meen

 മലിനജലം റോഡിൽ ഒഴുക്കുന്നു

കൊല്ലം: മലിനജലം റോഡിലേക്കൊഴുക്കിയും അടച്ചുറപ്പില്ലാത്ത കാബിനുകളുമായി മത്സ്യവണ്ടികൾ മരണവണ്ടികളായിട്ടും അധികൃതർ കണ്ണടയ്ക്കുന്നു. മത്സ്യം കയറ്റി പോകുന്ന ഇൻസുലേറ്റഡ് വാനുകളിൽ മലിനജല സംഭരണികൾ സ്ഥാപിക്കണമെന്ന ഹരിത ട്രൈബ്യൂണൽ വിധി പാലിക്കാത്തതാണ് അപകടങ്ങൾക്ക് കാരണം.

റോഡിൽ മലിനജലം ഒഴുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹർജി ലഭിച്ചതിനെ തുടർന്ന് 2015 ജൂലായ് 2നാണ് ഹരിത ട്രൈബ്യൂണൽ ജസ്റ്റീസ് ചൊക്കലിംഗം മത്സ്യവാഹനങ്ങൾക്ക് മാനദണ്ഡം നിശ്ചയിച്ച് ഉത്തരവിറക്കിയത്. മൂന്ന് മാസത്തിനുള്ളിൽ നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചെങ്കിലും ഒന്നും നടപ്പായില്ല.

മലിനജല സംഭരണികൾ സ്ഥാപിച്ചിട്ടുള്ള വാഹനങ്ങളിൽ സംഭരണികളിൽ നിന്ന് റബർ പൈപ്പിലൂടെ മലിനജലം റോഡിലേയ്ക്ക് ഒഴുക്കുകയാണ് ചെയ്യുന്നത്. വാഹനം അടുത്തെത്തുമ്പോഴായിരിക്കും മലിനജലം വീഴാൻ സാദ്ധ്യതയുണ്ടെന്ന് മറ്റ് യാത്രക്കാർ മനസിലാക്കുക. വാഹനം പെട്ടെന്ന് വെട്ടിച്ചുമാറ്റുന്നതോടെ ഇരുചക്ര വാഹന യാത്രക്കാരുൾപ്പെടെ അപകടത്തിൽപ്പെടുന്നതും പതിവാണ്.

ഇത്തരം വാഹനങ്ങളുടെ പിന്നിലെ ടയറുകൾക്ക് പുറത്ത് ഇടതുവശത്ത് ചേസിന് അടിഭാഗത്തായി സംഭരണികൾ സ്ഥാപിക്കണമെന്നാണ് ട്രൈബ്യൂണൽ നിർദ്ദേശിച്ചിട്ടുള്ളത്. എന്നാൽ ഭൂരിഭാഗം വാഹനങ്ങളിലും ഇത് നടപ്പാക്കിയിട്ടില്ല.

 നിർദ്ദേശങ്ങൾ ഇങ്ങനെ

1. മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങൾ അടച്ചുറപ്പുള്ളതും ചോർച്ച ഇല്ലാത്തതുമായിരിക്കണം
2. ഉരുകിയ ഐസ് പുറത്തേയ്ക്ക് ഒഴുകാതിരിക്കാൻ പ്രത്യേക സംവിധാനം വേണം
3. മലിനജലം റോഡിലേയ്ക്ക് ഒഴുക്കാതെ പ്രത്യേക സംഭരണികളിൽ ശേഖരിക്കണം
4. വാഹനം സഞ്ചരിക്കുമ്പോൾ മലിനജലം പുറത്തേയ്ക്ക് ഒഴുകാതിരിക്കാൻ അടച്ചിടണം
5. മുൻനിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് മാത്രമേ മലിനജലം ഒഴുക്കാവൂ
6. മാർക്കറ്റുകളിൽ മലിനജല ടാങ്കുകൾ ഇല്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾ നിർമ്മിക്കണം
7. മാർക്കറ്റുകൾ, ഫിഷ് ലാൻഡിംഗ് സെന്ററുകൾ, ലേലഹാളുകൾ എന്നിവ ആധുനികവത്കരിക്കണം
8. ഇവപാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിരന്തരമായ ശ്രദ്ധ വേണം

9. നിർദ്ദേശം ലംഘിക്കുന്ന വാഹനങ്ങളുടെ യാത്രാനുമതി റദ്ദാക്കണം

 ഉത്തരവിറങ്ങിയത്: 2015 ജൂലായ് 2ന്

 വാഹനത്തിന്റെ ശേഷി: 1 ടൺ (എങ്കിൽ)

 സംഭരണി വേണ്ടത്: 50 ലിറ്റർ

''

ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് വാഹനങ്ങൾ ഹാജരാക്കുമ്പോൾ നിയമം പാലിക്കുന്നുണ്ട്. മലിനജലം റോഡിൽ ഒഴുക്കുന്ന വാഹനങ്ങൾക്കെതിരെ നടപടി ശക്തമാക്കും.

ആർ. രാജീവ്

ആ.ടി.ഒ, കൊല്ലം