡ് ബട്ടണിന്റെ പൊള്ളത്തരങ്ങൾ പുറത്തായത്.
റെഡ് ബട്ടൺ അമർത്തുമ്പോൾ അവ പ്രവർത്തന രഹിതമാണെന്ന മറുപടിയാണ് പലയിടത്തും ലഭിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് കവടിയാറിലെ റെഡ് ബട്ടൺ പ്രവർത്തനം തുടങ്ങിയത്. എന്നാൽ ഒരു മാസത്തിലേറെയായി ഇത് പ്രവർത്തിക്കുന്നില്ല. തിരുവനന്തപുരത്ത് മാത്രമല്ല തൃശൂർ ഉൾപ്പെടെ സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലും റെഡ് ബട്ടണിന്റെ സ്ഥിതി വ്യത്യസ്തമല്ല.
റെഡ്-ബട്ടണിൽ വിരലുകളമർത്തിയാൽ ഉടൻ പൊലീസ് സഹായം ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനം.സഹായമാവശ്യപ്പെടുന്നയാൾ നിൽക്കുന്ന സ്ഥലവും പരിസരങ്ങളിലെ ചിത്രങ്ങളും പൊലീസ്- കൺട്രോൾ റൂമിൽ ദൃശ്യമാവുന്ന സംവിധാനമായിരുന്നു ഇത്. നിമിഷങ്ങൾക്കകം സുരക്ഷയ്ക്കായി പൊലീസ് വാഹനം സംഭവസ്ഥലത്തെത്തുമെന്നും മറ്റുമായിരുന്നു പ്രഖ്യാപനം.
ബട്ടൺ പ്രവർത്തരഹിതമായതോടെ സഹായം തേടുന്നവരുടെ കാത്തിരിപ്പ് വെറുതേയാകുകയാണ്. വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ ഏതൊരാൾക്കും സഹായമഭ്യർത്ഥിക്കാനും കുറ്റകൃത്യങ്ങളെക്കുറിച്ചും കുറ്റവാളികളെക്കുറിച്ചുമുള്ള വിവരങ്ങൾ കൈമാറാനും ഇതിൽ സംവിധാനമുണ്ടായിരുന്നു.
കേരള സ്റ്റാർട്ട് അപ്പ് മിഷനു കീഴിലുള്ള ആർ ബട്ടൻ ടെക്‌നോളജി എന്ന സ്ഥാപനമാണ് റെഡ് ബട്ടൺ സംവിധാനം സജ്ജമാക്കിയത്. എന്നാൽ ഇ-ബീറ്റിന് പിന്നാലെ ലക്ഷങ്ങൾ ചെലവഴിച്ച റെഡ് ബട്ടണും നോക്കുകുത്തിയായി മാറിയ നിലയിലാണ്.